ഗൂഗിള്‍ സെര്‍വറുകളില്‍നിന്ന് യു.എസ്.നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി ( എന്‍ എസ് എ ) ഡേറ്റ ചോര്‍ത്തുന്നുവെന്ന വെളിപ്പെടുത്തലുകളുടെ വെളിച്ചത്തില്‍ , ജിമെയിലിനെയും ഗൂഗിള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നു.

അതിന്റെ ഭാഗമായി, വ്യാഴാഴ്ച മുതല്‍ പൂര്‍ണമായും 'എന്‍ക്രിപ്റ്റഡ് എച്ച്ടിടിപിഎസ് കണക്ഷന്‍ ' ( encrypted HTTPS connection ) ഉപയോഗിക്കാന്‍ ജിമെയില്‍ ആരംഭിച്ചു.

2004 ല്‍ തുടങ്ങിയത് മുതല്‍ സുരക്ഷയ്ക്കായി HTTPS പിന്തുണ ജിമെയില്‍ പ്രയോജനപ്പെടുത്തിയിരുന്നു. 2010 ല്‍ HTTPS കണക്ഷന്‍ ഡിഫോള്‍ട്ട് യൂസര്‍ ഓപ്ഷനായി ഗൂഗിള്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

ആ സ്ഥിതിക്ക് ഇപ്പോള്‍ എന്ത് പരിഷ്‌ക്കാരമാണ് കൂടുതലായി ജിമെയില്‍ ഏര്‍പ്പെടുത്തിയതെന്ന് സംശയം തോന്നാം. ഇനിമുതല്‍ നിങ്ങളുടെ കമ്പ്യൂട്ടറിനും ജിമെയില്‍ സെര്‍വറിനുമിടയില്‍ HTTPS കണക്ഷന്‍ വഴി മാത്രമേ ഡേറ്റ വിനിമയം ചെയ്യപ്പെടൂ എന്നതാണ് പുതിയ മാറ്റം. ജിമെയിലിന്റെ ഔദ്യോഗിക ബ്ലോഗിലാണ് ഇക്കാര്യം അറിയിച്ചത്.

ജിമെയില്‍ വഴി കൈമാറ്റം ചെയ്യപ്പെടുന്ന വിവരങ്ങള്‍ ഗൂഗിളിന്റെ സെര്‍വറുകളില്‍ എത്തുന്നതിനിടെ, ഏതെങ്കിലും വിധത്തില്‍ തടസ്സപ്പെടുത്താനോ ചോര്‍ത്താനോ കഴിയാതെ വരും എന്നതാണ് പുതിയ പരിഷ്‌ക്കരണം കൊണ്ടുള്ള മെച്ചം.

മാത്രമല്ല, ഗൂഗിളിന്റെ സെര്‍വറുകള്‍ക്കിടയില്‍ ഡേറ്റ വിനിമയം ചെയ്യപ്പെടുന്നതും ഇനി മുതല്‍ എന്‍ക്രിപ്റ്റ് ചെയ്ത രൂപത്തിലാകുമെന്ന് ജിമെയില്‍ ബ്ലോഗ് പറഞ്ഞു.

എന്‍ക്രിപ്റ്റ് ചെയ്ത രൂപത്തിലാണ് ഇത്രനാളും നിങ്ങളുടെ കമ്പ്യൂട്ടറില്‍നിന്ന് ജിമെയില്‍ ഡേറ്റ അയച്ചിരുന്നത്. എന്നാല്‍ , അതേ ഡേറ്റ ഗൂഗിളിന്റെ സെര്‍വറില്‍നിന്ന് കമ്പനിയുടെ മറ്റൊരു ഡേറ്റാ സെന്ററിലേക്ക് അയച്ചിരുന്നത് എന്‍ക്രിപ്റ്റ് ചെയ്ത രൂപത്തിലായിരുന്നില്ല. അതിന് മാറ്റം വരികയാണ്.

ഗൂഗിളിന്റെ സെര്‍വറുകള്‍ക്കിടയില്‍ ഡേറ്റ വിനിമയം ചെയ്യപ്പെടുന്നതിനിടെ അത് ചോര്‍ത്താന്‍ എന്‍ എസ് എ യ്ക്ക് കഴിഞ്ഞിരുന്നുവെങ്കില്‍ , ഇനി അത് സാധ്യമല്ല എന്നര്‍ഥം. (ചിത്രം കടപ്പാട് : Mashable )