യാഹൂ കമ്പനിയുടെ ചുമതല താന്‍ ഏറ്റെടുത്ത ശേഷം യൂസര്‍മാരുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ധനയുണ്ടായതായി സി.ഇ.ഒ. മരിസ്സ മേയര്‍ . ലോകത്താകമാനം നിലവില്‍ 80 കോടി യൂസര്‍മാര്‍ യാഹൂവിനുണ്ടെന്ന് അവര്‍ വെളിപ്പെടുത്തി.

'ഗൂഗിളിന്റെ പ്രഥമ വനിത'യെന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന മരിസ്സ, 15 മാസം മുമ്പാണ് ഗൂഗിള്‍ വിട്ട് യാഹൂവിന്റെ ചുമതലയേറ്റത്.

സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ഒരു ടെക്‌നോളജി കോണ്‍ഫറന്‍സിലാണ് യാഹൂവിന്റെ പുരോഗതി അവര്‍ പങ്കുവെച്ചത്.

ഒരുകാലത്ത് ഇന്റര്‍നെറ്റിലെ പ്രമുഖ സൈറ്റുകളിലൊന്നായ യാഹൂ തളരാന്‍ തുടങ്ങിയത് ഗൂഗിള്‍ രംഗം കൈയടക്കിയതോടെയാണ്. കമ്പനിക്ക് ലക്ഷ്യബോധം നഷ്ടപ്പെടുകയും ഉപയോക്താക്കള്‍ അകലുകയും ചെയ്തു.

അത്തരമൊരു സാഹചര്യത്തില്‍ യാഹൂവിന് പുതുജീവന്‍ നല്‍കുകയെന്ന ദൗത്യം മരിസ്സ ഏറ്റെടുക്കുകയായിരുന്നു. മരിസ്സ എത്തിയ ശേഷം യാഹൂവിന്റെ ഓഹരിമൂല്യം ഏതാണ്ട് ഇരട്ടിയായി.

ഈവര്‍ഷമാദ്യം ബ്ലോഗിങ് സര്‍വീസായ ടംബ്ലര്‍ ( Tumblr ) 110 കോടി ഡോളര്‍ നല്‍കി യാഹൂ ഏറ്റെടുത്തിരുന്നു. യാഹൂവിന്റെ 80 കോടി യൂസര്‍മാരില്‍ ടംബ്ലറിന്റെ ട്രാഫിക് ഉള്‍പ്പെടുന്നില്ലെന്ന് മരിസ്സ അറിയിച്ചു.

ട്രാഫിക്കില്‍ വര്‍ധനയുണ്ടെങ്കിലും, ഓണ്‍ലൈന്‍ പരസ്യവരുമാനം വര്‍ധിപ്പിക്കാനുള്ള കഠിനശ്രമത്തിലാണ് മരിസ്സയും കൂട്ടരും. കമ്പനിയുടെ മുഖ്യവരുമാനമാര്‍ഗം അതാണ്. ഇന്റര്‍നെറ്റ് പ്രതിയോഗികളായ ഗൂഗിള്‍ , ഫെയ്‌സ്ബുക്ക് തുടങ്ങിയ കമ്പനികള്‍ ഈ രംഗത്ത് വലിയ കുതിച്ചുചാട്ടം നടത്തുമ്പോള്‍ യാഹൂവിന് നാമമാത്രമായ മുന്നേറ്റമുണ്ടാക്കാനേ സാധിച്ചിട്ടുള്ളു.

യാഹൂവിന്റെ വരുമാനം വര്‍ധിപ്പിക്കാനുള്ള തന്റെ തന്ത്രം യാഥാര്‍ഥ്യമാകാന്‍ കുറഞ്ഞത് മൂന്നുവര്‍ഷമെങ്കിലും എടുക്കുമെന്ന് മരിസ്സ പറയുന്നു.