ഗൂഗിള്‍ സെര്‍ച്ച്, ജീമെയില്‍ സര്‍വീസുകള്‍ക്ക് ഇറാനില്‍ നിയന്ത്രണമേര്‍പ്പെടുത്തി. പാശ്ചാത്യ വെബ്ബ്‌സൈറ്റുകള്‍ സ്വതന്ത്രമായി ലഭിക്കുന്നത് പരിമിതപ്പെടുത്തുന്ന ഫയര്‍വാള്‍ ഇറാന്‍ ഇപ്പോള്‍ തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനു പുറമെയാണ് ഗൂഗിള്‍ സര്‍വീസുകളുടെ കാര്യത്തില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ബി.ബി.സി.റിപ്പോര്‍ട്ട് ചെയ്തു.

ഗൂഗിളിന്റെ വീഡിയോ ഷെയറിങ് സര്‍വീസായ യുട്യൂബില്‍ ഇസ്ലാം-വിരുദ്ധ വീഡോയോ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ ലോകമെങ്ങും പ്രതിഷേധമുയരുന്നതിനിടെയാണ് ഇറാന്റെ ഈ നടപടി.

ഗൂഗിളിനെതിരെ കൂടുതല്‍ നിയന്ത്രണം വരുന്ന കാര്യം, ഇറാന്റെ ഔദ്യോഗിക ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട് പ്രോസിക്യുട്ടറുടെ ഓഫീസ് ഉപദേഷ്ടാവ് അബ്ദുള്‍ ഖൊരമാബാഡിയാണ് ഞായറാഴ്ച പ്രഖ്യാപിച്ചത്. 'ദേശീയതലത്തില്‍ ഗൂഗിളും ജീമെയിലും നിയന്ത്രിക്കപ്പെടും, ഇനിയൊരു അറിയിപ്പ് ഉണ്ടാകുംവരം നിയന്ത്രണം തുടരും'-അദ്ദേഹം അറിയിച്ചു. ടെക്സ്റ്റ് മെസേജുകളായി മൊബൈല്‍ ഫോണുകളിലും ഈ വിവരമെത്തി.

ഗൂഗിള്‍ സെര്‍ച്ച് സൈറ്റ് കിട്ടുന്നുണ്ട്. സെര്‍ച്ച് ചെയ്താല്‍ അനന്തമായ കാത്തിരിപ്പ് ആവശ്യമായിരിക്കുന്നു. സര്‍വീസ് ശരിക്ക് കിട്ടുന്നില്ല എന്നാണ് ഇതില്‍നിന്ന് മനസിലാക്കേണ്ടതെന്ന് ബി.ബി.സി.റിപ്പോര്‍ട്ട് പറയുന്നു.

ശക്തമായ ഫയര്‍വാളുകള്‍ക്ക് പിന്നില്‍ വെബ്ബ്‌സര്‍ഫിങ് അനുവദിക്കുന്ന 'വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക്‌സ്' (VPNs) വഴി മാത്രമേ ജീമെയില്‍ അക്കൗണ്ടുകളില്‍ എത്താന്‍ യൂസര്‍മാര്‍ക്ക് സാധിക്കുന്നുള്ളൂ. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ മറികടന്ന് പാശ്ചാത്യ സൈറ്റുകള്‍ കിട്ടാന്‍ പല ഇറാന്‍കാരും VPNs ന്റെ സഹായം ഇപ്പോള്‍ തന്നെ തേടുന്നുണ്ട്.

ദേശീയതലത്തില്‍ 'ഇന്‍ട്രാനെറ്റ്' (intranet) സംവിധാനമേര്‍പ്പെടുത്താനുള്ള ഇറാന്റെ നീക്കത്തിന്റെ ഭാഗമാണ് ഗൂഗിളിന് ഏര്‍പ്പെടുത്തിയ നിയന്ത്രണമെന്ന് വിലയിരുത്തപ്പെടുന്നു. പുറത്തുനിന്നുള്ള മുഴുവന്‍ ഇന്റര്‍നെറ്റ് ട്രാഫിക്കും ഔദ്യോഗികമായി നിയന്ത്രിക്കാനാണ് ഈ സംവിധാനം. മൂന്നു വര്‍ഷത്തിനകം ഇത് യാഥാര്‍ഥ്യമാകുമെന്നാണ് അധികൃതര്‍ പറയുന്നത്.

'ഇറാനിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു പോലും VPNs ഉപയോഗിച്ച് എങ്ങനെ നിയന്ത്രണങ്ങളെ മറികടക്കാമെന്ന് അറിയാം. ഇത് ഇറാനില്‍ വ്യാപകമായ ഒരു സംഗതിയാണ്'-ജര്‍മനിയില്‍ കഴിയുന്ന ഇറാനിയന്‍ ടെലികമ്മ്യൂണിക്കേഷന്‍സ് ഉപദേഷ്ടാവ് മഹമൂദ് തജാലി മെഹ്ര്‍ പറയുന്നു.

ഗൂഗിള്‍ സര്‍വീസുകള്‍ക്ക് ഇറാനില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ആദ്യമായല്ല. മാര്‍ച്ചിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗൂഗിള്‍ സെര്‍ച്ചിനും ജീമെയിലിനും ഫിബ്രവരിയില്‍ കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയത്. 2009 മുതല്‍ യുട്യൂബ് ഇറാനില്‍ സെന്‍സര്‍ ചെയ്യപ്പെടുന്നു.