'top10 criminals' എന്ന് ഗൂഗിളില്‍ പരതിയാല്‍ ആദ്യം വരുന്ന റിസള്‍ട്ട് നരേന്ദ്ര മോദിയുടേത് ആയത് പലരും കാര്യമായിത്തന്നെ ആഘോഷിച്ചു. ഗൂഗിളിനെക്കുറിച്ച് അല്‍പ്പമെങ്കിലും അറിയാവുന്നവര്‍ അത് കാര്യമാക്കിയില്ലെങ്കിലും, പലരും അറിഞ്ഞു കൊണ്ടുതന്നെ തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ ഇത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു.

 

ലിങ്കുകളുടെ മഹാസമുദ്രത്തില്‍നിന്ന് ഗൂഗിള്‍ ഒരു സേര്‍ച്ച് റിസള്‍ട്ട് ലഭ്യമാക്കുന്നത് ഇരുന്നൂറിലധികം അനുബന്ധഘടകങ്ങളുടെ അടിസ്ഥാനത്തിലാണ്. പേജ്‌റാങ്ക്, ഡൊമൈന്‍ നേം, സോഷ്യല്‍ മീഡീയാ പ്രസന്‍സ്, തലക്കെട്ട്, മെറ്റാ ഡാറ്റ, സമയം, രാജ്യം, കുക്കീസ്... തുടങ്ങിയവ അതില്‍ ചിലതു മാത്രം.

 

ഈ ഇരുനൂറിലധികം ഘടകങ്ങള്‍ ഏതെല്ലാം ചേരുവയിലാണ് ചേര്‍ക്കപ്പെടുന്നത് എന്നകാര്യം ഗൂഗിളിന്റെ തലപ്പത്തിരിക്കുന്നവര്‍ക്ക് മാത്രം അറിയാവുന്ന ബിസിനസ് രഹസ്യമാണ്. കാലോചിതമായി ഇതിനു മാറ്റങ്ങള്‍ വരുത്താറുണ്ട്. 

 

'ഗൂഗിള്‍ ബൊട്ട്' എന്ന ഗൂഗിളിന്റെ സേര്‍ച്ച് എഞ്ചിന്‍ ചിലന്തി ( Search Engine Spider ) ഒരു പേജില്‍ പരതി അതിലെ വിവരങ്ങള്‍ പട്ടിക തിരിച്ച്  ഗൂഗിളിന്റെ ഡാറ്റാബേസിലേക്ക് ചേര്‍ക്കുന്നു. ഈ പ്രക്രിയയെ ഇന്‍ഡക്‌സിങ് എന്നു വിളിക്കാം. 

 

ഒരു പ്രത്യേക പദം ഗൂഗിളില്‍ തിരയുമ്പോള്‍ അതിനനുസരിച്ച് ഉപയോക്താക്കള്‍ക്ക് ദൃശ്യമാക്കുന്നത് ഈ ഡാറ്റാബേസില്‍ നിന്നാണ്. ഏത് ക്രമത്തിലാണ് ഇങ്ങനെയുള്ള ഓരോ ലിങ്കുകളും കാണിക്കേണ്ടത് എന്നത് നേരത്തെ സൂചിപ്പിച്ച സേര്‍ച്ച്എഞ്ചിന്‍ റാങ്കിങിനെ അടിസ്ഥാനമാക്കിയും.

 

ഗൂഗിളിന്റെ ഈ രഹസ്യങ്ങള്‍ കൂലങ്കഷമായി വിലയിരുത്തി പഠിച്ച് ഒരു വെബ്‌ലിങ്കിനെ ഒരു പ്രത്യേക വാക്ക്/ വാചകം തിരയുമോള്‍ തിരച്ചില്‍ ഫലങ്ങളില്‍ ഒന്നാമതെത്തിക്കുന്ന പ്രക്രിയയെ 'സേര്‍ച്ച് എഞ്ചിന്‍ ഒപ്റ്റിമൈസേഷന്‍' ( SEO ) എന്നു വിളിക്കുന്നു. ഇതിപ്പോള്‍ ഒരു മള്‍ട്ടി മില്ല്യണ്‍ ഡോളര്‍ ബിസിനസ് ആണ്.

 

ടോപ് 10 ക്രിമിനല്‍സിലേക്ക് തിരിച്ചു വരാം. എന്തുകൊണ്ടായിരിക്കാം ടോപ്പ് 10 ക്രിമിനല്‍സ് എന്ന് പരതുമ്പോള്‍ നരേന്ദ്രമോദിയുടെ ചിത്രങ്ങള്‍ ഒന്നാമതെത്തുന്നത്?

 

നേരത്തെ സൂചിപ്പിച്ചതുപോലെ ഈ സേര്‍ച്ച് റിസള്‍ട്ടുകളില്‍ ആദ്യം വരുന്ന ചിത്രങ്ങളിലെ ലിങ്കുകള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാം അവയൊന്നും പ്രസ്തുത വിഷയം പ്രതിപാദിക്കുന്നവയല്ലെന്ന്. 

