റോബോട്ടുകള്‍ക്ക് വിവരങ്ങള്‍ പരസ്പരം കൈമാറാനും പങ്കുവെയ്ക്കാനുമായി രൂപപ്പെടുത്തിയ സംവിധാനത്തിന്റെ ടെസ്റ്റിങ് ആരംഭിക്കുന്നു.

നാലുവര്‍ഷത്തെ ഗവേഷണത്തിനൊടുവിലാണ് 'റോബോഎര്‍ത്ത്' ( RoboEarth ) എന്ന 'റോബോട്ടുകളുടെ വേള്‍ഡ് വൈഡ് വെബ്ബി'ന്റെ ടെസ്റ്റിങ് തുടങ്ങുന്നത്. നെതര്‍ലന്‍ഡ്‌സില്‍ ഐന്‍ഥോവന്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയാണ് ടെസ്റ്റിങ് വേദിയെന്ന് 'റോബോഎര്‍ത്ത്' അതിന്റെ വെബ്ബ്‌സൈറ്റില്‍ അറിയിച്ചു.

ഹോസ്പിറ്റലില്‍ രോഗികളെ സഹായിക്കാനായി നാല് റോബോട്ടുകള്‍ കൂട്ടായി പ്രവര്‍ത്തിക്കുന്ന സാഹചര്യം സൃഷ്ടിച്ചാണ് ടെസ്റ്റിങ് നടത്തുന്നത്. രോഗികള്‍ക്ക് വെള്ളവും മറ്റ് പാനീയങ്ങളും എത്തിക്കുക തുടങ്ങിയ സംഗതികളാണ് റോബോട്ടുകള്‍ ചെയ്യുക.

യൂറോപ്യന്‍ യൂണിയന്‍ ഫണ്ടുചെയ്യുന്ന പദ്ധതിയാണ് റോബോഎര്‍ത്ത്. ക്ലൗഡ് അധിഷ്ഠിത ഡേറ്റാബേസിലേക്ക് മനുഷ്യരും റോബോട്ടുകളും അപ്‌ലോഡ് ചെയ്യുന്ന വിവരങ്ങള്‍ , വ്യത്യസ്ത റോബോട്ടുകളുടെ പൊതുമസ്തിഷ്‌ക്കമായി പ്രവര്‍ത്തിക്കുന്ന സാഹചര്യം സൃഷ്ടിക്കുകയാണ് പദ്ധതിയില്‍ ലക്ഷ്യമിടുന്നത്.

ഐന്‍ഥോവന്‍ ഉള്‍പ്പടെ അഞ്ച് യൂറോപ്യന്‍ സര്‍വകലാശാലയിലെയും ഫിലിപ്പ്‌സിലെയും ഗവേഷകര്‍ ചേര്‍ന്നാണ് നാലുവര്‍ഷംകൊണ്ട് ഈ സംവിധാനം വികസിപ്പിച്ചത്.

'റോബോട്ടുകള്‍ക്ക് വിവരങ്ങള്‍ പങ്കിടാനും പഠിക്കാനും സാധിക്കുംവിധം, ഒരു ഭീമന്‍ നെറ്റ്‌വര്‍ക്കും ഡേറ്റാബേസും ഉള്‍പ്പെട്ട 'റോബോട്ടുകളുടെ വേള്‍ഡ് വൈഡ് വെബ്ബ്' ആണ് റോബോഎര്‍ത്തിന്റെ കാതലായ ഭാഗം'- പദ്ധതി മേധാവി റിനി വാന്‍ ഡി മോളെന്‍ഗ്രാഫ്റ്റ് ബിബിസിയോട് പറഞ്ഞു.

ടെസ്റ്റിങിനായി തിരഞ്ഞെടുത്ത നാല് റോബോട്ടുകളും രോഗികളെ സഹായിക്കാനായി 'സഹകരിച്ച് പ്രവര്‍ത്തിക്കുക'യാണ് ചെയ്യുകയെന്ന് അദ്ദേഹം അറിയിച്ചു.

ഒരു റോബോട്ട് അത് പ്രവര്‍ത്തിക്കുന്ന മുറിയുടെ മാപ്പ് അപ്‌ലോഡ് ചെയ്യും. മാപ്പിന്റെ സഹായത്തോടെ മറ്റ് റോബോട്ടുകള്‍ക്ക് സഞ്ചരിക്കേണ്ടത് ഏത് മാര്‍ഗത്തിലൂടെയാണെന്ന് നിശ്ചയിക്കാന്‍ കഴിയും. ബാക്കി മൂന്ന് റോബോട്ടുകളാണ് രോഗികള്‍ക്ക് വെള്ളവും പാനീയങ്ങളും എത്തിച്ചുകൊടുക്കുക.

സാധാരണഗതിയില്‍ ഒരു റോബോട്ടിനെ രൂപകല്‍പ്പന ചെയ്യുന്നത് ഏതെങ്കിലുമൊരു പ്രത്യേക ജോലി ചെയ്യാന്‍ പാകത്തിലായിരിക്കും. അതില്‍നിന്ന് വിഭിന്നമായി, വ്യത്യസ്ത സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ പാകത്തില്‍ മാറിക്കൊണ്ടിരിക്കുന്ന ഒരു പൊതുമസ്തിഷ്‌ക്കം റോബോട്ടുകള്‍ക്കായി രൂപപ്പെടുത്തുകയാണ് ലക്ഷ്യം - റിനി അറിയിച്ചു.

പ്രത്യേകജോലികള്‍ ചെയ്യുന്ന റോബോട്ടുകള്‍ ഇപ്പോള്‍ തന്നെ നിലവിലുണ്ട്. അവയില്‍നിന്ന് വ്യത്യസ്തമായി, പലജോലികള്‍ ചെയ്യാന്‍ ശേഷിയുള്ള റോബോട്ട് അസിസ്റ്റന്റുകള്‍ പത്തുവര്‍ഷത്തിനകം വീടുകളില്‍ സ്ഥാനംപിടിക്കുമെന്ന് വിദഗ്ധര്‍ കരുതുന്നു. (കടപ്പാട് : ബിബിസി, റോബോഎര്‍ത്ത് )