ഇന്റര്‍നെറ്റ് വ്യാപാരത്തിനുള്ള ഒരു ഡിജിറ്റല്‍ കറന്‍സി എന്ന് ബിറ്റ്‌കോയിന്‍സിനെ വിവരിക്കാം. കേന്ദ്രീകൃതമായി ഇത് നിയന്ത്രിക്കപ്പെടുന്നില്ല. മാത്രമല്ല, ഭൗതികമായ ഒരു രൂപവും അതിനില്ല. കമ്പ്യൂട്ടറുകള്‍ സ്വയം സംവദിക്കുന്ന 'പിയര്‍ ടു പിയര്‍ സാങ്കേതികവിദ്യ' ഉപയോഗപ്പെടുത്തുന്ന ഓപ്പണ്‍സോഴ്‌സ് സോഫ്റ്റ്‌വേര്‍ പ്രോഗ്രാമാണ് ഈ സംവിധാനത്തെ നിലനിര്‍ത്തുന്നത്.


മാസത്തില്‍ ആദ്യദിവസം ശമ്പളം മുഴുവന്‍ നോട്ടുകെട്ടുകളായി കിട്ടിയിരുന്ന കാലം മറഞ്ഞിട്ട് അധികകാലമായിട്ടില്ല. കാലംമാറിയപ്പോള്‍ പേപ്പര്‍ കറന്‍സി മാറി പ്ലാസ്റ്റിക് കറന്‍സി എത്തി. എങ്കിലും കറന്‍സി സംവിധാനത്തിന്റെ അടിസ്ഥാന സ്വഭാവം മാറ്റിമറിക്കുന്ന ഒന്നും നാം ഇതുവരെ കണ്ടില്ല. കാലം നമ്മുടെ സങ്കല്‍പ്പങ്ങളെ മാറ്റിമറിക്കാന്‍ പോവുകയാണ് - അതെപ്പറിയാണ് ഈ ലേഖനം.

സാധനങ്ങളും സേവനങ്ങളും കൈമാറ്റം ചെയ്യാന്‍ മനുഷ്യന്‍ പണമുപയോഗിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെ ആയി. കാലദേശങ്ങള്‍ക്കതീതമായി വളര്‍ന്ന ഒരോ ജനസഞ്ചയവും ഏറെക്കുറെ ഒരേപോലെ പിന്തുടര്‍ന്ന ആശയമാണ് പണം എന്നത്. രാജ്യങ്ങളും ഭരണകൂടങ്ങളുമൊക്കെ രൂപപ്പെടുന്നതിനും മുമ്പ് ആദിമ മനുഷ്യസമൂഹങ്ങള്‍ പോലും പണമോ അതുപോലെയുള്ള സങ്കേതങ്ങളോ ക്രയവിക്രയങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നതായി ചരിത്രം പറയുന്നു.

പണമെന്ന ആശയം കാലക്രമത്തിലാണ് ശക്തിപ്രാപിച്ചത്. അത് രാജ്യങ്ങളുടെ അതിര്‍വരമ്പുകള്‍ക്കുള്ളില്‍ ഒരുങ്ങുകയും അവിടുത്തെ കേന്ദ്രീകൃത സംവിധാനങ്ങളാല്‍ നിയന്ത്രിക്കപ്പെടുകയും ചെയ്യുന്ന ഒന്നായി പരിണമിച്ചു. രാജ്യാതിര്‍ത്തികള്‍ ഭേദിച്ച് കൈമാറ്റങ്ങള്‍ വളര്‍ന്നപ്പോള്‍ , രാജ്യങ്ങള്‍ക്ക് അതീതമായി നില്‍ക്കുന്ന വമ്പന്‍ ധനകാര്യസ്ഥാപനങ്ങളാണ് ഈ ക്രിയവിക്രയങ്ങള്‍ നിയന്ത്രിച്ചു പോരുന്നത് .

