Ashley Madison

ഒട്ടേറെപ്പേരുടെ ഉറക്കംകെടുത്തിയ ഓണ്‍ലൈന്‍ സര്‍വീസാണ് 'ആഷ്‌ലി മാഡിസന്‍'. വിവാഹേതരബന്ധങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരമൊരുക്കിക്കൊടുക്കുന്ന സൈറ്റ്. 

 

ആ സൈറ്റ് വഴി അവിഹിതത്തിന് പോയവരുടെ ഉറക്കമാണ് ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നത്. കാരണം, സൈറ്റിലെ 3.7 കോടി അംഗങ്ങളുടെ വിവരങ്ങള്‍ മുഴുവന്‍ ഹാര്‍ക്കര്‍മാര്‍ ചോര്‍ത്തിയിരിക്കുന്നു!

 

ക്യാനഡ കേന്ദ്രമായുള്ള 'ആവിഡ് ലൈഫ് മീഡിയ' ആണ് 'ആഷ്‌ലി മാഡിസ'ന്റെ മാതൃസ്ഥാപനം. വിവാഹിതരായവര്‍ക്കുള്ള ഡേറ്റിങ് സര്‍വീസാണ് ആഷ്‌ലി മാഡിസന്‍. 2001 ല്‍ ആരംഭിച്ച സൈറ്റിന്റെ മുദ്രാവാക്യം തന്നെ 'Life is short. Have an affair' എന്നാണ്. 

 

പ്രതിമാസം 12.4 കോടി സന്ദര്‍ശകരുള്ള ഈ സൈറ്റിലെ അംഗങ്ങളുടെ സ്വകാര്യ വിവരങ്ങളാണ് 'ദി ഇംപാക്ട് ടീം' ( The Impact Team ) എന്ന ഹാക്കര്‍ഗ്രൂപ്പ് ചോര്‍ത്തിയിരിക്കുന്നത്. സൈറ്റ് അടച്ചുപൂട്ടിയില്ലെങ്കില്‍, ഇതിലെ അംഗങ്ങളുടെ നഗ്നചിത്രങ്ങളും ഫാന്റസികളുമെല്ലാം പരസ്യപ്പെടുത്തുമെന്നാണ് ഭീഷണി.

 

ആവിഡ് മീഡിയ സിസ്റ്റംസിന്റെ പക്കല്‍നിന്ന് കസ്റ്റമര്‍ ഡേറ്റാബേസും സോഴ്‌സ് കോഡും സാമ്പത്തിക റിക്കോര്‍ഡുകളും ഈമെയിലുകളുമെല്ലാം ഹാക്കര്‍ഗ്രൂപ്പ് ചോര്‍ത്തി. 

 

അംഗങ്ങളുടെ പേരുകളും ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളും സോഴ്‌സ്‌കോഡുമുള്‍പ്പടെ 30 ജിബി ഡേറ്റ ഇതിനകം ഹാക്കര്‍മാര്‍ പുറത്തുവിട്ടുകഴിഞ്ഞു. ചോര്‍ത്തിയ ഡേറ്റ ഇനിയുമുണ്ടെന്നും, അതില്‍ 300 ജിബിയോളം ഈമെയിലുകളും ഡോക്‌സ് ഫയലുകളും ഉള്‍പ്പെടുന്നതായി, ഹാക്കര്‍മാരെ ഉദ്ധരിച്ച് 'മദര്‍ബോര്‍ഡ്' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. 

 

ജീവിതപങ്കാളികളെ വഞ്ചിക്കുന്ന 3.7 കോടി പേരുടെ വിവരങ്ങളാണ് ചോര്‍ന്നിട്ടുള്ളത്. അതില്‍ അമേരിക്ക, യൂറോപ്പ് തുടങ്ങിയ പ്രദേശങ്ങളില്‍നിന്നുള്ള ഒട്ടേറെ പ്രമുഖരും ഉള്‍പ്പെടുന്നു. അക്കൂട്ടത്തില്‍ ഇന്ത്യക്കാരും കുറവല്ലെന്നാണ് റിപ്പോര്‍ട്ട്. 

 

ആഷ്‌ലി മാഡിസന്‍ ഇന്ത്യയില്‍ സര്‍വീസ് തുടങ്ങിയത് 2014 ജനവരിയില്‍ അധികം പ്രചാരണം നല്‍കാതെയാണ്. 2.75 ലക്ഷം ഇന്ത്യക്കാര്‍ അതില്‍ അംഗത്വമെടുത്തിട്ടുള്ളതായി 'ടൈംസ് ഓഫ് ഇന്ത്യ' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. ഡേറ്റാബേസ് മുഴുവന്‍ ചോര്‍ത്തിയതിനാല്‍, ഇത്രയും ഇന്ത്യന്‍ ഉപയോക്താക്കള്‍ ഭീഷണിയിലാണെന്ന് സാരം. 

 

മനുഷ്യക്കടത്ത് ഉള്‍പ്പടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ആഷ്‌ലി മാഡിസന്‍ ഒത്താശ ചെയ്യുന്നു എന്നാണ് ഹാക്കര്‍മാരുടെ ആരോപണം. 'ലഹരിക്കടിമകളായവരെ ചൂഷണം ചെയ്യുന്ന മയക്കുമരുന്ന് കച്ചവടക്കാരെപ്പോലെയാണ് അവിഡ് ലൈഫ് മീഡിയ പ്രവര്‍ത്തിക്കുന്നതെ'ന്ന് ഹാക്കര്‍മാരെ ഉദ്ധരിച്ച് 'മദര്‍ബോര്‍ഡ്' റിപ്പോര്‍ട്ട് ചെയ്തു.