പേഴ്‌സണല്‍ കമ്പ്യൂട്ടറുകളില്‍ വൈറസ് കടത്തിവിടാന്‍ സൈബര്‍ ക്രിമിനലുകള്‍ പുതിയൊരു തന്ത്രം അവലംബിക്കുന്നതായി പഠനറിപ്പോര്‍ട്ട്. നിര്‍മാണവേളയില്‍ തന്നെ കമ്പ്യൂട്ടറില്‍ വൈറസ് കയറ്റിവിടുകയാണത്രേ അത്.

പല പുതിയ കമ്പ്യൂട്ടറുകളിലും ഫാക്ടറിയില്‍ വെച്ചുതന്നെ ദുഷ്ടപ്രോഗ്രാമുകള്‍ (മാല്‍വെയറുകള്‍) ഇന്‍സ്‌റ്റോള്‍ ചെയ്യപ്പെടുന്നുവെന്ന്, മൈക്രോസോഫ്റ്റ് നടത്തിയ പഠനത്തിലാണ് വെളിപ്പെട്ടത്.

'നിറ്റോള്‍' (Nitol)
എന്ന പേരിലുള്ള വൈറസിനെയാണത്രെ ഫാക്ടറികളില്‍ വെച്ച് കമ്പ്യൂട്ടറില്‍ കയറ്റിവിടുന്നത്. സൈബര്‍ കുറ്റവാളികള്‍ക്ക് കമ്പ്യൂട്ടര്‍ ഉപഭോക്താക്കളുടെ പേഴസ്ണല്‍ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനും, അതുവഴി ഓണ്‍ലൈന്‍ ബാങ്ക് അക്കൗണ്ടുകളില്‍ തിരിമറി നടത്താനും സഹായിക്കുന്ന വൈറസാണിതെന്ന് ബി.ബി.സി.യുടെ റിപ്പോര്‍ട്ട് പറയുന്നു.

നിറ്റോള്‍ ബാധിത കമ്പ്യൂട്ടറുകളുടെ ശൃംഖലയെ (നിറ്റോള്‍ ബോട്ട്‌നെറ്റ്) പിന്തുടരാന്‍ കോടതിയുത്തരവ് നേടിയിട്ടായിരുന്നു മൈക്രോസോഫ്റ്റിന്റെ അന്വേഷണം. നിറ്റോള്‍ ബോട്ട്‌നെറ്റിന്റെ വേരുകള്‍ തേടിപ്പോയപ്പോഴാണ് സുരക്ഷിതമല്ലാത്ത നിര്‍മാണസംവിധാനത്തില്‍ മൈക്രോസോഫ്റ്റ് എത്തിയത്.

ഫാക്ടറികളില്‍ വെച്ചുതന്നെ ഒട്ടേറെ കമ്പ്യൂട്ടറുകളില്‍ വൈറസ് ഇന്‍സ്റ്റോള്‍ ചെയ്യാന്‍ ക്രിമിനലുകള്‍ക്ക് കഴയുന്നുവെന്നാണ് മൈക്രോസോഫ്റ്റ് കണ്ടെത്തിയത്.

ചൈനയിലെ വിവിധ നഗരങ്ങളില്‍ നിന്ന് വാങ്ങിയ 10 ഡെസ്‌ക് ടോപ്പുകളിലും 10 ലാപ്‌ടോപ്പുകളിലും നിറ്റോള്‍ വൈറസുള്ളതായി മൈക്രോസോഫ്റ്റിന്റെ ഡിജിറ്റല്‍ ക്രൈം അന്വേഷകര്‍ (Operation b70 team) കണ്ടെത്തി. അതില്‍ നാല് കമ്പ്യൂട്ടറുകള്‍ ഫാക്ടറികളില്‍ നിന്ന് നേരിട്ടെത്തിയതായിരുന്നു.

ചൈനയിലെ പി.സി.നിര്‍മാതാക്കള്‍ കമ്പ്യൂട്ടറുകളില്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്ന വ്യാജസോഫ്റ്റ്‌വേറുകളിലൂടെ നാല് വ്യത്യസ്ത വൈറസുകള്‍ പടരുന്നതായി അന്വേഷകര്‍ കണ്ടെത്തി. അതില്‍ ഏറ്റവും വിനാശകാരി നിറ്റോള്‍ വൈറസാണ്.

2008 മുതല്‍ സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഒരു വെബ്ബ് ഡൊമെയ്ന്‍ ആണ് നിറ്റോള്‍ ബോട്ട്‌നെറ്റിന് പിന്നിലെന്ന് മൈക്രോസോഫ്റ്റിന്റെ അന്വേഷണത്തില്‍ വെളിവായി. ഡേറ്റ കവരാനും യൂസര്‍മാരെ കബളിപ്പിക്കാനുമായി, അതിന്റെ 70,000 ഉപഡൊമെയ്‌നുകള്‍ വഴി നിറ്റോള്‍ വൈറസിന്റെ 500 വ്യത്യസ്ത വകഭേദങ്ങള്‍ ഉപയോഗിക്കുന്നതായും കണ്ടെത്തി.

വൈറസ് ബാധിത കമ്പ്യൂട്ടറുകളിലെ മൈക്രോഫോണും ക്യാമറയും ഓണ്‍ ചെയ്യാന്‍ ആ ദുഷ്ടപ്രോഗ്രാമിന് സാധിക്കുന്നതായും, അകലെയിരുന്ന് സൈബര്‍ കുറ്റവാളികള്‍ക്ക് ആക്രമണത്തിനിരയായ വ്യക്തിയുടെ വീടും ബിസിനസും നിരീക്ഷിക്കാന്‍ ഇതുവഴി സാധിക്കുന്നതായും, മൈക്രോസോഫ്റ്റ് ഡിജിറ്റല്‍ ക്രൈംസ് യൂണിറ്റിന്റെ അഭിഭാഷകന്‍ റിച്ചാര്‍ഡ് ബോസ്‌കോവിച്ച് ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു.

നിറ്റോള്‍ ബോട്ട്‌നെറ്റിന്റെ സിരാകേന്ദ്രമായ വിവാദ വെബ്ബ് ഡൊമെയ്‌നിന്റെ നിയന്ത്രണം ഏറ്റെടുക്കാനും സൈബര്‍ ക്രൈം അന്വേഷണം തുടരാനും ഒരു യു.എസ്.കോടതിയാണ് മൈക്രോസോഫ്റ്റിന് അനുമതി നല്‍കിയത്.

ചൈനക്കാരനായ പെങ് യോങിന്റെ ഉടമസ്ഥതയിലുള്ളതാണ് 3322.org എന്ന ഡോമെയ്ന്‍. മൈക്രോസോഫ്റ്റിന്റെ നിയമനടപടിയെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്ന് യോങ് വാര്‍ത്താഏജന്‍സിയോട് പറഞ്ഞു.