വലിയ പ്രതാപശാലികളെന്ന് പറയാനാകില്ലെങ്കിലും, സോഷ്യല്‍ മീഡിയ യുഗത്തിന് മുമ്പ് രംഗത്തെത്തിയ രണ്ട് വെബ്ബ് സര്‍വീസുകള്‍ക്ക് വിട ചൊല്ലുകയാണ് ടെക് ലോകം - ഗൂഗിളിന്റെ ഫീഡ് സര്‍വീസായ ഗൂഗിള്‍ റീഡറിനും, യാഹൂവിന്റെ സെര്‍ച്ച് സര്‍വീസായ ആള്‍ട്ടവിസ്തയ്ക്കും.

നേരത്തെ ഗൂഗിള്‍ പ്രഖ്യാപിച്ചിരുന്നത് പ്രകാരം ജൂലായ് ഒന്ന് മുതല്‍ ഗൂഗിള്‍ റീഡര്‍ ( Google Reader ) സര്‍വീസ് നിര്‍ത്തി. അതേസമയം, യാഹൂ കമ്പനിയുടെ പുതിയ വെട്ടിനിരത്തലില്‍ ആള്‍ട്ടവിസ്ത പെടുന്ന കാര്യം കമ്പനി ഇപ്പോഴാണ് പ്രഖ്യാപിക്കുന്നത്. ജൂലായ് എട്ടിന് ആള്‍ട്ട വിസ്ത അടച്ചുപൂട്ടുമെന്ന് യാഹൂ അതിന്റെ ബ്ലോഗ് പോസ്റ്റില്‍ വ്യക്തമാക്കി.

വെബ്ബ് ഉപയോക്താക്കള്‍ ഒരുകാലത്ത് തങ്ങള്‍ക്ക് ഇഷ്ടമുള്ള വിഷയങ്ങളുടെ അപ്‌ഡേറ്റുകള്‍ കിട്ടാന്‍ ആശ്രയിച്ചിരുന്നത് ഗൂഗിള്‍ റീഡര്‍ പോലുള്ള ആര്‍.എസ്.എസ്. ഫീഡ് സര്‍വീസുകളെയായിരുന്നു. ട്വിറ്ററും ഫെയ്‌സ്ബുക്കും ഗൂഗിള്‍ പ്ലസും പോലുള്ള സോഷ്യന്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളുടെ പ്രാമുഖ്യമേറിയതോടെ, റീഡര്‍ സര്‍വീസുകളുടെ ഗ്ലാമര്‍ കുറഞ്ഞു.

എങ്കിലും, ഗൂഗിള്‍ റീഡറിനെ കൈവിടാനുള്ള ഗൂഗിളിന്റെ തീരുമാനത്തിനെതിരെ റീഡറിന്റെ കടുത്ത ആരാധകര്‍ വന്‍പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ജൂലായ് ഒന്ന് ആയപ്പോഴേക്കും, 'കീപ്പ് ഗൂഗിള്‍ റീഡര്‍ റണ്ണിങ്' എന്ന പേരിലുള്ള ഓണ്‍ലൈന്‍ പരാതിയില്‍ ഒപ്പിട്ടവരുടെ സംഖ്യ 154,000 ത്തോളമായി. 'പ്ലീസ് ഡോന്‍ഡ് കില്‍ ഗൂഗിള്‍ റീഡര്‍' എന്ന പേരിലുള്ള മറ്റൊരു പെറ്റീഷനില്‍ 7598 പേരും ഒപ്പിട്ടിരുന്നു.

ഇത്തരം പ്രതിഷേധംകൊണ്ടൊന്നും പക്ഷേ, ഗൂഗിളിനെ അതിന്റെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കഴിഞ്ഞില്ല. പറഞ്ഞതുപോലെ സംഭവം ജൂലായ് ഒന്നിന് അവസാനിച്ചു.

2005 ലാരംഭിച്ച ഗൂഗിള്‍ റീഡര്‍ ഇത്തരത്തില്‍ അവസാനിക്കുമ്പോള്‍, ആ സര്‍വീസിന് പകരമാകാന്‍ 'ഫീഡ്‌ലി' ( Feedly ), 'ഡിഗ്ഗ് റീഡര്‍' ( Digg Reader ), 'ന്യൂസ്ബ്ലര്‍' ( Newsblur ) തുടങ്ങിയ സര്‍വീസുകള്‍ രംഗത്തുണ്ട്.

