വാഷിങ്ടണ്‍: 2013 ല്‍ യാഹൂവിന് നേരെയുണ്ടായ ഹാക്കിങ് 300 കോടി അക്കൗണ്ടുകളെ ബാധിച്ചു. സംഭവത്തെ കുറിച്ച് അടുത്തിടെ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. 100 കോടി അക്കൗണ്ടുകളെയാണ് ഹാക്കിങ് ബാധിച്ചതെന്നായിരുന്നു നേരത്തെയുള്ള കണക്കുകള്‍. അടുത്തിടെ യാഹൂവിനെ ഏറ്റെടുത്ത വെരിസോണ്‍ (Verizon) കമ്പനിയാണ് പുതിയ കണക്കുകള്‍ പുറത്ത് വിട്ടത്. 

2013 ആഗസ്റ്റില്‍ നടന്ന സംഭവത്തെ കുറിച്ച് ഫോറന്‍സിക് വിദഗ്ദര്‍ അടക്കമുള്ള സംഘത്തിന്റെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. എന്നാല്‍ ഇത് പുതുതായുണ്ടായ സുരക്ഷാ പ്രശ്‌നമല്ലെന്നും ഇപ്പോള്‍ തിരിച്ചറിഞ്ഞ ഹാക്കിങ് ബാധിച്ചിട്ടുള്ള അക്കൗണ്ടുകളിലേക്കെല്ലാം അറിയിപ്പുകള്‍ അയക്കുമെന്നും വെരിസോണിന്റെ ഇന്റര്‍നെറ്റ് വിഭാഗമായ ഓത്ത് (Oath) പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി.  

ഹാക്കിങ് വഴി മോഷ്ടിക്കപ്പെട്ട വിവരങ്ങളില്‍ അക്കൗണ്ടുകളുടെ പാസ്വേഡ്, പേമെന്റ് കാര്‍ഡ് വിവരങ്ങള്‍, ബാങ്ക് അക്കൗണ്ടുകള്‍ എന്നിവ നഷ്ടമായിട്ടില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ നിയമ നടപടികളുമായി കമ്പനി മുന്നോട്ട് പോവുകയാണ്. 

കണക്കുകള്‍ നോക്കുമ്പോള്‍ ഇതുവരെയുണ്ടായതില്‍ ഏറ്റവും വലിയ സുരക്ഷാവീഴ്ചയാണ് യാഹൂവില്‍ ഉണ്ടായത്. 2013 ല്‍ ഹാക്കിങ് നടന്നതിന് പിന്നാലെ 50 കോടി അക്കൗണ്ടുകളില്‍ നിന്നും വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്ന് യാഹൂ വ്യക്തമാക്കിയിരുന്നു. 

സംഭവത്തില്‍ രണ്ട് റഷ്യന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെയും ചില ഹാക്കര്‍മാരെയും യുഎസ് ജസ്റ്റിസ് വിഭാഗം ശിക്ഷിച്ചിരുന്നു. ചാരവൃത്തിയും സാമ്പത്തിക ലാഭവും ലക്ഷ്യമിട്ടാണ് ഹാക്കിങ് നടന്നത്. 

മുന്‍നിര ഇന്റര്‍നെറ്റ് കമ്പനികളില്‍ ഒന്നാണ് യാഹൂ. കഴിഞ്ഞ ജൂണിലാണ് 448 കോടി ഡോളറിന് വെരിസോണ്‍ കമ്പനി യാഹുവിന്റെ ഓണ്‍ലൈന്‍ വിഭാഗം ഏറ്റെടുക്കുന്നത്.