സൈബര്‍ ലോകത്തെ ഞെട്ടിച്ചു കൊണ്ട് വീണ്ടും ഹാക്കിങ്. ലോകത്തെ ഏറ്റവും സജീവമായ ഈമെയില്‍ സേവനമായ ജീമെയില്‍ അക്കൗണ്ട് വിവരങ്ങളാണ് ചോര്‍ന്നിരിക്കുന്നത്.

49.3 ലക്ഷം അക്കൗണ്ടുകളും പാസ്‌വേഡുകളുമാണ് ഒരു റഷ്യന്‍ ബിറ്റ്‌കോയിന്‍ (Bitcoin) സെക്യൂരിറ്റി ഫോറം വഴി പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ 60 ശതമാനവും സജീവമായ അക്കൗണ്ടുകളാണെന്നാണ് ഹാക്കര്‍മാര്‍ അവകാശപ്പെടുന്നത്.

അടുത്തിടെ റഷ്യയിലെ പ്രമുഖ ഈമെയില്‍ ദാതാക്കളായ Mail.ru, Yandex എന്നിവയുടെ 59.2 ലക്ഷം അക്കൗണ്ട് വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ജിമെയില്‍ വിവരങ്ങളും പുറത്തുവിട്ടിരിക്കുന്നത്.

ജീമെയിലിലും ഗൂഗിള്‍ പ്ലസിലും മറ്റു ഗൂഗിള്‍ സേവനങ്ങളിലും പ്രവേശിക്കാന്‍ ഉപയോഗിക്കുന്ന അക്കൗണ്ടുകളെ സംബന്ധിച്ച വിവരങ്ങളാണ് ചോര്‍ന്നത്. പുറത്തുവന്നിരിക്കുന്ന വിവരങ്ങള്‍ തങ്ങളുടേതാണെന്ന് പല ഉപയോക്താക്കളും തിരിച്ചറിഞ്ഞതായി റഷ്യന്‍ ഐടി ന്യൂസ് വെബ്‌സൈറ്റായ സിന്യൂസ് (CNews) റിപ്പോര്‍ട്ടു ചെയ്തു.

അതേസമയം ചോര്‍ന്ന വിവരങ്ങളില്‍ രണ്ടു ശതമാനം ജീമെയില്‍ അക്കൗണ്ടുകളും പാസ്‌വേഡുകളും മാത്രമേ പ്രവര്‍ത്തനക്ഷമമായിട്ടുള്ളൂ എന്ന് ജീമെയില്‍ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ ഓട്ടോമേറ്റഡ് ആന്റി-ഹൈജാക്കിങ് സിസറ്റം നിരവധി ഹാക്കിങ് ശ്രമങ്ങളെ തടഞ്ഞതായും ഗൂഗിള്‍ പറയുന്നു.

അതേസമയം പുറത്തുവന്നത് ജീമെയില്‍ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളാണെങ്കിലും യഥാര്‍ത്ഥത്തില്‍ പ്രശ്‌നം ജീമെയിലുമായി ബന്ധിപ്പിച്ച മറ്റ് അക്കൗണ്ടുകള്‍ക്കാണെന്ന്് വിദഗ്ധര്‍ വിലയിരുത്തുന്നു.

ജീമെയില്‍ അക്കൗണ്ട് യൂസര്‍ നെയിമായിട്ടുള്ള മറ്റ് അക്കൗണ്ടുകളില്‍ നിന്നാകാം പാസ്‌വേഡുകള്‍ ഹാക്കുചെയ്യപ്പെട്ടിരിക്കുന്നതെന്ന് പ്രശസ്ത ടെക് ലേഖകനായ വില്‍ ഒറേമുസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനാല്‍ ഇവ ജീമെയില്‍ അക്കൗണ്ടുകളുടെ പാസ്‌വേഡ് ആവണമെന്ന് നിര്‍ബന്ധമില്ലെന്നും വില്‍ വ്യക്തമാക്കുന്നു.

