നോക്കിയുമായി ചേര്‍ന്ന് വ്യവസായ സ്ഥാപനങ്ങള്‍ക്കായി സ്വകാര്യ 5ജി നെറ്റ് വര്‍ക്ക് എത്തിക്കുന്ന പദ്ധതിയുമായി മുന്‍നിര ടെലികോം സേവനദാതാവായ വെറൈസണ്‍. 

യൂറോപ്പിലും ഏഷ്യാ പസഫിക് മേഖലയിലുമുള്ള ആഗോള വ്യവസായ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള അന്തര്‍ദേശീയ സ്വകാര്യ 5ജി പ്ലാറ്റ്‌ഫോം അവതരിപ്പിക്കുന്നതിനായി ഇലക്ട്രോണിക് ഉപകരണ നിര്‍മാതാക്കളായ നോക്കിയയെ പങ്കാളിയാക്കുന്നതായി വെറൈസണ്‍ പ്രