പ്രീപെയ്ഡ് റീച്ചാര്‍ജ് പ്ലാനുകളുടെ ഡാറ്റാ ആനുകൂല്യങ്ങള്‍ വി (വോഡഫോണ്‍ ഐഡിയ) കുറച്ചു. 359, 539, 839 പ്ലാനുകളുടെ ഡാറ്റാ ആനുകൂല്യമാണ് കുറച്ചത്. ഇതോടെ ഈ പ്ലാനുകളില്‍ ദിവസേന രണ്ട് ജിബി ഡാറ്റ മാത്രമാണ് ലഭിക്കുക. ഈ പ്ലാനുകള്‍ ഉള്‍പ്പടെയുള്ള പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് പുതിയ മാറ്റം. 

ഉപഭോക്താക്കളില്‍നിന്നുള്ള ശരാശരി വരുമാനം ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് വി പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് വര്‍ധിപ്പിച്ചത്. ടെലികോം സെക്ടറില്‍ കമ്പനി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറകടക്കാനാണ് ഈ തീരുമാനമെടുത്തത്. വിയ്ക്ക് മുമ്പ് എയര്‍ടെലും ഇതേ കാരണങ്ങള്‍ ഉയര്‍ത്തി പ്രീപെയ്ഡ് നിരക്ക് വര്‍ധിപ്പിച്ചിരുന്നു. 

നേരത്തെ 299 രൂപയ്ക്ക് ലഭിച്ചിരുന്ന പ്ലാന്‍ ആണ് 359 രൂപയായി മാറിയത്. 449 രൂപയുടെ പ്ലാന്‍ 539 രൂപയായും, 699 രൂപയുടെ പ്ലാന്‍ 839 രൂപയായും വര്‍ധിച്ചു. ഡബിള്‍ ഡാറ്റാ ഓഫറിന്റെ ഭാഗമായി ഈ പ്ലാനുകളില്‍ നാല് ജിബി ഡാറ്റ ലഭിച്ചിരുന്നു. ഈ ഡബിള്‍ ഡാറ്റ ഓഫര്‍ പിന്‍വലിച്ചതോടെയാണ് ഡാറ്റ രണ്ട് ജിബി ആയി കുറഞ്ഞത്.

പുതിയ മാറ്റങ്ങള്‍ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം പോലുള്ള സേവനങ്ങളില്‍ നിന്ന് റീച്ചാര്‍ജ് ചെയ്യുമ്പോഴും പുതുക്കിയ ആനുകൂല്യങ്ങളാണ് ലഭിക്കുക. 

അതേസമയം, നേരത്തെ 269 രൂപയുണ്ടയിരുന്ന പ്ലാന്‍ 329 രൂപയായി വര്‍ധിപ്പിച്ചിരുന്നു. ഈ പ്ലാനില്‍ പക്ഷെ നാല് ജിബി ഡാറ്റ ആനുകൂല്യം മാറ്റമില്ലാതെ തുടരുന്നുണ്ട്. ഇതിനൊപ്പം പരിധിയില്ലാത്ത കോളുകളും ലഭിക്കും. 56 ദിവസമാണ് ഇതിന്റെ വാലിഡിറ്റി. 500 രൂപ വരെ വര്‍ധനവാണ് വിയുടെ പ്രീപെയ്ഡ് റീച്ചാര്‍ജുകള്‍ക്കുണ്ടായിരിക്കുന്നത്. 

Content Highlights: Vodafone Idea, Vi Recharge plan, Data Benefits, New offers