മധുവിധുവിനിടെ ദമ്പതികള്‍ താണ്ടിയത് ആറ് ഭൂഖണ്ഡങ്ങളിലായി 302 സ്ഥലങ്ങള്‍
മധുവിധുദിനങ്ങള്‍ ആരെങ്കിലും ഓണ്‍ലൈനിലാക്കാന്‍ മിനക്കെടുമോ എന്ന് തോന്നാം. എന്നാല്‍ , അമേരിക്കന്‍ ദമ്പതിമാരായ ആനി ഹൊവാഡും മൈക്ക് ഹൊവാഡും ഒരു ഓണ്‍ലൈന്‍ സൈറ്റായി രൂപപ്പെടുത്തിയിരിക്കുകയാണ് തങ്ങളുടെ മധുവിധു അനുഭവങ്ങള്‍ !


ഒരുപക്ഷേ, ഇതുവരെ ആരും തയ്യാറാകാത്ത രീതിയിലൊരു മധുവിധുവിലായിരുന്നു ആനിയും മൈക്കും. 675 ദിവസം നീണ്ട മധുവിധുവിനിടെ, ആറ് ഭൂഖണ്ഡങ്ങളില്‍ 33 രാജ്യങ്ങളിലായി 302 സ്ഥലങ്ങള്‍ അവര്‍ പിന്നിട്ടു. ഓരോ സ്ഥലത്തെയും തങ്ങളുടെ പര്യടനങ്ങള്‍ HoneyTrek.com എന്ന സൈറ്റില്‍ ചേര്‍ക്കുകയും, അവ ഫെയ്‌സ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ പങ്കുവെയ്ക്കുകയും ചെയ്തു.


പ്രണയം നിറഞ്ഞ സാഹിസിക യാത്രയായിരുന്നു മൈക്കിനും ആനിക്കും മധുവിധു എന്ന് സാരം. വിവാഹം കഴിഞ്ഞയുടന്‍ ഇരുവരും ജോലി രാജിവെച്ചു. വീട് വാടകയ്ക്ക് കൊടുത്തു. പെട്ടിയൊരുക്കി ലോകം ചുറ്റാനിറങ്ങി. കൃത്യമായ ഒരു യാത്രാപദ്ധതിയുമുണ്ടായിരുന്നില്ല.

ആഫ്രിക്കന്‍ വനാന്തരങ്ങളും ദക്ഷിണ അമേരിക്കയില്‍ റിയോ ഡി ജെനീറോയിലെ കാര്‍ണിവെലും തായ് പാചകക്ലാസുകളും ജാപ്പനീസ് ആര്‍ട്‌സില്‍ ഒരു ക്രാഷ് കോഴ്‌സുമെല്ലാം മധുവിധുവിന്റെ ഭാഗമായി! ഓഷ്യാനയും യൂറോപ്പും മധുവിധു യാത്രയില്‍ ഇടംനേടി.


രണ്ടുവര്‍ഷത്തോളം നീണ്ട മധുവിധുനാളുകളില്‍ മൈക്ക് തന്റെ ലിങ്കഡ്ഇന്‍ പ്രൊഫൈലില്‍ ഇതുവരെ ആരും ചെയ്യാത്ത ഒരു തൊഴിലാണ് രേഖപ്പെടുത്തിയത് - 'പ്രൊഫഷണല്‍ ഹണിമൂണര്‍ ' ( professional honeymooner )!

(വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട് : HoneyTrek )