ദേശീയ എന്‍ക്രിപ്ഷന്‍ നയത്തിന്റെ കരട് രേഖ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും പിന്‍വലിച്ചു. കരട് നടത്തിലെ വ്യവസ്ഥകള്‍ വന്‍പ്രതിഷേധത്തിന് വഴിവെച്ചതിനെ തുടര്‍ന്നാണ് ഈ നടപടി. 

 

ഐടി മേഖലയില്‍ എന്‍ക്രിപ്ഷന്‍ നല്‍കുന്ന സേവനങ്ങള്‍ ഉപയോക്താക്കളുടെ രഹസ്യരേഖകളോടൊപ്പം എന്‍ക്രിപ്റ്റ് ചെയ്യാത്ത പകര്‍പ്പും 90 ദിവസത്തേക്ക് സൂക്ഷിക്കണമെന്നും, ഇക്കാലയളവില്‍ സര്‍ക്കാര്‍ഏജന്‍സികള്‍ ആവശ്യപ്പെട്ടാല്‍ ഡേറ്റ നല്‍കുകയും വേണമെന്ന വ്യവസ്ഥയുള്ള കരട് നയമാണ് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്. 

 

വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ സര്‍വീസുകളെയും, ബാങ്കിങ് സേവനങ്ങള്‍, മറ്റു പാസ്‌വേഡ് കൈമാറ്റ സംവിധാനങ്ങള്‍ എന്നിവയെയും കരട് എന്‍ക്രിപ്ഷന്‍ പോളിസിയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് പിന്നീട് കേന്ദ്ര ഐടി വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. അതിന് ശേഷമാണ് കരട് നയം പൂര്‍ണമായും പിന്‍വലിക്കാന്‍ തീരുമാനിച്ചത്. 

 

ഇപ്പോഴുയര്‍ന്ന പ്രതിഷേധത്തിലെ വസ്തുതകളും ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ സുരക്ഷയും പരിഗണിച്ച് പുതിയ കരട് നയം പിന്നീട് അവതരിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 

 

രഹസ്യവിവരങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ളതാണ് എന്‍ക്രിപ്ഷന്‍. ഇന്റര്‍നെറ്റില്‍ ഹാക്കര്‍മാരുടെ ശല്യം തടയാന്‍ ഇത് വളരെയേറെ സഹായകമാണ്. എന്നാല്‍ എന്‍ക്രിപ്ഷന്‍ സേവനങ്ങള്‍ സര്‍ക്കാരുമായി ധാരണയിലെത്തണം എന്നതായിരുന്നു കേന്ദ്ര ഇലക്ട്രോണിക്‌സ് & ഐ.ടി. വകുപ്പ് പുറത്തുവിട്ട കരടുനയത്തിലെ ഉള്ളടക്കം.

 

ഇതുപ്രകാരം എന്‍ക്രിപ്ഷന്‍ നല്‍കുന്ന സേവനങ്ങള്‍ ഉപയോക്താക്കളുടെ രഹസ്യരേഖകളോടൊപ്പം എന്‍ക്രിപ്റ്റ് ചെയ്യാത്ത പകര്‍പ്പും 90 ദിവസത്തേക്ക് സൂക്ഷിക്കണം. ഇക്കാലയളവില്‍ സര്‍ക്കാര്‍ഏജന്‍സികള്‍ ആവശ്യപ്പെട്ടാല്‍ നല്‍കുകയും വേണം. 

 

സുരക്ഷാവിദഗ്ധരെ ഇത് ഏറെ അസ്വസ്ഥരാക്കി. പാസ്‌വേഡുകളും സോഷ്യല്‍ മീഡിയയിലെ മെസേജുകളുമെല്ലാം ഇതിന്റെ പരിധിയില്‍ വരുമെന്നതായിരുന്നു ഭയം.

 

ഇന്ത്യയിലെ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും എന്‍.എസ്.എ.യുടെ സ്വഭാവം വരുന്നുണ്ടോ എന്ന ചോദ്യമുയരുകയാണ്. അതേസമയം തീവ്രവാദവും മറ്റും തടയാന്‍ മറ്റെന്താണ് വഴി എന്ന മറുചോദ്യവുമുണ്ട്.