കൊച്ചി: ഉപഭോക്താക്കളുടെ കെ.വൈ.സി പുതുക്കണം എന്നാവശ്യപ്പെട്ടുള്ള തട്ടിപ്പ് ഫോണ്‍വിളികളെ കുറിച്ച് മുന്നറിയിപ്പുമായി ടെലികോം സേവനദാതാവായ വി. അജ്ഞാത നമ്പറുകളില്‍ നിന്ന് ഇത്തരത്തില്‍ കോളുകളും എസ്എംഎസുകളും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് വി പറയുന്നു. 

കമ്പനികളുടെ പ്രതിനിധികളാണെന്ന വ്യാജേനയാണ് ഇവര്‍ സമീപിക്കുന്നത്. ഫോണ്‍ വിളിയില്‍ സംശയം പ്രകടിപ്പിക്കുന്നവരെ സിം ബ്ലോക്ക് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നുണ്ട്. പരിശോധനയ്‌ക്കെന്ന പേരില്‍ ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നു. വി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. 

എന്നാല്‍ ഇത്തരത്തിലുള്ള ഫോണ്‍ വിളികളെയും സന്ദേശങ്ങളെയും കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണെന്ന് കമ്പനി പറഞ്ഞു. ഫോണ്‍വിളിക്കുന്ന ആര്‍ക്കും കെ.വൈ.സി വിവരങ്ങള്‍ നല്‍കുകയോ ഒടിപി പങ്കുവെക്കുകയോ ചെയ്യരുതെന്നും ഇത്തരം നമ്പറുകളിലേക്ക് തിരികെ വിളിക്കുകയോ എസ്.എം.എസില്‍ സൂചിപ്പിച്ചിട്ടുള്ള ലിങ്കുകള്‍ ക്ലിക്കു ചെയ്യുകയോ ചെയ്യരുതെന്നും വി മുന്നറിയിപ്പ് നല്‍കി. 
 
സ്ഥിരീകരിച്ചിട്ടില്ലാത്ത ലിങ്കുകളില്‍ ക്ലിക്കു ചെയ്യുകയോ എന്തങ്കിലും വിവരങ്ങള്‍ പങ്കു വെക്കുകയോ ചെയ്താല്‍ അത് ഡാറ്റയും മറ്റു വിവരങ്ങളും മോഷ്ടിക്കപ്പെടുന്നതിലേക്കു വഴി വെക്കാം. അതു ഗുരുതരമായ മറ്റു പ്രത്യാഘാതങ്ങളും സൃഷ്ടിച്ചേക്കാം.

കമ്പനിയില്‍ നിന്ന് ഉപഭോക്താക്കള്‍ക്കുള്ള എല്ലാ അറിയിപ്പുകളും ViCARE എന്ന എസ്എംഎസ് ഐഡിയില്‍ നിന്നാവും ലഭിക്കുകയെന്നും അല്ലാത്തവ അവഗണിക്കണമെന്നും കമ്പനി വ്യക്തമാക്കി.