ഇന്റര്‍നെറ്റ് വ്യാപാരങ്ങള്‍ പോലെയുള്ള നൂതന ഏര്‍പ്പാടുകള്‍ വളര്‍ന്നപ്പോള്‍ അതിനനുസൃതമായി ഈ മേഖലയിലും ചില മാറ്റങ്ങല്‍വന്നു. എങ്കിലും ഈ രംഗത്തിന്റെ കേന്ദ്രീകൃതസ്വഭാവം അതേപടി തുടര്‍ന്നു. സാങ്കേതികവിദ്യകള്‍ ലോകത്തെ ചെറുതാക്കിയെങ്കിലും, അതിന്റെ പൂര്‍ണമായ പ്രയോജനം സാധാരണക്കാരില്‍ എത്തിക്കുന്ന തരത്തില്‍ ഒരു മാറ്റവും സാമ്പത്തിക ക്രയവിക്രയരംഗത്ത് ഉണ്ടായില്ല. അതുകൊണ്ടു തന്നെ പുത്തന്‍ സാങ്കേതികവിദ്യകളുടെ ഫലമായുള്ള നവക്രയവിക്രയ സങ്കേതങ്ങളുടെ പ്രയോജനം മുഴുവന്‍ വമ്പന്‍സ്രാവുകള്‍ക്ക് മാത്രമായി തുടര്‍ന്നു.

ഒരു ഉദാഹരണം നോക്കാം. നമ്മുടെ കൊച്ചുകേരളത്തില്‍ പുറത്തിറങ്ങിയ ഒരു പുസ്തകം അമേരിക്കയിലിരുന്നു വാങ്ങുന്നു എന്ന് കരുതുക. ഇരുരാജ്യങ്ങളുടെയും കറന്‍സി ഒന്നല്ലാത്തതിനാല്‍ , ഉപഭോകതാവ് മുടക്കുന്ന അമേരിക്കന്‍ ഡോളറിനെ ഇന്ത്യന്‍ രൂപയായി മാറ്റി വില്പനക്കാരന് നല്‍കിയാല്‍ മാത്രമേ കച്ചവടം നടക്കൂ. പേമെന്റ് ഗേറ്റ്‌വേകള്‍ എന്നറിയപ്പെടുന്ന ഇടനില സ്ഥാപനങ്ങളാണ് ഈ കറന്‍സി കൈമാറ്റം സാധ്യമാകുന്നത്.

ഇന്ന് നിലനില്‍ക്കുന്ന ഈ മാതൃകയ്ക്ക് ഒട്ടേറെ പോരായ്മകളുണ്ട്. ഗേറ്റ്‌വേ കമ്പനികള്‍ ഇരുകൂട്ടരില്‍ നിന്നും കമ്മീഷന്‍ ഈടാക്കുന്നതിനാല്‍ സാധനത്തിന്റെ വില ഉയരുന്നു. മാത്രമല്ല, ഇത്തരം സംവിധാനങ്ങള്‍ ഒരുക്കാന്‍ കഴിയാത്ത ചെറുകിടക്കാര്‍ ഇതില്‍നിന്ന് പിന്തള്ളപ്പെട്ടുപോകുന്നു.

രാജ്യത്തിന്റെ അതിര്‍വരമ്പുകള്‍ക്ക് അതീതമായി വര്‍ത്തിക്കുന്ന ഒരു കറന്‍സിക്ക് മാത്രമേ, ഇത്തരം ഇടനിലക്കാരെ മാറ്റിനിര്‍ത്താന്‍ സാധിക്കൂ. എന്നുവെച്ചാല്‍ , ഒരു രാജ്യത്തെ കറന്‍സിക്ക് മറ്റൊരു രാജ്യത്ത് വിനിമയമൂല്യം ഉണ്ടാകണം. കറന്‍സികള്‍ അതതു രാജ്യത്തിന്റെ പരമാധികാര ചിഹ്നങ്ങളാകയാല്‍ , ഏകലോക സര്‍ക്കാര്‍ എന്ന ഉട്ടോപ്യന്‍ സിദ്ധാന്തത്തിലാണ് നാമെത്തുക.

