ജീമെയിലും ഗൂഗിള്‍ നൗവും കൈകോര്‍ക്കുകയാണ് 'ഇന്‍ബോക്‌സി'ല്‍. ക്ഷണിക്കപ്പെടുന്നവര്‍ക്ക് മാത്രമേ തല്‍ക്കാലം 'ഇന്‍ബോക്‌സ്' ലഭിക്കൂ
സമീപഭാവിയില്‍ ജീമെയിലിന് പകരമകാന്‍ സാധ്യതയുള്ള പുതിയ സര്‍വീസ് ഗൂഗിള്‍ അവതരിപ്പിച്ചു. ജീമെയിലിന്റെയും ഗൂഗിള്‍ നൗവിന്റെയും സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന 'ഇന്‍ബോക്‌സ്' ( Inbox ) എന്ന സര്‍വീസ് ഒരു ആപ്പ് ആയാണ് അവതരിപ്പിച്ചിരിക്കുന്നത്.

തല്‍ക്കാലം ക്ഷണിക്കപ്പെടുന്നവര്‍ക്ക് മാത്രമേ ഇന്‍ബോക്‌സ് സേവനം ലഭിക്കൂ (ജീമെയിലിന്റെ തുടക്കത്തിലും ഇങ്ങനെയാണ് കിട്ടിയിരുന്നത്). ക്ഷണിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് inbox@google.com എന്ന മെയിലിലേക്ക് അഭ്യര്‍ഥന അയയ്ക്കാം. ക്ഷണം കിട്ടുന്നവര്‍ക്ക് നിലവിലുള്ള ജീമെയില്‍ അക്കൗണ്ട് ഉപയോഗിച്ച് ഇന്‍ബോക്‌സില്‍ ലോഗിന്‍ ചെയ്യാം.

ക്രോം ബ്രൗസര്‍, ആന്‍ഡ്രോയ്ഡ് ഫോണുകള്‍, ഐഫോണുകള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കാന്‍ പാകത്തിലുള്ള ആപ്പായാണ് ഇന്‍ബോക്‌സ് എത്തുന്നത്.

'വര്‍ഷങ്ങള്‍കൊണ്ട് വികസിപ്പിച്ച ഇന്‍ബോക്‌സിന് പിന്നില്‍, ജീമെയില്‍ നിങ്ങള്‍ക്ക് മുന്നിലെത്തിച്ച അതേ ടീമാണുള്ളത്. പക്ഷേ, ഇന്‍ബോക്‌സ് തികച്ചും വ്യത്യസ്തമാണ്. എന്താണ് പ്രസക്തം എന്നതിനെ ആസ്പദമാക്കിയാണ് അത് ഡിസൈന്‍ ചെയ്തിരിക്കുന്നത്' - ആന്‍ഡ്രോയ്ഡ്, ക്രോം ആന്‍ഡ് ആപ്പ്‌സിന്റെ ചുമതലയുള്ള ഗൂഗിള്‍ സീനിയര്‍ വൈസ് പ്രസിഡന്റ് സുന്ദര്‍ പിച്ചായി ജീമെയില്‍ ബ്ലോഗില്‍ പറഞ്ഞു.ശരിക്കുപറഞ്ഞാല്‍ ഇന്‍ബോക്‌സ് ഒരു 'ജീമെയില്‍ ആപ്പ്' ആണ്. പക്ഷേ, നിലവിലുള്ള ഈമെയിലുകളിലേതുപോലെ സന്ദേശങ്ങളുടെ പട്ടികയല്ല ഇത് കാട്ടുക. വിവേചനബുദ്ധിയോടെ കൂടുതല്‍ വിവരങ്ങള്‍ നിങ്ങള്‍ക്ക് മുന്നിലെത്തിക്കാനാണ് ഇന്‍ബോക്‌സ് ശ്രമിക്കുന്നത്. അതിന് ഈമെയില്‍ സന്ദേശങ്ങള്‍ തുറക്കേണ്ട ആവശ്യംപോലുമില്ല.

