എജിആര്‍ കുടിശികയിനത്തില്‍ 3500 കോടി രൂപ വെള്ളിയാഴ്ചക്കുള്ളില്‍ രണ്ട് തവണയായി നല്‍കാമെന്നും കമ്പനിക്കെതിരെ നിര്‍ബന്ധിത നടപടികളൊന്നും സര്‍ക്കാര്‍ സ്വീകരിക്കരുതെന്നുമുള്ള വോഡഫോണ്‍ ഐഡിയയുടെ നിര്‍ദേശം സുപ്രീം കോടതി നിരസിച്ചു.
2500 കോടി രൂപ ഇന്ന് നല്‍കി, വരുന്ന വെള്ളിയാഴ്ചയ്ക്കുള്ളില്‍ 1000 കോടി നല്‍കാമെന്നാണ് കമ്പനിയുടെ നിര്‍ദേശം. എജിആര്‍ കുടിശിക വീണ്ടെടുക്കുന്നതിനായി കമ്പനി നിക്ഷേപിച്ച ബാങ്ക് ഗ്യാരന്റി എടുക്കരുതെന്നും വോഡഫോണിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ മുകുള്‍ രോഹ്തഗി പറഞ്ഞു. ടെലികോം വകുപ്പിന് 53,000 കോടി രൂപ കുടിശ്ശിക വരുത്തിയ കമ്പനിയ്ക്ക് കനത്ത പ്രഹരമേല്‍പ്പിച്ചാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നിരസിച്ചത്.
എജിആര്‍ കുടിശികയായി ഏറ്റവും കൂടുതല്‍ തുക നല്‍കാനുള്ളത് വോഡഫോണ്‍ ഐഡിയയാണ്. കമ്പനി നല്‍കിയ ബാങ്ക് ഗാരന്റികള്‍ പണമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ കമ്പനി അടച്ചുപൂട്ടേണ്ടി വരും. കോടതി ഇനി വാദം കേള്‍ക്കുന്ന മാര്‍ച്ച് 17 ന് മുമ്പ് ബാങ്ക് ഗാരന്റി പണമാക്കുന്നത് സംബന്ധിച്ച് ടെലികോം വകുപ്പ് നിയമ മന്ത്രാലയത്തോട് അഭിപ്രായമാരാഞ്ഞു.
കോടികള്‍ വരുന്ന ടെലികോം കമ്പനികളുടെ കടബാധ്യത തിരിച്ചെടുക്കുന്നതിന് ജനുവരി 23 വരെയാണ് കോടതി സമയം അനുവദിച്ചിരുന്നത്. എന്നാല്‍ ഈ സമയ പരിധി കഴിഞ്ഞിട്ടും കുടിശിക തിരിച്ചെടുക്കാത്തതിന് ടെലികോം മന്ത്രാലയത്തിനെതിരെ ശക്തമായ വിമര്‍ശനമാണ് ദിവസങ്ങള്‍ക്ക് മുമ്പ് സുപ്രീം കോടതി നടത്തിയത്.
കോടതി നിലപാട് കടുപ്പിച്ചതോടെ ഭാരതി എയര്‍ടെല്‍ കൂടുതല്‍ സമയം ചോദിച്ചിട്ടുണ്ട്. ടാറ്റ സര്‍വീസസ് 2197 കോടി രൂപ നല്‍കി. വോഡഫോണ്‍ 2500 രൂപയും നല്‍കിയിട്ടുണ്ട്.
Content Highlights: vodafone idea agr dues supreme court order