വെബ്‌സൈറ്റുകളിലെ വീഡിയോ ഓട്ടോപ്ലേ സ്ഥിരമായി നിശബ്ദമാക്കിവെക്കാനുള്ള പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തി ക്രോം ഇന്റര്‍നെറ്റ് ബ്രൗസറിന്റെ പുതിയ പതിപ്പ് ഗൂഗിള്‍ പുറത്തിറക്കി. ക്രോം 64 ബ്രൗസറിന്റെ വിന്‍ഡോസ്, മാക്, ലിനക്‌സ് പതിപ്പുകളാണ് പുറത്തിറക്കിയത്. 

ഇതിനായി ഉപയോക്താക്കള്‍ സെര്‍ച്ച് ബോക്‌സിലെ വെബ്‌സൈറ്റ് യുആര്‍എലിന് തൊട്ടു മുമ്പില്‍ കാണുന്ന  'View Site Information' എന്ന ചിഹ്നത്തില്‍ ക്ലിക്ക് ചെയ്യുക.  അവിടെ ഓട്ടോമാറ്റിക് ആയി പ്ലേ ആവുന്ന വീഡിയോകള്‍ സ്ഥിരമായി നിശബ്ദമാക്കി വെക്കാനുള്ള ഓപ്ഷന്‍ കാണാം. നേരത്തെ ഉണ്ടായിരുന്ന മ്യൂട്ട് ടാബ് ഫീച്ചര്‍ താത്കാലികമായിരുന്നു. ഇതിന് പകരമാണ് പുതിയ ഫീച്ചര്‍.

കൂടാതെ ഹൈ ഡൈനാമിക് റേഞ്ച് ഇമേജിങ് സപ്പോര്‍ട്ടും ക്രോം 64 ബ്രൗസറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഫീച്ചര്‍ ലഭിക്കണമെങ്കില്‍ ഫാള്‍ ക്രിയേറ്റേഴ്‌സ് അപ്‌ഡേറ്റ്, എച്ച്ഡിആര്‍ സൗകര്യമുള്ള മോണിറ്റര്‍, ഗ്രാഫിക്‌സ് കാര്‍ഡ് എന്നിവ ഉള്ള കംപ്യൂട്ടറുകള്‍ ആവശ്യമാണ്. 

'മെല്‍റ്റ്ഡൗണ്‍', 'സ്‌പെക്ടര്‍' തുടങ്ങിയ പ്രൊസസര്‍ പ്രശ്‌നങ്ങള്‍ക്കെതിരെയുള്ള സുരക്ഷയും  പുതിയ ക്രോം ബ്രൗസറിന്റെ വിന്‍ഡോസ്, മാക് പതിപ്പുകളില്‍ അവതരിപ്പിച്ചിട്ടുണ്ട്.