ബെംഗളൂരു: ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ മാതൃകയില്‍ രാജ്യത്ത് ഇന്റര്‍നെറ്റ് അതോറിറ്റി ഓഫ് ഇന്ത്യ ഉടന്‍ നിലവില്‍വന്നേക്കും. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനും സുരക്ഷ ഉറപ്പാക്കാനുമുള്ള മാര്‍ഗം നിര്‍ദേശിക്കാന്‍ കേന്ദ്രം നിയോഗിച്ച വിദഗ്ധസമിതിയാണ് ഇക്കാര്യം സൂചിപ്പിച്ചത്. 

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ സൈബര്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കുകയാവും അതോറിറ്റിയുടെ പ്രധാന ഉത്തരവാദിത്വം. 

വിദഗ്ധസമിതി അംഗങ്ങളായ ഗ്ലോബല്‍ സൈബര്‍ സെക്യൂരിറ്റി റെസ്‌പോണ്‍സ് ടീം സി.ഇ.ഒ. ശുഭമംഗള സുനില്‍, നാഷണല്‍ സൈബര്‍ സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി സ്റ്റാന്‍ഡേര്‍ഡ്‌സ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഡോ. അമര്‍പ്രസാദ് റെഡ്ഡി എന്നിവര്‍ ബെംഗളൂരുവില്‍ പത്രസമ്മേളനത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.

കുട്ടികള്‍ ഉള്‍പ്പെടുന്ന ചില അശ്ലീല വെബ്‌സൈറ്റുകള്‍ കേന്ദ്രം നേരത്തേ നിരോധിച്ചിരുന്നു. തുടര്‍ന്ന് അശ്ലീലസെറ്റുകള്‍ മുഴുവനായി നിരോധിക്കാന്‍ കേന്ദ്രം ശ്രമിക്കുന്നുവെന്നും ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തിലും വ്യക്തിസ്വാതന്ത്ര്യത്തിലും സര്‍ക്കാര്‍ കടന്നുകയറുന്നുവെന്നും സമൂഹ മാധ്യമങ്ങള്‍ വന്‍ വിമര്‍ശം ഉന്നയിച്ചു. 

ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കുകയാണ് അതോറിറ്റികൊണ്ട് കേന്ദ്രം ഉദ്ദേശിക്കുന്നത്. ഇന്ത്യയില്‍ സ്ത്രീകളാണ് അശ്ലീല സൈറ്റുകള്‍ കൂടുതല്‍ ഉപയോഗിക്കുന്നതെന്ന കണ്ടെത്തല്‍ തെറ്റാണെന്ന് ഡോ. അമര്‍പ്രസാദ് റെഡ്ഡി പറഞ്ഞു. 

ഇന്റര്‍നെറ്റ് നിരീക്ഷണസംവിധാനത്തിന്റെ രൂപരേഖ ഏതാണ്ട് പൂര്‍ത്തിയായതായും കര്‍ണാടക അടക്കം 18 സംസ്ഥാനങ്ങളുമായി ചര്‍ച്ചനടത്തിവരികയാണെന്നും വിദഗ്ധസംഘം പറഞ്ഞു. 

സംസ്ഥാനതലത്തിലും കേന്ദ്രതലത്തിലും നിരീക്ഷണ സെല്ലുകള്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. ഇന്ത്യയിലേക്കുവരുന്ന അശ്ലീല വീഡിയോകളില്‍ കൂടുതലും പാകിസ്താനില്‍നിന്നും ബംഗ്ലാദേശില്‍നിന്നുമാണെന്നും അവര്‍ വെളിപ്പെടുത്തി.