മെസേജ് ലിസ്റ്റിനൊപ്പം ഗൂഗിള്‍ നൗ ( Google Now ) സര്‍വീസിലേതുപോലെ 'ഇന്‍ഫോ കാര്‍ഡു'കളായി ഇന്‍ബോക്‌സില്‍ വിവരങ്ങള്‍ പ്രത്യക്ഷപ്പെടും. വിമാന സമയം, പാക്കേജ് ട്രാക്കിങ്, ഫോട്ടോകള്‍ ഇങ്ങനെയുള്ളവ സംബന്ധിച്ച വിവരങ്ങളാണ് പ്രത്യക്ഷപ്പെടുക. ഗൂഗിള്‍ നൗവിലെ സൗകര്യങ്ങള്‍ ജീമെയില്‍ ഫീച്ചറുകളുമായി സമ്മേളിപ്പിക്കുകയാണ് ഇന്‍ബോക്‌സില്‍ ചെയ്തിരിക്കുന്നത്. ജീമെയിലിലെ സന്ദേശങ്ങളെല്ലാം ഇന്‍ബോക്‌സിലൂടെ ലഭ്യമാകും.

ഈമെയിലിന് മൂന്ന് പതിറ്റാണ്ടിന്റെ ചരിത്രമുണ്ട്. ആ 30 വര്‍ഷത്തിനിടെ ലോകം ഏറെ മാറി, ജീമെയിലിന്റെയും ഇന്‍ബോക്‌സിന്റെയും പ്രോഡക്ട് ഡയറക്ടര്‍ അലക്‌സ് ഗാവ്‌ലി ചൂണ്ടിക്കാട്ടി. ഈമെയില്‍ ചരിത്രത്തിന്റെ ഭാരം ഏല്‍ക്കാത്ത വിധത്തില്‍, ഒരു 'പുതിയ തുടക്ക'മാണ് ഇന്‍ബോക്‌സിലൂടെ തന്റെ ടീം ആഗ്രഹിച്ചതെന്ന് അദ്ദേഹം പറയുന്നു.

ഈമെയില്‍ തുടങ്ങിയതിന് ശേഷം മാത്രമല്ല, പത്തുവര്‍ഷംമുമ്പ് ജീമെയില്‍ ആരംഭിച്ചതിന് ശേഷംതന്നെ ലോകം കാര്യമായി മാറി. അതിനാല്‍, 'ആദ്യം മൊബൈലിന്' എന്ന സമീപനത്തോടെയാണ് ഇന്‍ബോക്‌സ് രൂപകല്‍പ്പന ചെയ്തത് - ഗാവ്‌ലി പറഞ്ഞു. ആന്‍ഡ്രോയ്ഡിന്റെ പുതിയ ലോലിപോപ്പ് പതിപ്പിലെ 'മെറ്റീരിയല്‍ ഡിസൈന്‍' അടിസ്ഥാനമാക്കിയാണ് ഇന്‍ബോക്‌സ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

പരമ്പരാഗത ഈമെയിലുകളില്‍നിന്ന് വ്യത്യസ്തമായ ചില ഫീച്ചറുകള്‍ ഇന്‍ബോക്‌സിലുണ്ട്. 'ബന്‍ഡില്‍സ്' ( Bundles ) ആണ് അതിലൊന്ന്. സമാനസ്വഭാവമുള്ള ഈമെയിലുകളെ ഒറ്റഗ്രൂപ്പില്‍പെടുത്തുന്ന ഫീച്ചറാണിത്. ഉദാഹരണത്തിന് ബാങ്കുകളുമായുള്ള ഈമെയില്‍ ഇടപാടുകളെല്ലാം ഒരിടത്ത് ഗ്രൂപ്പ് ചെയ്യപ്പെടും. കുടുംബാംഗങ്ങള്‍ അയയ്ക്കുന്ന ഈമെയിലുകളും ഫോട്ടോകളും പ്രത്യേകം ഗ്രൂപ്പായി കാണാം.