 

അപ്പോള്‍ തെറ്റ് സംഭവിച്ചതാര്‍ക്ക് സംശയിക്കേണ്ട ഗൂഗിളിനു തന്നെ. അത്തരത്തിലുള്ള ഒരു ലിങ്ക് പരിശോധിക്കാം 
http://www.dnaindia.com/india/report-will-ask-sc-to-set-up-special-courts-to-deal-with-politicians-with-criminal-backgrounds-narendra-modi-1979093 

 

top10 criminals, Google Search

 

'ഡിഎന്‍എ ഇന്ത്യ'യിലെ ലേഖനമാണിത്. ഇതില്‍ എവിടെയെങ്കിലും നരേന്ദ്രമോദി ക്രിമിനല്‍ ആണെന്ന സൂചനയുണ്ടോ? പക്ഷേ ഗൂഗിള്‍ ഈ പേജിനെ Narendra Modi, Criminal എന്ന പദങ്ങളുമായി ബന്ധിപ്പിച്ച് ഗൂഗിള്‍ ഡാറ്റാബേസില്‍ ചേര്‍ത്തിരിക്കുന്നു. ഇതേ വാര്‍ത്ത പല അന്താരാഷ്ട്ര മാധ്യമങ്ങളിലും തലക്കെട്ടായിട്ടുണ്ട്. 

 

'ഡിഎന്‍എ ഇന്ത്യ' ഉള്‍പ്പെടെയുള്ള പ്രമുഖ മാധ്യമസ്ഥാപനങ്ങളുടെ വെബ് സൈറ്റുകള്‍ക്കെല്ലാം ഗൂഗിള്‍ ആധികാരികതയുടെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന റാങ്ക് നല്‍കാറുണ്ട്. ഇവിടെ Top 10 Criminals എന്ന തലക്കെട്ടില്‍ ഉയര്‍ന്ന റാങ്കുള്ള വെബ്‌സൈറ്റുകളില്‍ ലേഖനങ്ങള്‍ ലഭ്യമല്ലാതിരിക്കുന്ന സ്ഥിതിക്ക് criminals എന്ന പദവുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍ ഗൂഗിളിന്റെ എഞ്ചിന്‍ തെരഞ്ഞെടുത്ത് ദൃശ്യമാക്കുന്നു. അതാണ് ഇവിടെയും സംഭവിച്ചത്.  

 

ഗൂഗിള്‍ ലേഖനങ്ങള്‍ ഇന്‍ഡക്‌സ് ചെയ്യുമ്പോള്‍ തലക്കെട്ടുകളില്‍ വരുന്ന വാക്കുകള്‍ക്കും വെബ്‌പേജുകള്‍ നല്‍കുന്ന മെറ്റാ ഡാറ്റ (സേര്‍ച്ച് എഞ്ചിനുകളോടെ പ്രസ്തുത വെബ് പേജ് ഏതു വിഷയത്തെ അടിസ്ഥാനമാക്കിയാണെന്ന് സൂചന നല്‍കുന്ന വിവരങ്ങള്‍) മുന്‍ഗണന നല്‍കാറുണ്ട്. പക്ഷേ ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമിന്റേതായ പരിമിതികളാണ് ഇവിടെ വില്ലനാകുന്നത്. 

 

വെളുക്കാന്‍ തേച്ചത് പാണ്ടാകുന്നു

 

Top 10 Criminals എന്ന സേര്‍ച്ച് ചെയ്യുമ്പോള്‍ നരേന്ദ്ര മോദിയുടെ ഫോട്ടോ ഒന്നാംസ്ഥാനത്ത് ഗൂഗിള്‍ പ്രദര്‍ശിപ്പിക്കുന്നു എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയ ഏറ്റുപിടിച്ചു. ട്രന്‍ഡിങ് ടോപ്പിക് ആയപ്പോള്‍ ഗൂഗിള്‍ അധികൃതര്‍ ശ്രദ്ധിക്കുകയും തെറ്റിദ്ധാരണ ഉണ്ടാക്കിയതില്‍ ക്ഷമാപണം നടത്തുകയും ചെയ്തു

 

പക്ഷേ അതുണ്ടാക്കിയ കുഴപ്പങ്ങള്‍ തീരുന്നില്ല. ഇപ്പോള്‍ ഈ വിഷയത്തില്‍ നൂറുകണക്കിനു ലേഖനങ്ങള്‍ വന്നു തുടങ്ങുന്നു  Narendra Modi in top ten Criminal List – Google apologizes  എന്ന തലക്കെട്ടില്‍ തന്നെ. 

 

ഇതിന്റെ ഫലമോ? ഇപ്പോള്‍ കൃത്യമായ രീതിയില്‍ തന്നെ ഗൂഗിള്‍ അവയെ ഇന്‍ഡക്‌സ് ചെയ്തിരിക്കുന്നു അതായത് ഗൂഗിളിന് Top 10 Criminals എന്ന വാചകവുമായി ബന്ധിപ്പിക്കാന്‍ Narendra Modi എന്ന പേരു തന്നെ കിട്ടി. അതും ഏറ്റവും ഉയര്‍ന്ന റാങ്കുള്ള വെബ്‌സൈറ്റുകളില്‍ നിന്നുതന്നെ! 

 

ഈ കുഴപ്പം ഒഴിവാക്കാന്‍ നിലവിലെ സാഹചര്യത്തില്‍ ഗൂഗിള്‍ അല്‍ഗോരിതത്തിന് പരിമിതികള്‍ ഉണ്ട്. പക്ഷേ, ലോകത്തെ ഒന്നാംനമ്പര്‍ സേര്‍ച്ച് എഞ്ചിന്‍ ആയ ഗൂഗിള്‍ ഇത്തരം അനേകം കടമ്പകള്‍ കടന്നാണ് ഈ നിലയിലെത്തിയത് എന്നതിനാല്‍ സമീപ ഭാവിയില്‍തന്നെ ഇത്തരം കുഴപ്പങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കാം.