അതേസമയം, ഗൂഗിളിന് മുമ്പേ രംഗത്തെത്തിയ സെര്‍ച്ച് എഞ്ചിനാണ് ആള്‍ട്ടവിസ്ത ( AltaVista ). വെബ്ബ് ഉള്ളടക്കത്തില്‍ നല്ലൊരു പങ്ക് ആദ്യമായി ഇന്‍ഡക്‌സ് ചെയ്തത് ആള്‍ട്ടവിസ്തയാണ്. അതിന്റെ ഇപ്പോഴത്തെ ഉടമസ്ഥരായ യാഹൂ ആണ്, ആ സെര്‍ച്ച് സര്‍വ്വീസ് അടച്ചുപൂട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്.

ജൂലായ് എട്ടിന് ശേഷം ആരെങ്കിലും ആള്‍ട്ടവിസ്ത സൈറ്റ് നോക്കിയാല്‍ അവര്‍ യാഹൂവിന്റെ മുഖ്യസൈറ്റിലേക്ക് എത്തും.

2003 ല്‍ 'ഓവര്‍ട്യൂര്‍' ( Overture ) കമ്പനിയെ യാഹൂ ഏറ്റെടുത്തപ്പോഴാണ്, ആള്‍ട്ടവിസ്ത സെര്‍ച്ചും അതിന്റെ ഇന്‍ഡെക്‌സുമെല്ലാം യാഹൂവിന് സ്വന്തമായത്.

1995 ലാണ് ആള്‍ട്ടവിസ്ത സ്ഥാപിതമാകുന്നത്. ഏതാണ്ട് 200 ലക്ഷം വെബ്ബ്‌പേജുകള്‍ ഇന്‍ഡക്‌സ് ചെയ്യാന്‍ ആള്‍ട്ടവിസ്തയ്ക്ക് സാധിച്ചത് ആദ്യകാലത്ത് അതിന് സാമാന്യം ജനപ്രതീ നേടിക്കൊടുത്തു. 2001 വരെ വെബ്ബിലെ പ്രധാന സൈറ്റുകളിലൊന്നായിരുന്നു ആള്‍ട്ടവിസ്ത. എന്നാല്‍, ഗൂഗിളിന്റെ ആധിപത്യമാരംഭിച്ചതോടെ ആള്‍ട്ടവിസ്ത പിന്നിലേക്ക് പോയി.

പോള്‍ ഫ് ളാഹര്‍ട്ടി, ലൂയിസ് മോനിയര്‍, ബ്രിട്ടൊന്‍ മൈക്കല്‍ ബോറോസ് എന്നീ മൂന്ന് യു.എസ്.കമ്പ്യൂട്ടര്‍ സയന്റിസ്റ്റുകള്‍ ചേര്‍ന്നാണ് ആള്‍ട്ടവിസ്തയ്ക്ക് പിന്നിലെ സാങ്കേതികവിദ്യ രൂപപ്പെടുത്തിയത്. മൂവരും ആ സമയത്ത് 'ഡിജിറ്റല്‍ എക്വിപ്‌മെന്റ് കോര്‍പ്പറെഷന്‍' (ഡി.ഇ.സി) ലാബുകളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു.

1998 ല്‍ ഡി.ഇ.സി.യെ യു.എസ്. പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ നിര്‍മാതാക്കളായ കോംപാക്വ് സ്വന്തമാക്കി. അതോടെയാണ് ആള്‍ട്ടവിസ്തയുടെ കഷ്ടകാലം ആരംഭിക്കുന്നത്. 1999 ല്‍ ആള്‍ട്ടവിസ്തയെ ഒരു വെഞ്ച്വര്‍ ക്യാപിറ്റര്‍ കമ്പനി സ്വന്തമാക്കി. 2003 ല്‍ ഓവര്‍ട്യൂര്‍ അതിനെ ഏറ്റെടുക്കുകയും, യാഹൂവിന്റെ ഭാഗമാവുകയും ചെയ്തു.

അങ്ങനെ പല കൈമറിഞ്ഞ് വന്ന ആള്‍ട്ടവിസ്തയുടെ ചരിത്രം ഇപ്പോള്‍ അവസാനിക്കുകയാണ്.