ഇന്റര്‍നെറ്റ് സെര്‍ച്ചിനെ പുനര്‍നിര്‍ണയിക്കാന്‍ നടക്കുന്ന ശ്രമത്തില്‍ യാഹൂവും പങ്കുചേരുന്നു. അതിന്റെ ഭാഗമായി, ദൃശ്യരൂപത്തില്‍ സെര്‍ച്ച്ഫലങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ സഹായിക്കുന്ന 'ആക്‌സിസ്' (Axis) എന്ന മൈബൈല്‍ ആപ്ലിക്കേഷന്‍ യാഹൂ അവതരിപ്പിച്ചു.

ഐഫോണ്‍, ഐപാഡ്, ഐപോഡ് ടച്ച് എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ആക്‌സിസ് ബ്രൗസര്‍ ബുധനാഴ്ചയാണ് ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ പുറത്തിറക്കിയത്. മറ്റ് മൊബൈല്‍ പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ആക്‌സിസ് വേര്‍ഷനുകള്‍ പണിപ്പുരയിലാണെന്നും യാഹൂ പറയുന്നു.

മൊബൈല്‍ ആപ്ലിക്കേഷന്‍ മാത്രമല്ല, ഡെസ്‌ക്‌ടോപ്പുകളിലും ലാപ്‌ടോപ്പുകളിലും വിവിധ ബ്രൗസറുകളിലെ പ്ലഗ്ഗ്-ഇന്‍ ആയും ആക്‌സിസ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും.

പരമ്പരാഗത സെര്‍ച്ച് എന്‍ജിനുകള്‍ ലിങ്കുകളുടെ ഒരു പട്ടികയായാണ് സെര്‍ച്ച്ഫലങ്ങള്‍ നല്‍കാറ്. എന്നാല്‍, ചെറുചിത്രങ്ങളുടെ കൂട്ടമായി ദൃശ്യരൂപത്തിലാണ് ആക്‌സിസ് ഉപയോഗിക്കുമ്പോള്‍ സെര്‍ച്ച്ഫലങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്.

മൈക്രോസോഫ്റ്റ് ബിംഗ് സെര്‍ച്ച് എന്‍ജിന്‍ കാര്യമായ പരിഷ്‌ക്കരണങ്ങള്‍ വരുത്തിയത് അടുത്തയിടെയാണ്. വ്യക്തികള്‍, സ്ഥലങ്ങള്‍, സാധനങ്ങള്‍ എന്നിവ ഉള്‍പ്പെടെ 500 മില്യണ്‍ സംഗതികളും, 350 കോടി വിവരങ്ങളും ഉള്‍പ്പെടുത്തിയുള്ള 'നോളജ് ഗ്രാഫ്' ഗൂഗിള്‍ അതിന്റെ സെര്‍ച്ചില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പ്രഖ്യാപിച്ചത് കഴിഞ്ഞയാഴ്ച്ചയാണ്. സെര്‍ച്ചിനെ സ്മാര്‍ട്ടാക്കാന്‍ നടക്കുന്ന ഇത്തരം ശ്രമങ്ങളുടെ ഭാഗമാവുകയാണ് യാഹൂവും.

ഗവേഷണസ്ഥാപനമായ കോംസ്‌കോര്‍ നല്‍കുന്ന വിവരമനുസരിച്ച്, അഞ്ചുവര്‍ഷം മുമ്പ് യു.എസ്.സെര്‍ച്ച് മാര്‍ക്കറ്റില്‍ യാഹൂവിന്റെ വിഹിതം 25 ശതമാനമായിരുന്നു, ഇപ്പോഴത് വെറും 13.5 ശതമാനം മാത്രം. അഞ്ചുവര്‍ഷം മുമ്പ് സെര്‍ച്ചില്‍ മൈക്രോസോഫ്റ്റിന്റെ പങ്ക് 9.4 ശതമാനമായിരുന്നത്, ബിംഗ് വഴി ഇപ്പോള്‍ 15.4 ശതമാനമായി. അതേസമയം, അഞ്ചുവര്‍ഷം മുമ്പ് ഗൂഗിളിന്റെ വിഹിതം 56 ശതമാനമായിരുന്നത് ഇപ്പോള്‍ 66 ശതമാനമായി.

ഒരുകാലത്ത് സെര്‍ച്ച് വിപണിയില്‍ കാര്യമായ പങ്കുണ്ടായിരുന്ന യാഹൂ പിന്നിലായ പശ്ചാത്തലത്തിലാണ് പുതിയ രൂപത്തില്‍ സെര്‍ച്ച് വിപണിയില്‍ സാന്നിധ്യമുറപ്പിക്കാന്‍ യാഹൂവിന്റെ ശ്രമം.

തുടക്കത്തില്‍ ആക്‌സിസ് സെര്‍ച്ച്ഫലങ്ങള്‍ക്കൊപ്പം പരസ്യങ്ങള്‍ കാട്ടാന്‍ യാഹൂ ഉദ്ദേശിക്കുന്നില്ല. എന്നാല്‍, ദൃശ്യഫോര്‍മാറ്റിലാണ് സെര്‍ച്ച്ഫലങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് എന്നതിനാല്‍ ഭാവിയില്‍ വീഡിയോ പരസ്യങ്ങള്‍ക്കും ഗ്രാഫിക്കല്‍ മാര്‍ക്കറ്റിങിനും സാധ്യതയുണ്ട്.