ലോകത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് കമ്പനിയായ ഗൂഗിളിന്റെ യൂസര്‍ ഡേറ്റ, അമേരിക്കയുടെ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി (എന്‍ എസ് എ) രഹസ്യമായി ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഗൂഗിള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ഗൂഗിള്‍ യൂസര്‍മാരുടെ ഡേറ്റ ലോകമെങ്ങുമെത്തിക്കുന്ന മുഖ്യ കമ്മ്യൂണിക്കേഷന്‍ ലിങ്കുകളില്‍നിന്ന് വിവരങ്ങള്‍ എന്‍ എസ് എ യഥേഷ്ടം ചോര്‍ത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

മറ്റൊരു ടെക് ഭീമനായ യാഹൂവിന്റെ ഡേറ്റയും ഇത്തരത്തില്‍ ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. യാഹൂവും സംഭവത്തില്‍ പ്രതിഷേധിച്ചിട്ടുണ്ട്.

എഡ്വേര്‍ഡ് സ്‌നോഡന്‍ പുറത്തുവിട്ട രേഖകളുടെയും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നടത്തിയ അഭിമുഖങ്ങളുടെയും അടിസ്ഥാനത്തില്‍ 'വാഷിങ്ടണ്‍ പോസ്റ്റാ'ണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഗൂഗിള്‍ പോലുള്ള സിലിക്കണ്‍ വാലി ഭീമന്‍മാരുടെ ഡേറ്റാകേന്ദ്രങ്ങളിലേക്ക് ഫൈബര്‍ കേബിളുകള്‍ വഴി ഡേറ്റ പ്രവഹിക്കുമ്പോള്‍ , അതില്‍നിന്ന് വന്‍തോതില്‍ ഡേറ്റ കോപ്പി ചെയ്യുകയാണ് എന്‍ എസ് എ ചെയ്യുന്നതത്രേ. ബ്രിട്ടന്റെ സഹായവും ഇതിനുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.

സ്‌നോഡന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് തങ്ങളുടെ അന്തസ്സിന് ഇടിവ് പറ്റിയതില്‍ ഗൂഗിളും യാഹൂവുമൊക്കെ കടുത്ത രോക്ഷം പ്രകടിപ്പിച്ചു. യു.എസ്.ഭരണകൂടവും ടെക് ഭീമന്‍മാരുമായി ഇപ്പോള്‍ തന്നെ കലുഷിതമായ ബന്ധം കൂടുതല്‍ വഷളാകാന്‍ പുതിയ വെളിപ്പെടുത്തല്‍ ഇടയാക്കുമെന്ന് കരുതുന്നു.