വിശ്വാസ്യയോഗ്യമായ വാര്‍ത്തകള്‍ ലഭിക്കണമെങ്കില്‍ മാധ്യമങ്ങള്‍ക്ക് ഫെയ്സ്ബുക്ക് തക്കതായ പ്രതിഫലം നല്‍കണമെന്ന് മാധ്യമ ഭീമന്‍ റൂപെര്‍ട്ട് മര്‍ഡോക്. ഫെയ്സ്ബുക്കിന്റെ മൂല്യവും സമഗ്രതയും വര്‍ധിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ വലിയ പങ്കു വഹിക്കുന്നുണ്ട് എന്നാല്‍ ആ സേവനത്തിന് തക്കതായ പ്രതിഫലം ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസ്യയോഗ്യമായ മാധ്യമങ്ങളെ തിരിച്ചറിയണമെങ്കില്‍ ഫെയ്സ്ബുക്ക് ആ മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ക്കുള്ള പണം നല്‍കാന്‍ തയ്യാറാവണം. കേബിള്‍ സേവനദാതാക്കള്‍ ചെയ്യുന്നപോലെ ഫെയ്സ്ബുക്ക് വഴി പങ്കുവെക്കപ്പെടുന്ന മാധ്യമ വാര്‍ത്തകള്‍ക്ക് കമ്പനി കാര്യേജ് ഫീ നല്‍കാന്‍ തയ്യാറാവണമെന്നാണ് മര്‍ഡോക്കിന്റെ നിര്‍ദ്ദേശം.

വാര്‍ത്തകളിലൂടെയും മറ്റ് ഉള്ളടക്കങ്ങളിലൂടെയും ഫെയ്സ്ബുക്കിന്റെ മൂല്യവും സമഗ്രതയും വര്‍ധിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. എന്നാല്‍ ആ സേവനത്തിന് തക്കതായ പ്രതിഫലമൊന്നും അവര്‍ക്ക്  ലഭിക്കുന്നുമില്ല. മര്‍ഡോക് പറയുന്നു.

മാധ്യമസ്ഥാപനങ്ങളില്‍നിന്നും ബ്രാന്‍ഡുകളില്‍നിന്നും വ്യവസായ സ്ഥാപനങ്ങളില്‍നിന്നുമെല്ലാമുള്ള പൊതുസ്വഭാവമുള്ള പോസ്റ്റുകള്‍ നിയന്ത്രിച്ച് സുഹൃത്തുക്കളും ബന്ധുക്കളും ഇടപെടുകയും പങ്കുവെക്കുകയും ചെയ്യുന്ന പോസ്റ്റുകള്‍ക്ക് ന്യൂസ് ഫീഡില്‍ പ്രാധാന്യം നല്‍കുമെന്നു ഫെയ്സ്ബുക്ക് പ്രഖ്യാപിച്ചിരുന്നു. 

വിശ്വാസ്യയോഗ്യമായ വാര്‍ത്തകള്‍ കണ്ടെത്തുന്നതിനും അത്തരം വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമസ്ഥാപനങ്ങളെ തിരിച്ചറിയുന്നതിനുമായി ഉപയോക്താക്കള്‍ക്കിടയില്‍ സര്‍വേ നടത്തുമെന്നും ഫെയ്സ്ബുക്ക് പ്രഖ്യാപിച്ചു. ഇതിന് പിന്നാലെയാണ് ആഗോള മാധ്യമരംഗത്തെ പ്രധാനിയായ റുപേര്‍ട് മര്‍ഡോക് പുതിയ നിര്‍ദ്ദേശവുമായി രംഗത്ത് വന്നിരിക്കുന്നത്. ഗൂഗിളിനും സമാനമായ നിര്‍ദ്ദേശം മര്‍ഡോക് നല്‍കുന്നുണ്ട്.

ഫേയ്സ്ബുക്കും ഗൂഗിളും തന്നെയാണ് ലാഭത്തിന് വേണ്ടി അവരവരുടെ അല്‍ഗോരിതങ്ങളിലൂടെ മോശം വാര്‍ത്താ ഉറവിടങ്ങളെ ജനപ്രിയമാക്കിയത്. പ്രശ്നം തിരിച്ചറിയുക എന്നതാണ് പരിഹാരത്തിലേക്കുള്ള ആദ്യ പടി. എന്നാല്‍ ഇരു കമ്പനികളും ഇത്രയും കാലം മുന്നോട്ടുവെച്ച പരിഹാരമാര്‍ഗങ്ങള്‍ സാമ്പത്തികമായും സാമൂഹികമായും വാര്‍ത്താപരമായും അപര്യാപ്തമാണ്.

ഫെയ്സ്ബുക്കും ഗൂഗിളും മര്‍ഡോകിന്റെ പ്രസ്താവനയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്തായാലും മാധ്യമ വാര്‍ത്തകളുടെ വിതരണവുമായി ബന്ധപ്പെട്ടുള്ള ഫെയ്സ്ബുക്കിന്റെ നീക്കങ്ങള്‍ മര്‍ഡോക്കിന്റെ ന്യൂസ് കോര്‍പ്പറേഷന്‍ ഉള്‍പ്പടെയുള്ള മാധ്യമസ്ഥാപനങ്ങള്‍ നിരീക്ഷിച്ചുവരികയാണ്.

Content Highlights: Facebook should pay 'trusted' news outlets says Rupert Murdoch, Mark Zuckerberg