കൊച്ചി: ഇന്‍ഡസ്ട്രി 4.0 യാഥാര്‍ത്ഥ്യമാക്കുന്നതിനായി വോഡഫോണ്‍ ഐഡിയ ലിമിറ്റഡും എല്‍ടിഇ,5ജി സൊലൂഷന്‍ പ്ലാറ്റ്‌ഫോം ദാതാക്കളായ അതോനെറ്റും കൈകോര്‍ക്കുന്നു. പരമ്പരാഗത നിര്‍മാണ പ്രവര്‍ത്തികളിലും വ്യവസായ രീതികളിലും ഓട്ടോമേഷന്‍ ഉള്‍പ്പടെയുള്ള ആധുനിക സാങ്കേതിക വിദ്യകള്‍ വിന്യസിക്കുന്ന നാലാമത് വ്യാവസായിക വിപ്ലവത്തെയാണ് ഇന്‍ഡസ്ട്രി 4.0 എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. 

സ്മാര്‍ട്ട് കണ്‍സ്ട്രക്ഷന്‍, സ്മാര്‍ട് വെയര്‍ഹൗസ്, സ്മാര്‍ട്ട് അഗ്രികള്‍ച്ചര്‍, സ്മാര്‍ട്ട് വര്‍ക്ക് സ്‌പേസ് പോലുള്ള 5ജിയുടെ സാധ്യതകള്‍ പരീക്ഷിക്കുന്നതാവും അതോനെറ്റുമായുള്ള വോഡഫോണ്‍ ഐഡിയയുടെ പങ്കാളിത്തം. 

നിര്‍മാണം, റെയില്‍വേ, വെയര്‍ഹൗസ്, ഫാക്ടറികള്‍ പോലുള്ള വ്യവസായ മേഖലകളില്‍ 5ജി സാങ്കേതിക വിദ്യകളുടെ സാധ്യതകള്‍ പരിശോധിക്കും. രാജ്യത്ത് മികച്ച  5ജി ഉപയോഗസാധ്യത സൃഷ്ടിക്കുന്നതിനായി ടെലികോം വകുപ്പ് അനുവദിച്ച 5ജി സ്‌പെക്ട്രത്തിലായിരിക്കും പരീക്ഷണങ്ങള്‍ നടക്കുക.

ചെറുതും വലുതുമായ സംരംഭങ്ങള്‍ക്കായി  സ്മാര്‍ട്ട് സാങ്കേതിക വിദ്യയും സംവിധാനങ്ങളും സജ്ജമാക്കുന്നതില്‍ വി ബിസിനസ്സിന് ശ്രദ്ധേയമായ പങ്കുണ്ടെന്നും അതോനെറ്റുമായുള്ള കമ്പനിയുടെ സഹകരണം ഭാവിയില്‍ രാജ്യത്തെ ഡിജിറ്റല്‍ സമ്പദ്ഘടനയുടെ വന്‍തോതിലുള്ള വളര്‍ച്ചയ്ക്ക് പ്രേരക ശക്തിയാകുമെന്നും വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ ചീഫ് എന്റര്‍പ്രൈസ് ബിസിനസ് ഓഫീസര്‍ അഭിജിത് കിഷോര്‍ പറഞ്ഞു.

ഈ പങ്കാളിത്തത്തിലൂടെ കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ അതോനെറ്റ് വികസിപ്പിച്ചിട്ടുള്ള സാങ്കേതിക സംവിധാനങ്ങള്‍ 5ജി ഇന്‍ഡ്‌സ്ട്രി 4.0  സംവിധാനം കെട്ടിപ്പടുക്കുന്നതിന് ഉപയോഗിക്കാന്‍ കഴിയുമെന്ന് അതോനെറ്റ്  ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഗിയാന്‍ലൂക്ക വെറിന്‍ പറഞ്ഞു.