ഗൂഗിള്‍ ഇന്‍ബോക്‌സിന്റെ മറ്റൊരു ഫീച്ചര്‍ 'ഹൈലൈറ്റ്‌സ്' ( Highlights ) ആണ്. ശ്രദ്ധിക്കപ്പെടേണ്ട പ്രധാന വിവരങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്ന ഫീച്ചറാണിത്. വിമാനയാത്രാ സമയം, പങ്കെടുക്കാനുള്ള പരിപാടികള്‍, കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും അയയ്ക്കുന്ന ഫോട്ടോകളും രേഖകളുമെല്ലാം നിങ്ങളുടെ ശ്രദ്ധയില്‍പെടാന്‍ ഹൈലൈറ്റ്‌സ് സഹായിക്കും.

ഗൂഗിള്‍ നൗ ഉപയോഗിക്കുന്നവര്‍ക്ക് ഇത്തരം ഫീച്ചറുകള്‍ പരിചയമുണ്ടാകും.'റിമൈന്‍ഡേഴ്‌സ്' ( Reminders ), 'അസിസ്റ്റ്‌സ്' ( Assists ), 'സ്‌നൂസ്' ( Snooze ) തുടങ്ങിയവയാണ് ഇന്‍ബോക്‌സിലെ മറ്റ് ഫീച്ചറുകള്‍. ഓര്‍ത്തിരിക്കേണ്ട എന്ത് കാര്യത്തിനും ഇന്‍ബോക്‌സ് നിങ്ങളുടെ സഹായത്തിനെത്തുമെന്ന് ഗൂഗിള്‍ പറയുന്നു.

പ്രയോജനകരമായ വിവരങ്ങള്‍ നല്‍കി സഹായിക്കുന്ന ഫീച്ചറാണ് 'അസിസ്റ്റ്‌സ്'. ഉദാഹരണത്തിന് നിങ്ങളുടെ ലാപ്‌ടോപ്പ് സര്‍വീസ് നടത്താനായി സര്‍വീസിങ് സെന്ററുകാരെ വിളിക്കണമെന്ന് റിമൈന്‍ഡര്‍ തയ്യാറാക്കുന്ന കാര്യം പരിഗണിക്കുക. സര്‍വീസിങ് സെന്ററിന്റെ ഫോണ്‍ നമ്പര്‍, അത് എപ്പോഴാണ് തുറക്കുന്നത് മുതലായ വിവരങ്ങള്‍ ഇന്‍ബോക്‌സ് അസിസ്റ്റ്‌സ് നല്‍കി സഹായിക്കും.

ഈമെയിലുകളോ അറിയിപ്പുകളോ പിന്നീട് അയയ്ക്കാന്‍ വേണ്ടി സൂക്ഷിച്ചുവെയ്ക്കാന്‍ സഹായിക്കുന്ന ഫീച്ചറാണ് 'സ്‌നൂസ്'. മറ്റൊരു സമയത്തോ, മറ്റൊരു സ്ഥലത്തോ എത്തുമ്പോള്‍ അയയ്ക്കാനായി അവ തയ്യാറാക്കി സൂക്ഷിക്കാം.

ജീമെയിലിന് പകരമാകുമോ ഇന്‍ബോക്‌സ് എന്ന് സംശയം തോന്നാം. ടെക് വിദഗ്ധര്‍ പറയുന്നത്, അടുത്ത പതിറ്റാണ്ടിലെ ജീമെയിലായിരിക്കും ഇന്‍ബോക്‌സ് എന്നാണ്. ജീമെയിലും ഇന്‍ബോക്‌സും ഒരേസമയം ആരും ഉപയോഗിക്കുമെന്ന് തോന്നുന്നില്ല എന്ന് വിദഗ്ധര്‍ പറയുന്നു. ക്രമേണ ജീമെയില്‍ സര്‍വീസ്, ഇന്‍ബോക്‌സിലേക്ക് ലയിക്കാനാണ് സാധ്യത.