വോഡഫോണ്‍ ഐഡിയ താരിഫ് നിരക്കുകള്‍ ഇനിയും വര്‍ധിക്കാന്‍ സാധ്യത. താമസിയാതെ തന്നെ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നേക്കും. ഉപഭോക്താക്കളില്‍ നിന്നുള്ള ശരാശരി വരുമാനം 1.9 ഇരട്ടിയെങ്കിലും വര്‍ധിപ്പിക്കേണ്ടതുണ്ട് അതിന് വേണ്ടിയാണ്  ഈ നീക്കമെന്ന് സാമ്പത്തിക വിശകലന സ്ഥാപനമായ മോത്തിലാല്‍ ഓസ്വാള്‍ പറഞ്ഞു. 

194500 കോടി രൂപയുടെ കടബാധ്യതയാണ് കമ്പനിയ്ക്കുള്ളത്. അതിന് വേണ്ടി വലിയ രീതിയിലുള്ള സാമ്പത്തികം കണ്ടെത്തേണ്ടതായുണ്ട്. 

ചുരുങ്ങിയ കാലത്തിനിടക്ക് ഉയര്‍ന്ന വരുമാനമുണ്ടാക്കേണ്ടത് കമ്പനിയുടെ ആവശ്യമാണ്. മോത്തിലാല്‍ ഓസ്വാള്‍ അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് വരുമാനത്തില്‍ മൂന്നിരട്ടി വര്‍ധന ആവശ്യമാണ്. 

അതേസമയം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വോഡഫോണ്‍ ഐഡിയയ്ക്ക് ഉപഭോക്താക്കളെ വന്‍തോതില്‍ നഷ്ടമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. ഈ പ്രശ്‌നം കൈകാര്യം ചെയ്യാനുള്ള ശ്രമത്തിലാണ് കമ്പനി. 

നെറ്റ് വര്‍ക്ക് വിപുലപ്പെടുത്തുന്നതിനും വിപണിയില്‍ മത്സരിക്കുന്നതിനും വേണ്ടിയുള്ള നിക്ഷേപങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് കമ്പനിയുടെ പക്കലുണ്ടെന്നും മോത്തിലാല്‍ ഓസ്‌വാള്‍ പറഞ്ഞു.

Content Highlights: Vodafone Idea Needs Another Tariff Hike says motilal oswal