ന്യൂയോര്‍ക്ക്: ലോകത്തെ ഞെട്ടിച്ച സൈബര്‍ആക്രമണം നടത്തിയ വാനാക്രൈക്ക് ( WannaCry ) സമാനമായ മറ്റൊരു പ്രോഗ്രാമിനെ ഗവേഷകര്‍ കണ്ടെത്തി. കൂടുതല്‍ ശക്തനായ എറ്റേണല്‍റോക്ക്‌സ് ( EternalRocks ) എന്ന റാന്‍സംവെയറിനെയാണ് ( Ransomware ) ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

വാനാക്രൈക്ക് സമാനമായ വിന്‍ഡോസ് പിഴവാണ് ( Windows Vulnerability ) എറ്റേണല്‍റോക്ക്‌സും മുതലെടുക്കുന്നത്. വാനാക്രൈ മാല്‍വെയര്‍ വിന്‍ഡോസിലെ രണ്ടു പിഴവുകളാണ് മുതലെടുത്തിരുന്നതെങ്കില്‍ എറ്റേണല്‍ റോക്ക്‌സ് ഏഴ് പിഴവുകളാണ് ഉപയോഗപ്പെടുത്തുന്നത് എന്നുമാത്രം.

യുഎസ് ചാരസംഘടനയായ എന്‍എസ്എയുടെ ( National Security Agency ) എറ്റേണല്‍ബ്ലൂ ( EternalBlue ) എന്ന ടൂളാണ് വാനാക്രൈക്ക് ആധാരമായത്. വിന്‍ഡോസ് പിഴവ് മുതലെടുക്കാനായി എന്‍എസ്എ വികസിപ്പിച്ച ടൂള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തുകയായിരുന്നു.

എറ്റേണല്‍ബ്ലൂവിനൊപ്പം ഡബിള്‍പള്‍സര്‍ ( DoublePulsar ) എന്ന ടൂളും വാനാക്രൈ ഉപയോഗിച്ചിരുന്നു. ഇവയ്‌ക്കൊപ്പം എറ്റേണല്‍ചാമ്പ്യന്‍, എറ്റേണല്‍റൊമാന്‍സ് തുടങ്ങിയ മറ്റ് അഞ്ച് എന്‍എസ്എ ടൂളുകളും ഉപയോഗിച്ചാണ് എറ്റേണല്‍റോക്ക്‌സ് പ്രവര്‍ത്തിക്കുന്നത്.

ക്രൊയേഷ്യന്‍ സര്‍ക്കാരിന്റെ കംപ്യൂട്ടര്‍ എമര്‍ജെന്‍സി ( CERT ) റെസ്‌പോണ്‍സ് ടീം വിദഗ്ധനും സൈബര്‍ സുരക്ഷാ ഉപദേഷ്ടാവുമായ മിറോസ്ലാവ് സ്റ്റാംപറാണ് ( Mirozlav Stampar ) എറ്റേണല്‍റോക്ക്‌സിനെ തിരിച്ചറിഞ്ഞിരിക്കുന്നത്.

നിലവില്‍ എറ്റേണല്‍റോക്ക്‌സ് ഏതെങ്കിലും തരത്തിലുള്ള ക്ഷുദ്രപ്രവര്‍ത്തനം നടത്തിയതായി റിപ്പോര്‍ട്ടില്ല. എന്നാല്‍, ഭാവിയിലെ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഈ പ്രോഗ്രാം കാരണമായേക്കാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

വാനാക്രൈ പോലെ ഒഴിവാക്കാനാകുന്നതാവില്ല പുതിയ പ്രോഗ്രാം ഉപയോഗിച്ചുള്ള ആക്രമണം എന്ന് ഗവേഷകര്‍ പറയുന്നു. വാനാക്രൈയില്‍ പ്രയോഗിച്ച 'കില്‍ സ്വിച്ച്' പോലുള്ള സംവിധാനങ്ങള്‍ ഇതില്‍ പ്രവര്‍ത്തിക്കാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

Read | കംപ്യൂട്ടര്‍ വൈറസുകള്‍ മോചനദ്രവ്യം ആവശ്യപ്പെടുമ്പോള്‍

ലോകത്തെ 150 രാജ്യങ്ങളിലായി മൂന്ന് ലക്ഷത്തോളം കംപ്യൂട്ടറുകളെയാണ് വാനാക്രൈ റാന്‍സംവെയര്‍ ആക്രമിച്ചത്. ലോകം കണ്ടതില്‍ വച്ച് ഏറ്റവും വ്യാപകമായ സൈബര്‍ ആക്രമണമായിരുന്നു ഇത്.

കംപ്യൂട്ടറുകളിലെ ഫയലുകള്‍ എന്‍ക്രിപ്റ്റ് ചെയ്ത ശേഷം അവ തിരികെ നല്‍കാന്‍ മോചനദ്രവ്യം ആവശ്യപ്പെടുകയാണ് ഹാക്കര്‍മാര്‍ ചെയ്തത്. ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്‌കോയിന്‍ ( Bitcoin ) വഴിയാണ് ഹാക്കര്‍മാര്‍ പണം ആവശ്യപ്പെടുന്നത് എന്നതിനാല്‍ ഇവരെ കണ്ടെത്തുന്നതും ദുഷ്‌കരമാണ്.