ഇവിടെയാണ് മറ്റ് സമാന്തര സംവിധാനങ്ങളുടെ പ്രസക്തി കടന്നുവരുന്നത്. അത്തരത്തില്‍ ലോകശ്രദ്ധ നേടുന്ന ഒരു സംവിധാനമാണ് ബിറ്റ്‌കോയിന്‍സ് ( Bitcoins ).


ബിറ്റ്‌കോയിന്‍ എന്നാല്‍


ഇന്റര്‍നെറ്റ് വ്യാപാരത്തിനുള്ള ഒരു ഡിജിറ്റല്‍ കറന്‍സി എന്ന് ബിറ്റ്‌കോയിന്‍സിനെ ലഘുവായി വിവരിക്കാം. കേന്ദ്രീകൃതമായി ഇത് നിയന്ത്രിക്കപ്പെടുന്നില്ല. മാത്രമല്ല, ഭൗതികമായ ഒരു രൂപവും അതിനില്ല. കമ്പ്യൂട്ടറുകള്‍ സ്വയം സംവദിക്കുന്ന 'പിയര്‍ ടു പിയര്‍ ( ജ2ജ ) സാങ്കേതികവിദ്യ' ഉപയോഗപ്പെടുത്തുന്ന ഓപ്പണ്‍സോഴ്‌സ് സോഫ്റ്റ്‌വേര്‍ പ്രോഗ്രാമാണ് ഈ സംവിധാനത്തെ നിലനിര്‍ത്തുന്നത്. അവിശ്വസനീയമായി തോന്നാം. പക്ഷേ, സംഗതി സത്യമാണ്.

2008 ല്‍ ഒരു പ്രബന്ധത്തിലൂടെ സതോഷി നകമോട്ടോ ഈ ആശയം അവതരിപ്പിച്ചപ്പോഴും സാമ്പത്തിക, സാങ്കേതിക രംഗത്തെ വിദഗ്ധര്‍ അതിന് വലിയ പ്രാധാന്യം കല്‍പ്പിച്ചില്ല. എന്നാല്‍ പോയ വര്‍ഷങ്ങളില്‍ ബിറ്റ്‌കോയിന്‍ നേടിയെടുത്ത ജനപ്രിയത, ക്രിപ്‌ടോകറന്‍സി ( cryptocurrency ) എന്ന ഗണത്തില്‍ പ്പെടുത്താവുന്ന ഈ പുതിയ ആശയത്തെക്കുറിച്ച് കൂടുതലറിയാന്‍ നമ്മളെ പ്രേരിപ്പിക്കുന്നു.

ഇതില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒരു വാലറ്റ് കമ്പ്യൂട്ടര്‍ പ്രോഗ്രാം ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യണം. എം.ഐ.ടി യുടെ ഓപ്പണ്‍സോഴ്‌സ് ലൈസന്‍സ് വഴി സൗജന്യമായി ലഭിക്കുന്ന ആ പ്രോഗ്രാമാണ് ഇതിന്റെ ആദ്യപടി.

സന്ദേശം അയക്കുന്ന ആള്‍ക്കും സ്വീകരിക്കുന്നയാള്‍ക്കും ഇമെയില്‍ വിലാസം വേണമെന്നതുപോലെ, പണം നല്കുന്നയാള്‍ക്കും സ്വീകരിക്കുന്നയാള്‍ക്കും ബിറ്റ്‌കോയിന്‍ വിലാസം ആവശ്യമാണ്. ഇത് നമ്മുടെ കമ്പ്യൂട്ടറിലോ മൊബൈല്‍ഫോണിലോ പ്രവര്‍ത്തിക്കുന്ന ഒരു കമ്പ്യൂട്ടര്‍പ്രോഗ്രാം നല്കുന്ന വിലാസമാണ്. ഒരാള്‍ക്ക് എത്ര ബിറ്റ്‌കോയിന്‍ വിലാസം വേണമെങ്കിലും ആകാം.

