ന്യൂഡല്‍ഹി:  ഇന്റര്‍നെറ്റ് മുഖേനെയുള്ള ഫോണ്‍കോളുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താമെന്നും എന്നാല്‍ ഇന്റര്‍നെറ്റ് സമത്വം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും ടെലികോം അതോറിറ്റി നിയോഗിച്ച കമ്മിറ്റിയുടെ നിര്‍ദ്ദേശം. 

 

എ.കെ. ഭാര്‍ഗവയുടെനേതൃത്വത്തിലുള്ള ആറംഗ ട്രായ് സമിതിയാണ് ഇന്റര്‍നെറ്റ് അവസര സമത്വത്തെക്കുറിച്ച് പഠിച്ച് 24 നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. ഫെയ്‌സ്ബുക്കിന്റെ 'ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ്' പോലുള്ള പദ്ധതികളെ സമിതി എതിര്‍ത്തിട്ടുണ്ട്. മൊബൈല്‍ ഡാറ്റാ ചാര്‍ജ്ജ് ഇല്ലാതെ തന്നെ ചില വെബ്‌സൈറ്റുകള്‍ ഉപയോഗിക്കാവുന്ന സംവിധാനമാണ് ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ്. 

 

സ്‌കൈപ്പ്, വാട്‌സ്ആപ്, വൈബര്‍ തുടങ്ങിയ ഇന്റര്‍നെറ്റിലെ സൗജന്യ വോയിസ് കോള്‍ സേവനങ്ങള്‍ക്ക് നിയന്ത്രണമാകാമെങ്കിലും ഓവര്‍ ദി ടോപ്പ് (ഒ.ടി.ടി.) മുഖേനെയുള്ള മെസേജിങ് സംവിധാനങ്ങളെ നിയന്ത്രിക്കരുതെന്നും നിര്‍ദ്ദേശങ്ങളിലുണ്ട്. 

 

വാട്ട്‌സ്ആപ്പ് പോലുള്ള സര്‍വീസുകളുപയോഗിച്ചുള്ള അന്താരാഷ്ട്ര കോളുകള്‍ക്ക് ഇളവുകള്‍ അനുവദിക്കാമെങ്കിലും, രാജ്യത്തിനകത്തുള്ള കോളുകള്‍ക്ക്  സാധാരണ ടെലികോം സേവനദാതാക്കള്‍ ഈടാക്കുന്ന തുക തന്നെ ഈടാക്കാമെന്ന് ശുപാര്‍ശയില്‍ പറയുന്നു. ഒ.ടി.ടി സേവന ദാതാക്കളെ ടെലികോം റഗുലേറ്ററിയുടെ കീഴില്‍ കൊണ്ടുവരാനും നിര്‍ദ്ദേശമുണ്ട്. 

 

സമിതിയുടെ നിര്‍ദ്ദേശങ്ങളിന്മേല്‍ ആഗസ്ത് 15 വരെ പൊതുജങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം. 

 

എല്ലാ ഇന്റര്‍നെറ്റ് ട്രാഫിക്കുകളും ഒരേ കണ്ണില്‍ പരിഗണിക്കണമെന്നതാണ് നെറ്റ് സമത്വത്തിന്റെ അടിസ്ഥാനം.എയര്‍ടെല്‍ അവതരിപ്പിച്ച 'എയര്‍ടെല്‍ സീറോ' പദ്ധതിയാണ് രാജ്യത്ത് നെറ്റ് സമത്വത്തിന്റെ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ഈ പദ്ധതിയില്‍ ഉപഭോക്താക്കള്‍ക്ക് ചില വെബ്‌സൈറ്റുകള്‍ സൗജന്യമായി ഉപയോഗിക്കാം. 

 

എന്നാല്‍ ഈ പദ്ധതിയില്‍ ചേരാന്‍ വെബ് സൈറ്റുകളില്‍ നിന്ന് എയര്‍ടെല്‍ തുക ഈടാക്കുകയും ചെയ്യും. ഇത് വിവാദമായതോടെ ക്ലിയര്‍ ട്രിപ്പ്, ഫ് ളിപ്കാര്‍ട്ട്, എന്‍ഡിടിവി, ന്യൂസ് ഹണ്ട്, ടൈംസ് ഗ്രൂപ്പ് തുടങ്ങിയവര്‍ ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് ഉപേക്ഷിച്ചിരുന്നു

 

ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ മുന്നോട്ട് വയ്ക്കുന്ന 'പലസേവനങ്ങള്‍ക്കും പലനിരക്ക് സംവിധാന'ത്തിന്റെ സാധ്യതയെപ്പറ്റി ടെലകോം നിയന്ത്രണാധികാരിയായ ട്രായ് മാര്‍ച്ച് 27 മുതല്‍ അഭിപ്രായങ്ങള്‍ ക്ഷണിച്ചിരുന്നു. നെറ്റ്‌സമത്വവുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയവരുടെ പേരുവിവരങ്ങളും ഈമെയില്‍ വിലാസവും ടെലികോം അതോറിറ്റി പുറത്തുവിട്ടത് പിന്നീട് വിവാദമായി.

 

എ.കെ. ഭാര്‍ഗവയുടെ നേതൃത്വത്തിലുള്ള സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ രൂപത്തില്‍ വായിക്കാം.