യാഹൂ സി.ഇ.ഒ.മരിസ മെയര്‍


ഉപഭോക്താക്കളില്‍ നിന്ന് കാര്യമായ പ്രതികരണമില്ലാത്ത ഏഴ് ഉത്പന്നങ്ങള്‍ ഒഴിവാക്കാന്‍ യാഹൂ തീരുമാനിച്ചു. ബ്ലാക്ക്ബറി ആപ് ഉള്‍പ്പടെയുള്ള ഉത്പന്നങ്ങളാണ് കൈവിടുകയെന്ന് കഴിഞ്ഞ ദിവസം കമ്പനിയുടെ ബ്ലോഗില്‍ അറിയിച്ചു.

മത്സരത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ പിന്നിലായിപ്പോയ യാഹൂവിന് നവീകരണത്തിന്റെ ജീവശ്വാസം നല്‍കാന്‍ സി.ഇ.ഒ.മരിസ മെയര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഈ തീരുമാനവും.

ഗൂഗിളില്‍ ഒരു സമയത്ത് ഇത്തരത്തില്‍ വെട്ടിനിരത്തല്‍ നടന്നിരുന്നു. ഡസണ്‍ കണക്കിന് ഉത്പന്നങ്ങളാണ് അതിന്റെ ഭാഗമായി ഗൂഗിള്‍ ഒഴിവാക്കിയത്. യൂസര്‍മാര്‍ക്ക് മികച്ച രീതിയില്‍ പ്രയോജനപ്പെടുന്ന ഉത്പന്നങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനും, അവ മെച്ചപ്പെടുത്താനുമുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഗൂഗിളിലെ വെട്ടിനിരത്തല്‍.

അന്തരിച്ച ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സ് 1990 കളില്‍ അപ്പിളില്‍ നടപ്പാക്കിയ വെട്ടിനിരത്തലിന്റെ മാതൃകയാണ് ഗൂഗിളില്‍ ലാറി പേജും അനുവര്‍ത്തിച്ചത്. ഒരുകാലത്ത് ഗൂഗിളിലെ 'പ്രഥമ വനിത'യായിരുന്ന മരിസ മെയറും ആ വഴി തന്നെ പിന്തുടരുന്നു എന്നാണ് യാഹൂവിന്റെ തീരുമാനം വ്യക്തമാക്കുന്നത്.

കഴിഞ്ഞ ജൂലായില്‍ മരിസ മെയര്‍ യാഹൂവിന്റെ മേധാവിയായി ചുമതലയേറ്റ ശേഷം കമ്പനിയില്‍ നടപ്പാക്കുന്ന രണ്ടാംഘട്ട വെട്ടിനിരത്തിലാണ് ഇപ്പോഴത്തേത്. നിലവില്‍ 75 ഓളം മൊബൈല്‍ ആപ്ലിക്കേഷനുകള്‍ യാഹൂവിനുണ്ട്. അവ 12 മുതല്‍ 15 വരെ ആക്കി പരിമിതപ്പെടുത്തുമെന്ന് കഴിഞ്ഞ മാസം നിക്ഷേപകരുടെ സമ്മേളനത്തില്‍ മരിസ മെയര്‍ പറഞ്ഞിരുന്നു.

യാഹൂവിന്റെ ബ്ലാക്ക്ബറി ആപ് ഏപ്രില്‍ ഒന്നിന് ശേഷം ലഭ്യമാകില്ലെന്നും, ആ ആപ്ലിക്കേഷന് അതിന് ശേഷം യാഹൂവിന്റെ പിന്തുണ ലഭിക്കില്ലെന്നും കമ്പനിയുടെ ബ്ലോഗ് അറിയിച്ചു.

യാഹൂ ഇന്‍സ്റ്റന്റ് മെസെന്‍ജര്‍, ഫെയ്‌സ്ബുക്ക് മുതലായ വെബ്ബ് സര്‍വീസുകള്‍ക്കായി കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്ന 'യാഹൂ അവതാര്‍സ്' (ഥമവീീ അ്മമേൃ)െ ആണ് ചരമക്കുറിപ്പ് എഴുതപ്പെട്ട മറ്റൊരു ഉത്പന്നം. ഏപ്രില്‍ ഒന്നിന് ശേഷം അതും ലഭ്യമാകില്ല.

യാഹൂവിന്റെ ഓണ്‍ലൈന്‍ സര്‍വീസുകളില്‍ അവതാര്‍ തുടര്‍ന്നും ഉപയോഗിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍, അവതാര്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം തങ്ങളുടെ യാഹൂ പ്രൊഫൈലില്‍ ആ വിവരങ്ങള്‍ റീ അപ്‌ലോഡ് ചെയ്യേണ്ടി വരും.

യാഹൂ ആപ് സെര്‍ച്ച് (Yahoo App Search), യാഹൂ സ്‌പോര്‍ട്‌സ് ഐക്യു (Yahoo Sports IQ), യാഹൂ ക്ലൂസ് (Yahoo Clues), യാഹൂ മെസേജ് ബോര്‍ഡ്‌സ് വെബ്ബ്‌സൈറ്റ്, യാഹൂ അപ്‌ഡേറ്റ്‌സ് എപിഐ (Yahoo Updates API) എന്നിവയാണ് ഉപേക്ഷിക്കുന്ന മറ്റ് ഉത്പന്നങ്ങള്‍.