ഇന്റര്‍നെറ്റ് അവസരസമത്വം മുന്‍നിര്‍ത്തി, വാട്ട്‌സ്ആപ്പ്, സ്‌കൈപ്പ് തുടങ്ങിയ ഓണ്‍ലൈന്‍ സര്‍വീസുകളുടെ കാര്യത്തില്‍ വിവേചനം പാടില്ലെന്നാവശ്യപ്പെട്ട് ആരംഭിച്ച ക്യാമ്പയിന് ഇന്ത്യന്‍ ഉപയോക്താക്കളില്‍നിന്ന് മികച്ച പ്രതികരണം. 

 

40 ലക്ഷം ഇന്ത്യക്കാരാണ്, 'സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ' (സിഒഎഐ) തുടങ്ങിയ ക്യാമ്പയ്‌ന് ഒരാഴ്ചയ്ക്കുള്ളില്‍ പിന്തുണയുമായി രംഗത്തെത്തിയത്.  

 

'Sabka Internet, Sab ka Vikas' ('എല്ലാവരുടെയും ഇന്റര്‍നെറ്റ്, എല്ലാവരുടെയും വികസനം' ) എന്ന മുദ്രാവാക്യവുമായാണ് നെറ്റ് സമത്വക്യാമ്പയ്ന്‍ ആരംഭിച്ചത്. '40 ലക്ഷം ഇന്ത്യന്‍ മൊബൈല്‍ യൂസര്‍മാര്‍ പിന്തുണയുമായി എത്തി'യെന്ന് സിഒഎഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

 

'ആവശ്യമെങ്കില്‍ പിന്തുണ പ്രഖ്യാപിച്ചവരുടെ മൊബൈല്‍ നമ്പര്‍ ഡേറ്റാബേസ് ഉത്തരവാദിത്വപ്പെട്ട ഏജന്‍സിക്ക് കൈമാറാന്‍ തയ്യാറാണ്' - പ്രസ്താവന പറയുന്നു. 

 

“Sabka Internet, Sab ka Vikas” ക്യാമ്പയ്ന്‍ കഴിഞ്ഞയാഴ്ചയാഴ്ചയാണ് ആരംഭിച്ചത്. എല്ലാ ഇന്ത്യക്കാര്‍ക്കും തുല്യതയോടെ താങ്ങാവുന്ന നിരക്കില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുകയെന്നതാണ് ക്യാമ്പയ്‌ന്റെ ലക്ഷ്യം. 

 

നെറ്റ് സമത്വത്തെക്കുറിച്ച് ഇന്ത്യന്‍ മാധ്യമങ്ങളും പൊതുസമൂഹവും ചൂടുപിടിച്ച ചര്‍ച്ച നടത്തുന്നതിനിടെയാണ് സിഒഎഐ യുടെ ക്യാമ്പയ്ന്‍ ആരംഭിച്ചത്. 

 

മൊബൈല്‍ കമ്പനിയായ എയര്‍ടെല്‍ പുതിയ മാര്‍ക്കറ്റിങ് പ്ലാറ്റ്‌ഫോം ആയ 'എയര്‍ടെല്‍ സീറോ' ( Airtel Zero ) അവതരിപ്പിക്കുകയും, ഈമെയില്‍, വാട്ട്‌സ്ആപ്പ്, വൈബര്‍, സ്‌കൈപ്പ് തുടങ്ങി വ്യത്യസ്ത ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വ്യത്യസ്ത നിരക്ക് ഈടാക്കാന്‍ മൊബൈല്‍ കമ്പനികളെ അനുവദിക്കുന്ന കാര്യം ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ പരിഗണനാരേഖയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തതോടെയാണ്, നെറ്റ് സമത്വവുമായി ബന്ധപ്പെട്ട ചര്‍ച്ച വ്യാപകമായത് (IANS).