മറ്റ് 'പിയര്‍ റ്റു പിയര്‍ പ്രോഗ്രാമുകള്‍' പ്രവത്തിക്കുന്നതുപോലെ ഇത്തരം പ്രോഗ്രാമുകള്‍ക്ക് ഇന്റര്‍നെറ്റിലുള്ള മറ്റു സമാന പ്രോഗ്രാമുകളുമായി സ്വയം ആശയവിനിമയം നടത്താന്‍ കഴിയും. ഇപ്രകാരം രണ്ടു ബിറ്റ്‌കോയിന്‍ അഡ്രസുകള്‍ കോയിന്‍ ഇടപാട് നടത്തുന്ന വിവരം നെറ്റ്‌വര്‍ക്കിലെ മറ്റു കമ്പ്യൂട്ടറുകള്‍ക്ക് കൈമാറുന്നു. പബ്‌ളിക് കീ െ്രെപവറ്റ് കീ, ഹാഷിംഗ് തുടങ്ങി പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തി, ഈ ഇടപാടിന്റെ സാധുത പരിശോധിക്കപ്പെടുന്നു. ഒരു നിശ്ചിത എണ്ണം കമ്പ്യൂട്ടറുകള്‍ സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞാല്‍ ഇടപാട് സാധുവാകുന്നു.ഇപ്രകാരം സാധുവായ ഇടപാടുകളെ ബ്ലോക്ക് ചെയിനുകള്‍ ( Block Chain ) എന്നറിയപ്പെടുന്ന പബ്‌ളിക് ട്രാന്‍സ്‌സാക്ഷന്‍ ലോഗുകളില്‍ ചേര്‍ക്കുന്നു. ഇപ്രകാരം സ്വതന്ത്രകമ്പ്യൂട്ടറുകള്‍ നടത്തുന്ന പരിശോധന, ബാങ്കുകള്‍ പോലെയുള്ള കേന്ദ്രീകൃത സംവിധാനങ്ങള്‍ നടത്തുന്ന പരിശോധനകളെക്കാള്‍ കൃത്യത ഉള്ളതായിരിക്കുമെന്ന് ബിറ്റ്‌കോയിന്‍ വക്താക്കള്‍ അവകാശപ്പെടുന്നു.

ഇനി ബിറ്റ്‌കോയിനുകള്‍ എങ്ങനെ, എവിടെനിന്ന് ലഭിക്കുമെന്ന് നോക്കാം. ബിറ്റ്‌കോയിനുകള്‍ നിര്‍മ്മിക്കുന്ന പ്രക്രിയയാണ് മൈനിംഗ് എന്ന പേരില്‍ അറിയപ്പെടുന്നത്. കേന്ദ്രീകൃത സംവിധാനങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ ശൃംഖലാ കമ്പ്യൂട്ടറുകള്‍ തന്നെയാണ് ഇവ നിര്‍മിക്കുന്നത്. വളരെ സങ്കീര്‍ണ്ണമായ കമ്പ്യൂട്ടര്‍ ഹാഷിംഗ് രീതിയിലൂടെയേ ഇടപാടുകളുടെ സാധുത പരിശോധിക്കുന്ന ശൃംഖലയുടെ ഭാഗമാകാന്‍ കഴിയൂ. ഈ സാധുതാ പരിശോധന ബിറ്റ്‌കോയിന്‍ ഇകോ സിസ്റ്റത്തിന്റെ ജീവനാഡി ആയതിനാല്‍ ഈ നോഡുകള്‍ക്ക് പ്രതിഫലമായി ഒരു നിശ്ചിത ബിറ്റ്‌കോയിന്‍ ലഭിക്കും. കൂടുതല്‍ ആളുകളെ ഇതിലേക്ക് ആകര്‍ഷിച്ച് ഈ ശൃംഖലാ സംവിധാനത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കുവാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.

