വി.എല്‍.സി എന്ന മൂന്നക്ഷരം എങ്ങിനെയാണ് ടെക് യുവത്വത്തിന്റെ ഹൃദയം കവര്‍ന്നത്? സ്ഥിരമായി കമ്പ്യൂട്ടറില്‍ വീഡിയോ കാണുന്നവര്‍ കഴിഞ്ഞ കുറച്ചുവര്‍ഷത്തെ ചരിത്രമൊന്ന് പരിശോധിച്ചാല്‍ മതി. പല തരത്തില്‍ വീഡിയോ ലഭിക്കാന്‍ തുടങ്ങിയതോടെ വിശ്വസിക്കാന്‍ കൊള്ളാവുന്ന പ്ലെയര്‍ വേണ്ടിയിരുന്നു നമുക്ക്. ഒട്ടുമിക്ക വീഡിയോകളും വി.എല്‍.സി എന്ന വീഡിയോ ലാന്‍ ക്ലൈന്റ് പ്ലെയറില്‍ അല്ലലില്ലാതെ പ്രവര്‍ത്തിക്കും. ആനന്ദലബ്ദിക്ക് ഇനിയെന്തുവേണം?

ഒന്നുകൂടി വേണ്ടിയിരുന്നു ആനന്ദലബ്ദിക്ക്്! വീഡിയോ ദൃശ്യങ്ങളെ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കില്‍ നിന്ന് യൂട്യൂബിന്റെ ഭീമന്‍ സെര്‍വറുകളിലേക്ക് പറിച്ചുനട്ട പുതിയ കാലത്ത് വി.എല്‍.സിയില്‍ നേരിട്ട് യൂട്യൂബ് പ്ലേ ചെയ്യാന്‍ കഴിയണം. www.videolan.org എന്ന അവരുടെ സൈറ്റില്‍ ചെന്നാല്‍ ഇപ്പോള്‍ ആ പരമാനന്ദം സൗജന്യമായി ലഭിക്കും.
വെറും 22 എം.ബിയുള്ള വി.എല്‍.സി മീഡിയാ പ്ലെയര്‍ 2.0.4 ഡൗണ്‍ലോഡുചെയ്യാം.

വി.എല്‍.സി പ്ലെയറിന്റെ മുകളില്‍ മീഡിയാ എന്ന മെനുവില്‍ ക്ലിക്കു ചെയ്താല്‍ Open network stream എന്ന് എഴുതിയത് കാണാം. അവിടെ ക്ലിക്ക് ചെയ്തു ലഭിക്കുന്ന വിന്‍ഡോയില്‍ യൂട്യൂബിലെ ഇഷ്ടമുള്ള വീഡിയോയുടെ അഡ്രസ്സ് (URL) നല്‍കി play ചെയ്താല്‍ മതി. യൂട്യൂബ് ബ്രൗസറില്‍ കാണുന്നതിനേക്കാള്‍ പ്രൗഢിയോടെ വീഡിയോ ആസ്വദിക്കാം. യൂട്യൂബിന്റെ ഒരു ചിഹ്നവുമില്ലാതെ സാധാരണ വീഡിയോ കാണുന്നതുപോലെ തന്നെ.

യൂട്യൂബ് വി.എല്‍.സിയിലെത്തിയതോടെ കമ്പ്യൂട്ടറില്‍ വീഡിയോ കണ്ടുകൊണ്ട് ജോലി ചെയ്യാമെന്നായി. അതിന് വി.എല്‍.സിയിലെ വീഡിയോ മെനുവില്‍ പോയി Always on Top ല്‍ ക്ലിക്കു ചെയ്താല്‍ മതി. ഏത് വിന്‍ഡോ തുറന്നുവെച്ചിരുന്നാലും അതിനുമുകളില്‍ കയറിനിന്ന് വി.എല്‍.സി പ്രവര്‍ത്തിച്ചോളും.

വേണമെങ്കില്‍ വീഡിയോയുടെ വേഗം നിയന്ത്രിക്കാം, ടൂള്‍സ് മെനുവില്‍ പോയാല്‍ വീഡിയോയില്‍ നിന്ന് ചിത്രങ്ങള്‍ വേര്‍തിരിച്ചെടുക്കാം. പരസ്യമില്ലാതെ യൂട്യൂബ് വീഡിയോ ആസ്വദിക്കാമെന്നതാണ് എടുത്തുപറയേണ്ട നേട്ടം. വി.എല്‍.സി എന്ന സ്വതന്ത്ര സോഫ്റ്റ്‌വേറിന് ഒരായിരം നന്ദി.