പയോക്താക്കള്‍ക്ക് ശല്യമാകുന്ന വിധത്തിലുള്ള ഓണ്‍ലൈന്‍ പരസ്യങ്ങളെ തടയുന്നതിനായി ക്രോം ബ്രൗസറില്‍ ഗൂഗിള്‍ പുതിയ ആഡ് ബ്ലോക്കര്‍ സംവിധാനം അതരിപ്പിച്ചു. ഓട്ടോ പ്ലേ ചെയ്യുന്ന വീഡിയോ പരസ്യങ്ങളും ഫുള്‍പേജ് പരസ്യങ്ങളും നിയന്ത്രിക്കുന്നതിന് ആഡ് ബ്ലോക്കര്‍ അവതരിപ്പിക്കുമെന്ന് ഗൂഗിള്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു.

ഗൂഗിള്‍, ഫെയ്‌സ്ബുക്ക് ഉള്‍പ്പടെയുള്ള കമ്പനികള്‍ ചേര്‍ന്ന് തുടക്കം കുറിച്ച കോഅലിഷന്‍ ഫോര്‍ ബെറ്റര്‍ ആഡ്‌സ് (Coaliation for Better Ads- CBA) നിശ്ചയിക്കുന്ന പരസ്യങ്ങളാണ് ആഡ്‌ബ്ലോക്കര്‍ ഓണ്‍ലൈനില്‍ നിന്നും തടയുക. ബ്ലോക്ക് ചെയ്യുന്നത് ആരംഭിച്ച് 30 ദിവസം വരെ വെബ്‌സൈറ്റുകള്‍ക്ക് ആ പരസ്യം നീക്കം ചെയ്യാനുള്ള സമയം നല്‍കും. 

40,000 അമേരിക്കക്കാരിലും യൂറോപ്യന്‍മാരിലും നടത്തിയ സര്‍വേയില്‍ വെബ് പേജ് ഉള്ളടക്കം മറയ്ക്കുന്ന ഫുള്‍ പേജ് പരസ്യങ്ങളും അനിമേറ്റഡ് പരസ്യങ്ങളുമാണ് ആളുകള്‍ക്ക് ഏറെ ശല്യമാവുന്നത് എന്ന് ഗൂഗിള്‍ ബ്ലോഗില്‍ പറയുന്നു.

ബെറ്റര്‍ ആഡ്‌സ് നിബന്ധനകള്‍ പാലിക്കാത്ത പരസ്യങ്ങളെ ഗൂഗിള്‍ ക്രോം നേരിട്ട് ബ്ലോക്ക് ചെയ്യും. പരസ്യം ബ്ലോക്ക് ചെയ്ത കാര്യം ഉപയോക്താക്കളെ അറിയിക്കും. ബ്ലോക്ക് പിന്‍വലിക്കാന്‍ ഉപയോക്താവ് ആഗ്രഹിക്കുന്നുവെങ്കില്‍ അതിനുള്ള അനുവാദവും ഗൂഗിള്‍ നല്‍കുന്നുണ്ട്. ഈ തീരുമാനം പരസ്യ വ്യവസായ മേഖല പൊതുവെ അംഗീകരിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. 

അതേസമയം സിബിഎ ആഡ് ബ്ലോക്കര്‍ സംവിധാനത്തിന് ഒരുപാട് പരിമിതികളുണ്ടെന്നാണ് തേഡ് പാര്‍ട്ടി ആഡ്‌ബ്ലോക്കിങ് സ്ഥാപനമായ ആഡ് ബ്ലോക്കര്‍ പ്ലസ് പറയുന്നത്. 16.4 ശതമാനം പരസ്യങ്ങള്‍ മാത്രമേ ഇതുവഴി ബ്ലോക്ക് ചെയ്യപ്പെടുകയുള്ളൂവെന്നും ആഡ് ബ്ലോക്ക് പ്ലസ് അഭിപ്രായപ്പെടുന്നു. അതേസമയം ആഡ് ബ്ലോക്ക് പ്ലസ് വഴി 92.7 ശതമാനം പരസ്യങ്ങളും വിലക്കാനാവുമെന്നും കമ്പനി വക്താവ് കൂട്ടിച്ചേര്‍ത്തു.

Content Highlights: Google Chrome launches default ad-blocker