ശൃംഖലയില്‍ ആവശ്യത്തിന് കമ്പ്യൂട്ടറുകള്‍ അഥവാ നോഡുകള്‍ ആയിക്കഴിഞ്ഞാല്‍ സമസ്യയുടെ കാഠിന്യം കൂടുകയും, പ്രചാരത്തിലെത്തുന്ന കൊയിനുകളുടെ എണ്ണം ക്രമേണ കുറയുകയും ചെയ്യുന്നു. ആവശ്യത്തിനുള്ള നോഡുകള്‍ ശൃംഖലയില്‍ ഉള്ളതിനാന്‍ ഇപ്പോള്‍ ശൃംഖലയില്‍ ചേരുന്ന ആര്‍ക്കും ബിറ്റ്‌കോയിനുകള്‍ എളുപ്പത്തില്‍ മൈന്‍ ചെയ്യുക സാധ്യമല്ല .

പിന്നെ സാധാരണക്കാര്‍ക്ക് എങ്ങനെ ബിറ്റ്‌കോയിനുകള്‍ ക്രയവിക്രയം നടത്താം എന്നാണെങ്കില്‍ , അതിനായി നമുക്ക് ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ചുകളെ ഉപയോഗിക്കാം. നമ്മുടെ കൈയിലുള്ള കറന്‍സി ബിറ്റ്‌കോയില്‍ ആക്കിമാറ്റാനുള്ള സംവിധാനം ആണിത്. സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍നിന്ന് പണം കൊടുത്ത് സ്‌റ്റോക്ക് വാങ്ങുന്നത് പോലെയാണിത്.

മൗണ്ട് ഗൊക്‌സ്
ആണ് ഇതില്‍ ഏറെ പ്രശസ്തമായ ഒരു എക്‌സ്‌ചേഞ്ച്. അതുവഴി ലഭിക്കുന്നു ബിറ്റ്‌കോയിനുകള്‍ നമുക്ക് ഉപയോഗിക്കാം. അല്ലെങ്കില്‍ നമുക്ക് വേണ്ടുന്ന രാജ്യത്തിന്റെ കറന്‍സി ആയി മാറ്റം. സ്‌റ്റോക്ക്‌വില പോലെ ബിറ്റ്‌കോയിനുകളുടെ വിനിമയനിരക്കും ഓരോ സമയവും മാറിക്കൊണ്ടിരിക്കും. ഇതുകൂടാതെ, അല്പം ആയാസകരമെങ്കിലും ബിറ്റ്‌കോയിനുകള്‍ , മുകളില്‍ വിവരിച്ച വാലറ്റ് പ്രോഗ്രാം ഉപയോഗിച്ച് നിര്‍മിക്കാന്‍ സഹായിക്കുന്ന ഒട്ടേറെ സംരംഭങ്ങളും നിലവിലുണ്ട്.


പണപ്പെരുപ്പത്തിന് പരിഹാരം?


സാമ്പത്തികവിദഗ്ധര്‍ നിലവില്‍ ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്ന ഏറ്റവും വലിയ സമസ്യയാണ് പണപ്പെരുപ്പം. അതിന് ബിറ്റ്‌കോയിന്‍ വഴി പരിഹാരം കാണാം എന്ന അവകാശവാദമാണ് സാമ്പത്തിക ശാസ്ത്രജ്ഞര്‍ക്ക് ഈ സംവിധാനത്തില്‍ വലിയ പ്രതീക്ഷ നല്‍കുന്നത്.

ഒരു നിശ്ചിത എണ്ണം ബിറ്റ്‌കോയിന്‍ മാത്രം പ്രചാരത്തില്‍ വരത്തക്ക വിധം ക്രമീകരിച്ചിരിക്കുന്നതിനാല്‍ അവ ഒരിക്കലും പണപ്പെരുപ്പത്തിന് വിധേയമാകില്ലത്രേ. ആകെ 210 ലക്ഷം കോയിനുകള്‍ മാത്രമാണ് ഈ സംവിധാനം വഴി പ്രചാരത്തില്‍ വരുന്നത്. അതാകട്ടെ ഒരു നീണ്ടകാലയളവ് കൊണ്ടാണ് സംഭവിക്കുന്നതും. ആകെയുള്ള ഇത്രയും കോയിനുകളില്‍ ഏതാണ്ട് 100 ലക്ഷം പ്രചാരത്തിലായിക്കഴിഞ്ഞു.

