Google

ഗൂഗിള്‍ 2015 ല്‍ 78 കോടി 'മോശം പരസ്യങ്ങള്‍' ( bad ads ) തടഞ്ഞതായി വെളിപ്പെടുത്തല്‍. മാള്‍വെയറുകളും (ദുഷ്ടപ്രോഗ്രാമുകളും) ബോട്ടുകളും അടങ്ങിയ പരസ്യങ്ങളാണ് ഗൂഗിള്‍ തടഞ്ഞത്.

ഓണ്‍ലൈന്‍ പരസ്യങ്ങളുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ ചെറുക്കുന്നതിന്റെ ഭാഗമായാണ് സ്വന്തം പരസ്യശൃംഖലയില്‍ ഇത്രയും 'മോശപ്പെട്ട പരസ്യങ്ങള്‍' ബ്ലോക്ക് ചെയ്തതെന്ന് ഗൂഗിള്‍ ഔദ്യോഗിക ബ്ലോഗില്‍ അറിയിച്ചു. 

ഇത്തരം പരസ്യങ്ങളുടെ കാര്യത്തില്‍ 2014 നെ അപേക്ഷിച്ച് 50 ശതമാനം വര്‍ധനയാണ് കഴിഞ്ഞ വര്‍ഷമുണ്ടായതെന്ന് ഗൂഗിള്‍ പറയുന്നു. 

ഇന്റര്‍നെറ്റ് യൂസര്‍മാരുടെ സ്വഭാവം അനുകരിച്ച് തട്ടിപ്പിന് വഴിതുറക്കുന്ന സോഫ്റ്റ്‌വേര്‍ ആപ്ലിക്കേഷനുകളാണ് 'ബോട്ടുകള്‍' ( bots ) എന്നറിയപ്പെടുന്നത്. ബോട്ടുകളടങ്ങിയ പരസ്യങ്ങള്‍ക്കെതിരെ പ്രതിരോധം ശക്തിപ്പെടുത്തുമെന്ന് ഗൂഗിള്‍ പറഞ്ഞു.

'നിങ്ങള്‍ കാണുന്ന ഓരോ പരസ്യവും സ്വാഗതാര്‍ഹവും സഹായകരവുമാക്കാനാണ് ഞങ്ങളാഗ്രഹിക്കുന്നത്. അത് യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ ഞങ്ങള്‍ തുടരും' -ഗൂഗിള്‍ ആഡ്‌സ് ആന്റ് കൊമേഴ്‌സ് സീനിയര്‍ വൈസ് പ്രസിഡന്റ് ശ്രീധര്‍ രാമസ്വാമി ബ്ലോഗില്‍ വ്യക്തമാക്കി.

മാള്‍വെയറുകളടങ്ങിയ, വ്യാജഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്ന, സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തുന്ന, 'ഫിഷിങ്' ( phishing ) കെണികളുള്ള പരസ്യങ്ങളാണ് കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ തിരഞ്ഞുപിടിച്ച് ബ്ലോക്കിയത്. 

ഗൂഗിള്‍ കമ്പനിയില്‍ ആയിരത്തിലേറെ പേര്‍ ഈ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളതായി ബ്ലോഗ് പോസ്റ്റ് പറയുന്നു. ഇവരുടെ പ്രവര്‍ത്തനത്തിന്റെയും കമ്പ്യൂട്ടര്‍ ആല്‍ഗരിതങ്ങളുടെയും സഹായത്തോടെ മിക്ക മോശം പരസ്യങ്ങളും ആളുകളുടെ മുന്നിലെത്തും മുമ്പുതന്നെ തടയാന്‍ കഴിഞ്ഞു. 

ശ്രീധര്‍ രാമസ്വാമി നല്‍കിയ ചില കണക്കുകള്‍ ഇങ്ങനെ -

  • നയങ്ങള്‍ തെറ്റിച്ചതിന് 25,000 മൊബൈല്‍ ആപ്പുകളുടെ പരസ്യങ്ങള്‍ കാട്ടുന്നത് ഗൂഗിള്‍ നിര്‍ത്തിവെച്ചു.
  • ഗൂഗിളിന്റെ നയങ്ങള്‍ പിന്തുടരാതെ പരസ്യങ്ങള്‍ കാട്ടാന്‍ വെബ്ബ്‌സൈറ്റുകളില്‍ നിന്നും ഡെവലപ്പര്‍മാരില്‍ നിന്നും ലഭിച്ച 14 ലക്ഷം അപേക്ഷകള്‍ കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ നിരസിച്ചു. 
  • System Warning എന്നൊക്കെ തെറ്റായി കാണിച്ച് ക്ലിക്ക് ചെയ്യാന്‍ യൂസര്‍മാരെ പ്രേരിപ്പിക്കുന്ന 170 ലക്ഷം പരസ്യങ്ങള്‍ നിരസിക്കപ്പെട്ടു.
  • വ്യാജഉത്പന്നങ്ങള്‍ വില്‍ക്കാന്‍ ശ്രമിച്ച പതിനായിരത്തിലേറെ സൈറ്റുകളും 18,000 അക്കൗണ്ടുകളും സസ്‌പെന്‍ഡ് ചെയ്തു.
  • ഗൂഗിളിന്റെ നിയമാവലി ലംഘിച്ച് മെഡിക്കല്‍ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ ശ്രമിച്ച 125 ലക്ഷം പരസ്യങ്ങള്‍ ബ്ലോക്ക് ചെയ്തു. 
  • ശരീരഭാരം കുറയ്ക്കുമെന്ന് വ്യാജ അവകാശവാദമുന്നയിച്ച 30,000 ലേറെ സൈറ്റുകള്‍ നിരോധിച്ചു.
  • യൂസര്‍മാരുടെ സ്വകാര്യവിവരങ്ങള്‍ ഫിഷിങ് വഴി ചോര്‍ത്താന്‍ ശ്രമിച്ച 7000 സൈറ്റുകള്‍ നിരോധിക്കപ്പെട്ടു. 
  • വ്യാജസോഫ്റ്റ്‌വേറുകള്‍ വില്‍ക്കാനായി പരസ്യങ്ങള്‍ നല്‍കിയ 10,000 സൈറ്റുകള്‍ വിലക്കപ്പെട്ടു.