യാഹൂവില്‍ ഈവര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ വ്യക്തി അമേരിക്കന്‍ സെലിബ്രിറ്റി കിം കര്‍ദാഷ്യാന്‍. ഏറ്റവും കൂടുതല്‍ തിരയപ്പെട്ട സംഭവം അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. ഒരേസമയം വലിയ വാര്‍ത്തയ്ക്ക് പിന്നാലെയും, പോപ് സംസ്‌കാരത്തിന് പിറകെയും പോകുന്ന പ്രവണതയാണ് ഈ വര്‍ഷം സെര്‍ച്ചില്‍ തെളിഞ്ഞതെന്ന് യാഹൂ പറയുന്നു.

'election'
എന്നതാണത്രെ ഏറ്റവും കൂടുതല്‍ സെര്‍ച്ചിന് ഉപയോഗിച്ച വാക്ക്. യാഹൂവിന്റെ ഏറ്റവും ഉയര്‍ന്ന സെര്‍ച്ച് വാക്കുകളില്‍ എട്ടാംസ്ഥാനത്ത് 'political polls' എന്നതായിരുന്നു.

സാധാരണഗതിയില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെടുന്ന സംഗതകളില്‍ വാര്‍ത്തകള്‍ ഉള്‍പ്പെടുക അപൂര്‍വമാണ്. പോയ ദശകത്തില്‍ വാര്‍ത്താസംഭവം ഏറ്റവും കൂടുതല്‍ പേര്‍ സെര്‍ച്ച് ചെയ്ത രണ്ട് അവസരങ്ങളുണ്ടായി. 2009 ല്‍ മൈക്കല്‍ ജാക്‌സണ്‍ മരിച്ചപ്പോഴും, 2010 ല്‍ ബി.പി.എണ്ണച്ചോര്‍ച്ചയുടെ സമയത്തും. ആ നിലയ്ക്ക് ഈ വര്‍ഷം തിരഞ്ഞെടുപ്പ് പോലൊരു വാര്‍ത്ത ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ടു എന്നത് കൗതുകകരമാണെന്ന്, യാഹൂവിന്റെ വെബ് ട്രെന്‍ഡ് വിദഗ്ധ വെര ചാന്‍ പറഞ്ഞു.

യു.എസ്.ഇലക്ഷന്‍ കഴിഞ്ഞാല്‍ യാഹൂ സെര്‍ച്ച് ടോപ്പ് 10 ല്‍ രണ്ടാംസ്ഥാനത്ത് 'ഐഫോണ്‍ 5' ആണ്. സ്റ്റീവ് ജോബ്‌സിന് ശേഷവും ആപ്പിളിന്റെ ഐഫോണ്‍, സെര്‍ച്ചില്‍ മുകളില്‍ നില്‍ക്കുന്നുവെന്നത് ശ്രദ്ധേയമാണ് -ചാന്‍ വിലയിരുത്തി. 2007 ല്‍ അവതരിപ്പിക്കപ്പെട്ട കാലം മുതല്‍ ഐഫോണ്‍ എന്നത് സെര്‍ച്ചില്‍ മുന്നിലെത്താറുള്ള വിഷയമാണ്.

ടെലിവിഷന്‍ റിയാലിറ്റി താരം കിം കര്‍ദാഷ്യാന്‍ ആണ് യാഹൂ വഴി ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ട വ്യക്തി. ടോപ്പ് 10 ല്‍ മൂന്നാംസ്ഥാനമാണ് കര്‍ദാഷ്യാനുള്ളത്. മോഡലായായ കര്‍ദാഷ്യാന്റെ 'കുപ്രസിദ്ധി'യാണ് അവരെ സെര്‍ച്ചില്‍ മുകളില്‍ നിര്‍ത്തുന്നത്.

മുന്‍ ഭര്‍ത്താവ് ക്രിസ് ഹംഫ്രീസില്‍ നിന്ന് വേര്‍പിരിഞ്ഞ കര്‍ദാഷ്യാന്‍, ഇപ്പോള്‍ റാപ്പ് ഗായകന്‍ കന്‍യി വെസ്റ്റുമായുള്ള ബന്ധത്തിന്റെ പേരിലാണ് വര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. മാത്രമല്ല, E! ചാനലിലെ റിയാലിറ്റി ഷോകളും കുപ്രസിദ്ധിക്ക് കൂട്ടിനുണ്ട്.

കര്‍ദാഷ്യാന്‍ കഴിഞ്ഞാല്‍ വേറെ അഞ്ച് സ്ത്രീകള്‍ യാഹൂവിന്റെ ടോപ്പ് 10 സെര്‍ച്ചിലുണ്ട്. 'സ്‌പോര്‍ട്‌സ് ഇല്ലിസ്‌ട്രേറ്റഡ്' കവര്‍ മോഡലായ കേറ്റ് അപ്റ്റണ്‍, വില്യം രാജകുമാരന്റെ പത്‌നി കേറ്റ് മിഡില്‍ടണ്‍, അന്തരിച്ച ഗായിക വൈറ്റ്‌നി ഹൂസ്റ്റണ്‍, മുന്‍ ബാലതാരം ലിന്‍ഡ്‌സേ ലോഹാന്‍, പോപ് താരം ജന്നിഫര്‍ ലോപസ് എന്നിവരാണ് യാഹൂ സേര്‍ച്ചില്‍ ജനപ്രിയരായ മറ്റ് സ്ത്രീകള്‍.

ടോപ്പ് 10 പട്ടികയില്‍ ഏഴാമതെത്തിയ സെര്‍ച്ച് വാക്ക് 'ഒളിംപിക്‌സ്' ആണ്. ലണ്ടന്‍ ഒളിംപിക്‌സിന്റെ വേളയിലുണ്ടായ സെര്‍ച്ചാണ് അതില്‍ കൂടുതല്‍.