നിലവിലുള്ള സാമ്പത്തിക സംവിധാനങ്ങളെ അപ്പാടെ തുടച്ചുമാറ്റുന്ന ഒരു പുതിയ സംവിധാനമായല്ല ഇതിനെ കാണേണ്ടതെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. മറിച്ച് നിലവിലുള്ള സംവിധാനത്തിന്റെ പോരായ്മകള്‍ കുറച്ച് അവയുമായി അനുപൂരകമായി വര്‍ത്തിക്കുന്ന, അതേസമയം ഓണ്‍ലൈന്‍ ക്രയവിക്രയങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഒരു സംവിധാനം.

ഇവിടെയാണ് ഇടനിലക്കാരെ പൂര്‍ണമായും ഒഴിവാക്കി ചെറുകിട കച്ചവടക്കാര്‍ക്ക് പോലും ഓണ്‍ലൈന്‍ കച്ചവട ശൃംഖലയുടെ ഭാഗമാകാന്‍ കഴിയുന്നതിന്റെ പ്രസക്തി വര്‍ധിക്കുന്നത്. അത് രാജ്യങ്ങളുടെ അതിര്‍വരമ്പുകള്‍ പോലും ലംഘിക്കാന്‍ കെല്‍പ്പുള്ളവ ആണെന്ന് വരുകില്‍ , അത് ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്ക് വലിയ മുതല്‍ക്കൂട്ടാകും.

സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലൂടെ സാധ്യമാകുന്ന ജനമുന്നേറ്റങ്ങളും, ഭരണകൂടങ്ങള്‍ക്ക് അതീതമായി നിലനില്‍ക്കുന്ന ഇത്തരം സംവിധാനങ്ങളുടെ പ്രസക്തി വര്‍ധിപ്പിക്കുന്നു. വിക്കിലീക്‌സ് പോലെയുള്ള സംരംഭങ്ങള്‍ക്ക് ഏകാധിപത്യ സ്വഭാവമുള്ള ഒരു എജന്‍സിയെയും ഭയപ്പെടാതെ, തികച്ചും അനോണിമസ് ആയി സംഭാവനകള്‍ നല്കാനും മറ്റും ഇത്തരം ക്രിപ്‌ടോകറന്‍സികള്‍ സഹായിക്കും.വരുംകാലങ്ങിളില്‍ അടിച്ചമര്‍ത്തപ്പെടുന്ന ജനങ്ങളുടെ രക്ഷയ്ക്കത്തുന്നത് സാങ്കേതികവിദ്യയായിരിക്കും എന്നകാര്യത്തില്‍ തര്‍ക്കമില്ല.

എല്ലാ വിഭാഗത്തില്‍പെട്ട ജനങ്ങള്‍ക്കും സാമ്പത്തികസ്വാതന്ത്ര്യം നല്‍കുന്ന ഒട്ടേറെ ഘടകങ്ങള്‍ ബിറ്റ്‌കോയിന്‍ സംവിധാനങ്ങളുടെ രൂപകല്‍പ്പനയിലുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ഇത് എല്ലാവിഭാഗം ജനങ്ങളിലേക്കും എത്തപ്പെടുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്.

ലോകത്താകമാനം സര്‍ക്കാരുകളാല്‍ നിയന്ത്രിക്കപ്പെടുന്ന ബാങ്കിങ് സംവിധാനങ്ങള്‍ , രാഷ്ട്രീയവും ആഴിമതിയും മൂലവും, കുത്തകരാജ്യങ്ങളുടെ ഇടപെടലുകള്‍ കാരണവും തകര്‍ന്ന് വീഴുമ്പോള്‍ , സാധാരണക്കാര്‍ക്ക് വിശ്വസിക്കാന്‍ പറ്റുന്ന ഒരു സംവിധാനമായി ഇത് വളരുമോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.


