ന്യൂഡല്‍ഹി: സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് ആയിരക്കണക്കിന് കോടി രൂപ നിയമപരമായ കുടിശ്ശിക നല്കാന് നിര്‍ബന്ധിതരായാല്‍ ഇന്ത്യയിലെ ഭാവി സംശയത്തിലാകുമെന്ന് ബ്രിട്ടീഷ് ടെലികോം കമ്പനിയായ വോഡഫോണ്‍. ഇന്ത്യന്‍ വിപണിയില്‍ കനത്ത നഷ്ടം നേരിടുന്ന സാഹചര്യത്തില്‍ രാജ്യത്ത് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ വോഡഫോണ്‍ പദ്ധതിയിടുന്നുവെന്ന വാര്‍ത്തകള്‍ക്ക് അടിവരയിടുന്നതാണ് കമ്പനിയുടെ പുതിയ പ്രസ്താവനകള്‍
കമ്പനിയുടെ ഇന്ത്യയിലുള്ള സംയുക്ത സംരംഭമായ വോഡഫോണ്‍-ഐഡിയയ്ക്ക് ഇനി ഒരു ഭാവിയുണ്ടാകണമെങ്കില്‍ കുടിശിക ബാധ്യത ലഘൂകരിക്കാന്‍ സര്‍ക്കാര്‍ സഹായം ആവശ്യമാണ് എന്ന് വോഡഫോണ്‍ ചീഫ് എക്സിക്യൂട്ടീവ് നിക്ക് റീഡ് പറഞ്ഞു.
സുപ്രീംകോടതി വിധിയ്ക്കുമേല്‍ പിന്തുണയില്ലാത്ത നിയന്ത്രണങ്ങളും ഉയര്‍ന്ന നികുതികളുമായതോടെ വലിയ സാമ്പത്തിക ബാധ്യതയാണ് കമ്പനിയ്ക്കുണ്ടായിരിക്കുന്നത്. ഇതുവരെ ഉണ്ടായതില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യമാണ് കമ്പനിയ്ക്ക് ഇന്ത്യയിലുള്ളത്. ഇത് ഒരു ഗുരുതരാവസ്ഥയാണ് എന്നും നിക്ക് റീഡ് പറഞ്ഞു. 69.2 കോടി യൂറോയുടെ പ്രവര്‍ത്തന നഷ്ടമാണ് ഏപ്രില്‍-സെപ്റ്റംബര്‍ മുതല്‍ കമ്പനിയ്ക്കുണ്ടായത്.
ലൈസന്‍സും റഗുലേറ്ററി ഫീസുകളും സംബന്ധിച്ച തര്‍ക്കത്തില്‍ വ്യവസായത്തിന് എതിരായി വിധിയാണ് കോടതിയില്‍ നിന്നുണ്ടായത്. കമ്പനിയ്ക്ക് സഹായം ലഭിക്കാന്‍ സര്‍ക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വോഡഫോണ്‍ പറയുന്നു.
ഇന്ത്യന്‍ വിപണിയിലേക്ക് വലിയ വിലക്കിഴിവുമായി റിലയന്‍സ് ജിയോ കടന്നുവന്നതോടെയാണ് മറ്റ് ടെലികോം കമ്പനികള്‍ നഷ്ടം നേരിടാന്‍ തുടങ്ങിയത്. ടെലികോം വ്യവസായത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും കര്‍ശനമായ നിയന്ത്രണങ്ങള്‍ കൂടി വന്നതോടെ വലിയ സാമ്പത്തിക നഷ്ടമാണ് കമ്പനികള്‍ക്കുണ്ടായത്. നഷ്ടം പരിഹരിക്കാനായി വോഡഫോണും ഐഡിയയും ഒന്നിച്ചെങ്കിലും അത് ഇതുവരെ ഫലവത്തായിട്ടില്ല.
Content Highlights:vodafone seeks relief from government for its future in India