ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഷോപ്പിങ് രംഗത്തെ മുന്‍നിരക്കാരായ ഫ് ളിപ്കാര്‍ട്ടിന്റെ തിങ്കളാഴ്ച നടന്ന മെഗാ വില്പനയ്‌ക്കെതിരെ പരാതികളുടെ പ്രവാഹം. പരാതികള്‍ ഉയര്‍ന്നതോടെ ഇതേപ്പറ്റി അന്വേഷണം നടത്തുമെന്ന് കേന്ദ്ര വാണിജ്യ സഹമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. ഇ-കൊമേഴ്‌സ് മേഖലയ്ക്കായി പ്രത്യേക നയം കൊണ്ടുവരുന്നത് പരിഗണിക്കുമെന്നും അവര്‍ അറിയിച്ചു.

അപകടകരമായ വിലക്കുറവില്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനെതിരെ ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിര്‍മാതാക്കളും രംഗത്തെത്തിയിട്ടുണ്ട്. എല്‍.ജി., സാംസങ്, സോണി എന്നീ കമ്പനികള്‍ ഫ് ളിപ്കാര്‍ട്ടിന് ഉത്പന്നം വിതരണം ചെയ്യുന്നത് അവസാനിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

വമ്പിച്ച വിലക്കിഴിവുകളും ഓഫറുകളും പ്രഖ്യാപിച്ചുകൊണ്ടാണ് വാര്‍ഷികത്തോടനുബന്ധിച്ച് തിങ്കളാഴ്ച 'ബിഗ് ബില്യണ്‍ ഡേ' വില്പന അരങ്ങേറിയത്. എന്നാല്‍, ഈ ഓഫര്‍ പ്രയോജനപ്പെടുത്താനെത്തിയ ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് നിരാശയായിരുന്നു ഫലം. ആദ്യം പ്രഖ്യാപിച്ച ഓഫറുകള്‍ പലതും കിട്ടിയില്ലെന്നും പലരുടെയും ഓര്‍ഡറുകള്‍ താനേ റദ്ദായെന്നുമാണ് പരാതികളേറെയും. പല ഉത്പന്നങ്ങളും ആദ്യ മണിക്കൂറുകളില്‍ തന്നെ സ്റ്റോക് തീര്‍ന്നതായി അറിയിപ്പും വന്നു.

അതിനിടെ, തിങ്കളാഴ്ച നടന്ന ബിഗ് ബില്യണ്‍ ഡേ ഓഫറിലൂടെ 15 ലക്ഷം പേര്‍ ഉത്പന്നങ്ങള്‍ വാങ്ങിയെന്ന് ഫ്ലൂപ്കാര്‍ട്ട് അവകാശപ്പെടുന്നു. 600 കോടി രൂപയുടെ വില്പനയാണ് 10 മണിക്കൂര്‍ കൊണ്ട് നടന്നതെന്നാണ് കമ്പനിയുടെ അവകാശ വാദം.