ഇൗ പാസ്‌വേഡുകള്‍ ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്ക് മുമ്പേ പലപ്പോഴായി മോഷ്ടിക്കപ്പെട്ടതാകാം. ഇത്തരത്തില്‍ ഹാക്കു ചെയ്യപ്പെട്ട അക്കൗണ്ടുകളില്‍ നിന്നും പാസ്‌വേഡുകളില്‍ നിന്നും ജിമെയിലുമായി ബന്ധപ്പെട്ടവ സമാഹരിച്ച് ലിസ്റ്റ് പുറത്തുവിട്ടതാകുമെന്നാണ് വില്‍ റേമുസ് ഉള്‍പ്പെടെയുള്ള വിദഗ്ധരുടെ നിഗമനം.

റഷ്യന്‍ മെയില്‍ സേവനങ്ങളുടെയും ജീമെയിലിന്റെയും ലിസ്റ്റുകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ ഇത്തരത്തില്‍ യാഹു ഉള്‍പ്പെടെയുള്ള സേവന ദാതാക്കളുടെയും ലിസ്റ്റ് പുറത്തുവരാനുള്ള സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്.

ജീമെയില്‍ അക്കൗണ്ടുകള്‍ ഹാക്കു ചെയ്യപ്പെട്ടിരിക്കാനുള്ള സാധ്യത കുറവാണെന്നാണ് വിദഗ്ധാഭിപ്രായമെങ്കിലും ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് അത്രയൊന്നും ആശ്വാസം നല്‍കുന്ന വാര്‍ത്തയല്ല ഇത്. ജിമെയിലുമായി ബന്ധിപ്പിച്ച മറ്റു നിരവധി സൈറ്റുകളുടെ സുരക്ഷയ്ക്ക് നേരെയാണ് ഈ നിഗമനം വിരല്‍ ചൂണ്ടുന്നത്്

ഓണ്‍ലൈന്‍ ഷോപ്പിങ്ങ് തുടങ്ങി ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കുന്ന സൈറ്റുകളിലേക്കും ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ സൈറ്റുകളിലേക്കുമൊക്കെ ആക്‌സസ്സ് ലഭിക്കുന്നത് ഇമെയില്‍ വഴിയാണ്്. ഇത്തരത്തിലുള്ള നിരവധി അക്കൗണ്ടുകള്‍ കാലങ്ങളായി ഹാക്കു ചെയ്താകാം ഇപ്പോഴത്തെ പാസ്‌വേഡ് സമാഹരണം നടത്തിയിരിക്കുക.

അതേസമയം ചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ജീമെയില്‍ അക്കൗണ്ടിന്റെ സെക്യൂരിറ്റി പരിശോധിക്കുന്നതിനായി ജീമെയില്‍ പുതിയ സുരക്ഷാ സംവിധാനം അവതരിപ്പിച്ചിട്ടുണ്ട്. അക്കൗണ്ട് ചെക്കപ്പ് എന്ന സംവിധാനം ഉപയോഗിച്ച് നിങ്ങളുടെ അക്കൗണ്ടില്‍ സമീപകാലത്ത് നടന്ന പ്രവര്‍ത്തനങ്ങള്‍ കാണാം.

അക്കൗണ്ടില്‍ പ്രവേശിച്ചിരിക്കുന്ന ഐപി അഡ്രസുകളും ഏകദേശ ലൊക്കേഷനുകളും അക്കൗണ്ട് ചെക്കപ്പില്‍ ലഭ്യമാണ്. എന്നാല്‍ ഈ സംവിധാനം ഉപയോഗിച്ച് പരിശോധിക്കുമ്പോള്‍ കേരളത്തില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ചുള്ള ജിമെയില്‍ ലോഗിനുകളില്‍ ബാംഗ്ലൂര്‍, ഹൈദരാബാദ് തുടങ്ങിയ ദക്ഷിണേന്ത്യന്‍ ഐടി സിറ്റകളാണ് ലൊക്കേഷനായി കാണിക്കുന്നത്.

ശക്തമായ പാസ്‌വേഡ് ഉപയോഗിക്കാനും 2-സ്‌റ്റെപ്പ് വേരിഫിക്കേഷന്‍ ഉപയോഗിച്ച് അക്കൗണ്ട് ലോഗിന്‍ ശക്തിപ്പെടുത്താനും ഗൂഗിള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വീണ്ടെടുക്കല്‍ ഓപ്ഷനുകളായ ഈമെയില്‍
അക്കൗണ്ടും മൊബൈല്‍ നമ്പറും കൃത്യമായി നല്‍കാനും ഗൂഗിളിന്റെ ബ്ലോഗ് പോസ്റ്റില്‍ പറയുന്നു.