ഇന്‍ഷൂറന്‍സ് പരിരക്ഷയോടുകൂടിയ ബിറ്റ്‌കോയിന്‍ ( Bitcoin ) സംഭരണി ലണ്ടനില്‍ ആരംഭിച്ചു. ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്‌കോയിന്‍ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ നഷ്ടപരിഹാരം ലഭിക്കും.

ലോകത്ത് ആദ്യമായാണ് ബിറ്റ്‌കോയിന് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുന്നത്. സൈബര്‍ കവര്‍ച്ചയില്‍നിന്ന് ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിനെ രക്ഷിക്കാനുദ്ദേശിച്ചുള്ളതാണ് 'എല്ലിപ്റ്റിക് വാള്‍ട്ടി' ( Elliptic Vault ) ന്റെ സര്‍വീസ്.

'ഡീപ് കോള്‍ഡ് സ്‌റ്റോറേജിലാ' ( 'deep cold storage' ) കും ബിറ്റ്‌കോയിനുകള്‍ സൂക്ഷിക്കുകയെന്ന് എല്ലിപ്റ്റിക് വാള്‍ട്ട് അധികൃതര്‍ പറയുന്നു. ബിറ്റ്‌കോയിനുമായി ബന്ധപ്പെട്ട എന്‍ക്രിപ്റ്റഡ് കോഡുകള്‍ ഓഫ്‌ലൈനില്‍ സുരക്ഷിതമായ സ്ഥാനങ്ങളില്‍ സൂക്ഷിക്കും. ഓണ്‍ലൈനിലൂടെ അത് കൈക്കലാക്കാന്‍ കഴിയില്ല.

'കസ്റ്റമറുടെ ബിറ്റ്‌കോയിനുകള്‍ ഞങ്ങളുടെ പക്കല്‍നിന്ന് നഷ്ടപ്പെട്ടാലും, കസ്റ്റമര്‍ക്ക് പേടിക്കേണ്ട. നഷ്ടപരിഹാരം ലഭിക്കും. ബിറ്റ്‌കോയിനെ സംബന്ധിച്ച് ഇതൊരു വലിയ ചുവടുവെപ്പാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഒരു സാധാരണ ബാങ്ക് അക്കൗണ്ടിന്റെ കാര്യത്തിലെന്ന പോലെ, ബിറ്റ്‌കോയിന്‍ ഉടമയ്ക്ക് ഇത് മനസ്സമാധാനം നല്‍കും'' - ലണ്ടന്‍ കേന്ദ്രമായുള്ള എല്ലിപ്റ്റിക് വാള്‍ട്ടിന്റെ സഹസ്ഥാപകന്‍ ടിം റോബിന്‍സണ്‍ അറിയിച്ചു.

ഒരുവര്‍ഷംമുമ്പ് ഒരു ബിറ്റ്‌കോയിന് 25 ഡോളര്‍ മൂല്യമുണ്ടായിരുന്നത് ഇപ്പോള്‍ ആയിരം ഡോളര്‍ കടന്നിരിക്കുന്നു. അതോടെ ബിറ്റ്‌കോയിനുകള്‍ സൂക്ഷിച്ചിട്ടുള്ള കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വേറുകള്‍ പലതിനും കോടികളുടെ മൂല്യമായി.

ദുഷ്ടപ്രോഗ്രാമുകളുടെ സഹായത്തോടെ കമ്പ്യൂട്ടറുകളില്‍നിന്ന് ബിറ്റ്‌കോയിനുകള്‍ സൈബര്‍ ക്രിമിനലുകള്‍ക്ക് ചോര്‍ത്തിയെടുക്കാന്‍ അധികം ബുദ്ധിമുട്ടില്ലെന്ന കാര്യം പലരുടെയും ഉറക്കംകെടുത്തുകയാണ്. കവര്‍ച്ച ചെയ്യപ്പെട്ടാല്‍ ബിറ്റ്‌കോയിനുകള്‍ തിരികെ കിട്ടുക അസാധ്യമാണ്.

ഈ പ്രശ്‌നത്തിനുള്ള പരിഹാരമാണ് എല്ലിപ്റ്റിക് മുന്നോട്ടുവെയ്ക്കുന്നത്. ബിറ്റ്‌കോയിന്‍ മൂല്യത്തില്‍ രണ്ടുശതമാനമാണ് അത് ഇന്‍ഷൂറന്‍സോടുകൂടി സൂക്ഷിക്കാന്‍ എല്ലിപ്റ്റ്‌സ് ഈടാക്കുക. (കടപ്പാട് : ഇന്റര്‍നാഷണല്‍ ബിസിനസ് ടൈംസ് )

കാണുക -


ബിറ്റ്‌കോയിന്‍ - അറിയേണ്ടതെല്ലാം
ബിറ്റ്‌കോയിന്‍ ഖനനം
ബിറ്റ്‌കോയിന്‍ -കറന്‍സിയുടെ ഡിജിറ്റല്‍ അവതാരം