യാഹൂവിന്റെ നാലര ലക്ഷം യൂസര്‍ അക്കൗണ്ട് വിരവങ്ങളും പാസ്‌വേഡുകളും ചോര്‍ത്തിയെന്ന് അവകാശപ്പെട്ട ഹാക്കര്‍ സംഘം, ആ വിവരങ്ങള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധപ്പെടുത്തി. ഇതെക്കുറിച്ച് യാഹൂ അന്വേഷണം ആരംഭിച്ചു.

ഇതുവരെ അറിയപ്പെടാത്ത 'D33DS Company' എന്ന ഗ്രൂപ്പാണ്, യാഹൂവിന്റെ സെര്‍വറില്‍ നിന്ന് യൂസര്‍ അക്കൗണ്ട് വിവരങ്ങള്‍ കവര്‍ന്നതെന്ന് 'ആര്‍സ് ടെക്‌നിക്ക' ടെക്‌നോളജി ന്യൂസ് വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.

'യാഹൂ വോയിസ്' (Yahoo Voice) എന്ന ഐ.പി.ടെലിഫോണി സര്‍വീസുമായി ബന്ധപ്പെട്ട പാസ്‌വേഡുകളും അക്കൗണ്ട് വിവരങ്ങളുമാണ് ചോര്‍ത്തപ്പെട്ടത്. ആക്രമണവിവരം പുറത്തുവന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഒരു മുന്നറിയിപ്പ് പോലും യാഹൂ അതിന്റെ സൈറ്റില്‍ നല്‍കിയില്ലെന്ന് ബി.ബി.സി.യുടെ റിപ്പോര്‍ട്ട് പറയുന്നു.

യൂസര്‍ ഐഡികള്‍ ചോര്‍ത്തിയെന്ന അവകാശവാദത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചുവെന്ന്, യാഹൂ പ്രസ്താവനയില്‍ പറഞ്ഞു. യൂസര്‍മാര്‍ 'ഇടയ്ക്കിടെ പാസ്‌വേഡ് മാറ്റുന്നതിനെ കമ്പനി പ്രോത്സാഹിപ്പിക്കുന്ന'തായും പ്രസ്താവന വ്യക്തമാക്കി.


ഫോംസ്പ്രിങും കുടുങ്ങി


അതിനിടെ, സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ 'ഫോംസ്പ്രിങ്' (Formspring) അതില്‍ രജിസ്റ്റര്‍ചെയ്ത 30 ദശലക്ഷം യൂസര്‍മാരുടെ പാസ്‌വേഡുകള്‍ നിഷ്‌ക്രിയമാക്കാനുള്ള നടപടി തുടങ്ങി. ആയിരക്കണക്കിന് യൂസര്‍ പാസ്‌വേഡുകള്‍ ചോര്‍ന്നതിനെ തുടര്‍ന്നാണിതെന്ന് കമ്പനി അറിയിച്ചു.

സാന്‍ഫ്രാന്‍സിസ്‌കോ കേന്ദ്രമായുള്ള കമ്പനിയുടെ സെര്‍വറുകളില്‍ അതിക്രമിച്ചു കടന്നവരാണ് പാസ്‌വേഡുകള്‍ ചോര്‍ത്തിയതെന്ന് കമ്പനി അതിന്റെ ബ്ലോഗ് പോസ്റ്റില്‍ അറിയിച്ചു. ഫോംസ്പ്രിങ് യൂസര്‍മാരുടെ 420,000 പാസ്‌വേഡുകളാണ് ചോര്‍ത്തപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആരാണ് ഇതിന് പിന്നിലെന്ന് അറിവായിട്ടില്ല.