'എയര്‍ടെല്‍ സീറോ' പ്ലാറ്റ്‌ഫോമില്‍ നിന്ന് പിന്‍മാറാനുള്ള ഫ് ളിപ്പ്കാര്‍ട്ടിന്റെ തീരുമാനത്തിന് പിന്നാലെ, ക്ലിയര്‍ട്രിപ്പ്, എന്‍ഡിടിവി, ന്യൂസ്ഹണ്ട്, ടൈംസ് ഗ്രൂപ്പ് എന്നിവ ഫെയ്‌സ്ബുക്കിന്റെ Internet.org കൂട്ടായ്മ ഉപേക്ഷിക്കുന്നു. 

ഇന്റര്‍നെറ്റ് അവസര സമത്വവുമായി ബന്ധപ്പെട്ട് മുഖ്യധാരാ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും നടക്കുന്ന ചൂടുപിടിച്ച ചര്‍ച്ചയുടെ ഫലമാണ് ഇന്ത്യന്‍ കമ്പനികളുടെ മനംമാറ്റത്തില്‍ പ്രതിഫലിക്കുന്നത്.

തങ്ങള്‍ 'നെറ്റ് അവസര സമത്വ'ത്തിന് ( #NetNeutrality ) വേണ്ടിയാണ് നിലകൊള്ളുന്നതെന്നും, അതിനാല്‍ Internet.Org യില്‍നിന്ന് പിന്‍മാറുന്നതായും, ട്വിറ്റര്‍ അപ്‌ഡേറ്റിലൂടെയാണ് ക്ലിയര്‍ട്രിപ്പ് ( Cleartrip ) അറിയിച്ചത്. രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ ട്രാവല്‍ സൈറ്റാണ് ക്ലിയര്‍ട്രിപ്പ്.

എന്‍ഡിടിവിയുടെ പ്രണോയ് റോയിയും ട്വിറ്ററിലൂടെ തങ്ങളുടെ സ്ഥാപനം ഫെയ്‌സ്ബുക്ക് കൂട്ടായ്മ വിടുന്ന വിവരം പ്രഖ്യാപിച്ചു. 

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ പങ്കാളിത്തത്തോടെ 2015 ഫിബ്രവരിയിലാണ് ഫെയ്‌സ്ബുക്ക് Internet.Org ഇന്ത്യയില്‍ അവതരിപ്പിച്ചത്. നെറ്റ് സമത്വമെന്ന സങ്കല്‍പ്പത്തിന് ദോഷംചെയ്യുന്നതാണ് ഫെയ്‌സ്ബുക്കിന്റെ നീക്കമെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. 

എന്നാല്‍, ഇന്‍ര്‍നെറ്റ് കണക്ടിവിറ്റി തീരെയില്ലാത്തവര്‍ക്ക് ഏതെങ്കിലും തരത്തില്‍ തങ്ങളുടെ ആശയങ്ങള്‍ പങ്കിടാനുള്ള കണക്ടിവിറ്റി ലഭ്യമാക്കുന്നത് നല്ലതാണ്. അതാണ് Internet.Org പോലുള്ള പ്രോഗ്രാമുകളുടെ പ്രസക്തിയെന്ന്, ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടു. 

സാംസങ്, ക്വാല്‍കോം മുതലായ മുന്‍നിര കമ്പനികളുടെ പങ്കാളിത്തത്തോടെ 500 കോടി ആളുകളെ ഓണ്‍ലൈനിലെത്തിക്കാനാണ് Internet.Org പദ്ധതികൊണ്ട് ഫെയ്‌സ്ബുക്ക് ലക്ഷ്യമിടുന്നത്. 

ഇന്ത്യയില്‍ ഈ പദ്ധതി വഴി 33 വെബ്ബ്‌സൈറ്റുകളാണ് സൗജന്യമായി ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്. എന്നാല്‍, ഇത് വിവേചനമാണെന്നും നെറ്റ് സമത്വ സങ്കല്‍പ്പത്തിന് എതിരാണെന്നും വിമര്‍ശനമുയര്‍ന്നു. 

മൊബൈല്‍ സേവനദാതാവായ എയര്‍ടെല്‍ അതിന്റെ പുതിയ മാര്‍ക്കറ്റിങ് പ്ലാറ്റ്‌ഫോം ( Airtel Zero ) അവതരിപ്പിക്കുകയും, ഇന്റര്‍നെറ്റ് ഡേറ്റ ഉപയോഗത്തിന്റെ സ്വഭാവമനുസരിച്ച് വ്യത്യസ്ത നിരക്കുകള്‍ ഈടാക്കാന്‍ ടെലകോം കമ്പനികളെ അനുവദിക്കണോ എന്ന സാധ്യത ആരായുന്ന പരിഗണനാരേഖ ട്രായ് അവതരിപ്പിക്കുകയും ചെയ്തതോടെയാണ് രാജ്യത്ത് നെറ്റ് സമത്വ ചര്‍ച്ച ചൂടുപിടിച്ചത്. 

ഈമെയില്‍, ബ്രൗസിങ് തുടങ്ങിയവയ്ക്കും വാട്ട്‌സ്ആപ്പ്, വൈബര്‍, സ്‌കൈപ്പ് എന്നിങ്ങനെയുള്ള ആപ്പുകളുടെ ഉപയോഗത്തിനും വ്യത്യസ്ത നിരക്കുകള്‍ ഈടാക്കാന്‍ ടെലകോം കമ്പനികളെ അനുവദിക്കാമോ എന്നതാണ് ട്രായിയുടെ പരിഗണനാരേഖയിലുള്ള ചോദ്യം. അത് അനുവദിക്കുന്നത് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കും, ചെറുകിട കമ്പനികള്‍ക്കും ഒരേ തരത്തില്‍ പ്രതികൂലമാണെന്ന് നെറ്റ് സമത്വത്തിനായി വാദിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.

'എയര്‍ടെല്‍ സീറോ' പ്ലാറ്റ്‌ഫോമിനെ അനുകൂലിച്ച് പ്രമുഖ ഓണ്‍ലൈന്‍ കച്ചവട കമ്പനിയായ ഫ് ളിപ്പ്കാര്‍ട്ട് രംഗത്ത് വന്നത് വന്‍വിവാദമുണ്ടാക്കി. നൂറുകണക്കിനാളുകള്‍ പ്രതിഷേധ സൂചകമായി ഫ് ളിപ്പ്കാര്‍ട്ടിന്റെ ആപ്പ് തങ്ങളുടെ മൊബൈലില്‍നിന്ന് അണ്‍ഇന്‍സ്റ്റോള്‍ ചെയ്യുന്നതായി ട്വിറ്ററിലും മറ്റ് സോഷ്യല്‍ മീഡിയ ഫോറങ്ങളിലും പ്രഖ്യാപിച്ചു.

പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഫ് ളിപ്പ്കാര്‍ട്ടിന് അതിന്റെ നിലപാടില്‍നിന്ന് പിന്തിരിയേണ്ടി വന്നു. എയര്‍ടെല്‍ സീറോ പ്ലാറ്റ്‌ഫോമില്‍നിന്ന് പുറത്തുവരുന്നതായി പ്രഖ്യാപിക്കേണ്ടി വന്നു. 

അതിനെ തുടര്‍ന്നാണ്, ക്ലിയര്‍ട്രിപ്പ് അടക്കമുള്ള കമ്പനികള്‍ ഫെയ്‌സ്ബുക്കിന്റെ കൂട്ടായ്മ ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച് നെറ്റ് സമത്വത്തിന് പിന്തുണ നല്‍കാന്‍ മുന്നോട്ടുവന്നത്.