പ്രതീക്ഷകള്‍ക്കൊപ്പം ആശങ്കകളും


ബിറ്റ്‌കോയിന്റെ അനോണിമിറ്റി സ്വഭാവം തന്നെ, ഭരണകൂടങ്ങള്‍ക്ക് വലിയ തലവേദന ഉണ്ടാക്കുന്ന ഒന്നാണ്. വ്യവസ്ഥാപിതമായ രീതികളെ വെല്ലുവിളിക്കുന്ന സമാന്തര സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ഒരു ഭരണകൂടവും ശ്രമിക്കാറില്ല. സില്‍ക്ക് റോഡ് (Silk Road) പോലെ കുപ്രസിദ്ധമായ മയക്കുമരുന്ന വിപണിയില്‍ വളരെയധികം കള്ളപ്പണം ഒഴുകുന്നുണ്ട്. രാജ്യാതിര്‍ത്തികള്‍ക്ക് അതീതമായി പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഈ സാമൂഹ്യവിരുദ്ധ കൂട്ടായ്മയ്ക്ക് സാമ്പത്തിക അനോണിമിറ്റി എന്ന ആയുധംകൂടി നല്‍കുന്നത് വളരെ ആപത്ക്കരമാണ്.

മറ്റൊരു രീതിയിയിലും തടയിടാന്‍ കഴിയാത്ത ഈ കൂട്ടങ്ങളെ വരുതിക്കു നിര്‍ത്താന്‍ അല്‍പമെങ്കിലും കഴിയുന്നത് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കല്‍ തുടങ്ങിയ നടപടികളില്‍കൂടി മാത്രമാണെന്ന് മനസിലാക്കുമ്പോള്‍ , ബിറ്റ്‌കോയിനുകള്‍ വരുത്തിയേക്കാവുന്ന ഭീകരാവസ്ഥയെകുറിച്ച് ബോധ്യം വരും. അതിനാല്‍ ഇത്തരം നീക്കങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്ന് വാദിക്കുന്ന ധനതത്വശാസ്ത്രജ്ഞരുമുണ്ട്.

ബിറ്റ്‌കോയിന്‍ അതിന്റെ ആരംഭഘട്ടത്തിലാണെന്നും സമ്പാദ്യം മുഴുവന്‍ അതില്‍ സൂക്ഷിക്കരുതെന്നും അതിന്റെ വെബ്‌സൈറ്റില്‍ തന്നെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ബിറ്റ്‌കോയിനുകളുടെ വില വളരെ വേഗം വ്യതാസം വരുവാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ആറു മാസത്തെ അമേരിക്കാന്‍ ഡോളറുമായുള്ള വിനിമയമൂല്യം പരിശോധിച്ചാല്‍ തന്നെ ഇത് വ്യക്തമാകും. ഇപ്രകാരം ഒരു നൂതനസംവിധാനത്തെ വിവധ മനുഷ്യസമൂഹങ്ങള്‍ എങ്ങനെ സ്വീകരിക്കുന്നു എന്ന് പഠനം നടത്തുന്ന അക്കാദമിക് വിദഗ്ധരും ഏറെയാണ് (ഇത് കാണുക ). ബിറ്റ്‌കോയിന്‍ ജനശ്രദ്ധ നേടുന്നു എന്ന് അവകാശപ്പെടുംപോഴും, ഇതില്‍ ക്രയവിക്രയം നടത്തുന്നത് ഒരുകൂട്ടം ആളുകള്‍ തന്നെയാകാം എന്ന് സ്ഥാപിക്കുന്ന പഠനങ്ങളും ഏറെയുണ്ട്. ക്രയവിക്രയങ്ങള്‍ അനോണിമസ് ആകയാലും, ഒരാള്‍ക്ക് എത്ര ബിറ്റ്‌കോയില്‍ അഡ്രസ്സ് വഴി വേണമെങ്കിലും ക്രയവിക്രയങ്ങള്‍ നടത്താം എന്നതിനാലും ഇത് പൂര്‍ണ്ണമായും സ്ഥാപിക്കാന്‍ സാധ്യമല്ല.

ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ചുകള്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടക്കുന്ന സ്ഥലമാണെന്നും, വമ്പന്‍ ബിസിനസ് മേധാവികള്‍ ഇല്ലാത്ത ഒരു വ്യാജകറന്‍സിയുടെ പേരില്‍ കൊള്ളനടത്തുകയായെന്നും അതിനാല്‍ സാധരക്കാരെ ഇതില്‍ നിന്ന് രക്ഷിക്കാന്‍ ഇത്തരം സംവിധാനങ്ങള്‍ നിയമം മൂലം നിരോധിക്കാന്‍ അതതു സര്‍ക്കാരുകള്‍ തയ്യാറാകണം എന്നും വാദിക്കുന്ന സാമ്പത്തിക വിദഗ്ദ്ധരുണ്ട്. പല പാശ്ചാത്യ ഭരണകൂടങ്ങളും ഈ രംഗത്തെ ചലനങ്ങളെ ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുകയായെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ ആശങ്കകളെല്ലാം നിലനില്‍ക്കുമ്പോള്‍ തന്നെ ക്രയവിക്രയങ്ങള്‍ക്ക് ഈ സങ്കേതം അനുവദിക്കുന്ന വെബ്‌സൈറ്റുകളുടെ എണ്ണം ഇന്ന് വര്‍ധിച്ചുവരികയാണ്.

ആരാണ് ഇതിനു പിന്നില്‍ ? എന്തെങ്കിലും കുഴപ്പങ്ങള്‍ സംഭവിച്ചാല്‍ ആരോട് പരാതിപ്പെടും? ആര് നീതി നടപ്പാക്കും? തുടങ്ങിയ ചോദ്യങ്ങള്‍ നമുക്കുമുന്നില്‍ ഉയരുന്നുണ്ട്. എന്നാല്‍ എല്ലാ മാറ്റങ്ങും ആശങ്കകള്‍ പ്രദാനം ചെയ്യുമെന്നും മനുഷ്യസമൂഹത്തിന്റെ പുരോഗതിക്ക് അവയെ ക്ഷമയോടെ, അതിജീവിക്കണമെന്നും ഒരുകൂട്ടം ആളുകള്‍ വാദിക്കുന്നു .

കേന്ദ്രീകൃത ബാങ്കിങ് സംവിധാനങ്ങള്‍ നിലവില്‍ വന്നകാലത്ത്, അതുവരെ സ്വയംസൂക്ഷിച്ചിരുന്ന സമ്പത്ത് എങ്ങനെ സ്ഥാപങ്ങളെ ഏല്‍പ്പിക്കുമെന്ന് ജനങ്ങള്‍ സംശയിച്ചിരുന്നു. എങ്കിലും നിലവില്‍ വലിയ പിഴവുകളൊന്നും ഇല്ലാതെ നിലനിന്നു പോകുന്ന ഒരു സംവിധാനത്തെ, ഒറ്റ രാത്രികൊണ്ട് അപ്പാടെ പിഴുതെരിയുവാന്‍ ആരും തയ്യാറാകുമെന്ന് തോന്നുന്നില്ല.

(കൂടുതല്‍ അറിയാന്‍ : http://en.wikipedia.org/wiki/Bitcoin ; http://bitcoin.org/en/ ; https://www.mtgox.com/ ; https://en.bitcoin.it/wiki/Main_Page ; http://bitcoin.org/en/getting-started )

ലേഖകന്റെ ഈമെയില്‍ : unnii21@gmail.com