കോഴിക്കോടു നിന്നും സിക്കിമിലെ ഗാങ്‌ടോക്കിലേക്കൊരു യാത്രാ പദ്ധതിയിട്ടാല്‍ ആദ്യം നമ്മളെന്തു ചെയ്യും? നെറ്റില്‍ കയറി വായു, റെയില്‍, റോഡുമാര്‍ഗ്ഗങ്ങള്‍ തിരയും. എന്നിട്ടും ഫലം കണ്ടില്ലെങ്കില്‍ യാത്രാഭ്രാന്തനായ അടുത്ത സുഹൃത്തിനേയോ ട്രാവല്‍ കണ്‍സള്‍ട്ടന്റിനേയോ കണ്ട് കാര്യം അവതരിപ്പിക്കും. എന്നാല്‍, എല്ലാം ചുരുക്കത്തില്‍ ചിത്രം വരച്ചു തരുന്ന ഒരു വിദ്യ നെറ്റിലുണ്ട്. അതാണ് 'റൂട്ട് പ്ലാനര്‍' (Route Planner).

റൂട്ട് പ്ലാനറിന്റെ സൈറ്റില്‍ എവിടെ നിന്ന് എവിടേക്ക് പോകണമെന്ന് ടൈപ്പ് ചെയ്ത് സെര്‍ച്ച് കൊടുത്താല്‍ ഞൊടിയിടക്കുള്ളില്‍ ഒരുപാട് ഉത്തരങ്ങള്‍ ലഭിക്കും. ഓരോ യാത്രക്കും ഏത്രമണിക്കൂര്‍ വരും, അതിനെത്ര ചിലവു വരും,പോകുന്നത് ഭൂമിയിലൂടെയാണോ ആകാശത്തുകൂടെയാണോ അതോ രണ്ടുവഴിയും കൂടിയാണോ എന്നിങ്ങനെ. എത്ര കിലോമീറ്ററുണ്ടെന്നും എത്ര കാശുചെലവുവരും എന്നതുവരെ.

കോഴിക്കോടു നിന്നും ന്യൂഡല്‍ഹിക്കും അവിടെ നിന്ന് പശ്ചിമബംഗാളിലെ ബഗ്‌ഡോഗ്രക്കും വിമാനമാര്‍ഗ്ഗം. അവിടെ നിന്ന് കാറില്‍ ഗാങ്‌ടോക്കിലേക്ക്. അല്ലെങ്കില്‍ കോഴിക്കോടുനിന്ന് കൊല്‍ക്കത്ത വഴി സിലിഗുഡിക്ക് തീവണ്ടിമാര്‍ഗ്ഗം. അവിടെ നിന്ന് കാറില്‍ ഗാങ്‌ടോക്കിലേക്ക്. കോഴിക്കോട് മുതല്‍ കൊല്‍ക്കത്ത വരെ തീവണ്ടിയില്‍, പിന്നീട് ബഗ്‌ഡോഗ്രവരെ വിമാനത്തില്‍ അവിടുന്ന കാറില്‍... ഇങ്ങനെ ഇഷ്ടമുള്ള മാര്‍ഗ്ഗം തിരഞ്ഞെടുക്കാം.

ഇനി കൂടുതല്‍ വിശദമായി അറിയണമെങ്കില്‍ വേണ്ട പാനലില്‍ വീണ്ടും ക്ലിക്കു ചെയ്താല്‍ മതി. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് 1.50 ന്റെ എയര്‍ ഇന്ത്യയുടെ എഐ 658-ാം നമ്പര്‍ ഫ്ലൈറ്റും, അവിടെ നിന്ന് 11.15 ന്റെ ബഗ്‌ഡോഗ്രക്കുള്ള സ്‌പൈസ് ജെറ്റ് എസ് ജി 881 ഫ്ലൈറ്റും കിട്ടുമോയെന്ന് വിശദമായ ഉത്തരം തരും. വലതു ഭാഗത്തെ ലിങ്കില്‍ ക്ലിക്കു ചെയ്താല്‍ ചാര്‍ട്ട് ഈമെയിലായി കിട്ടും.

ഏതൊക്കെ മാര്‍ഗ്ഗത്തിലൂടെ പോകണമെന്നും എന്തൊക്കെ ഫലങ്ങള്‍ വേണമെന്നുമൊക്കെ വെബ്‌സൈറ്റിന്റെ മുകള്‍ ഭാഗത്തുനിന്ന് തിരഞ്ഞെടുക്കാം.

www.90di.com
പോലെ ഒട്ടേറെ വെബ്‌സൈറ്റുകള്‍ ഇതുപോലെ യാത്രയയുടെ വിശദവിവരവുമായി നമ്മുടെ മുമ്പിലുണ്ട്. കൃത്യമായ സ്ഥലവിവരത്തിന് ഗൂഗിള്‍ മാപ്പ് വേറെയും. യാത്രയുടെ സൂക്ഷ്മാംശങ്ങള്‍ വരെ വരച്ചുകാണിക്കുന്നുവെന്നതാണ് ഈ റൂട്ട് മാപ്പിന്റെ പ്രത്യേകത. ഇനി ഈ വഴിയിലൂടെ ഒരു യാത്രയാവാം.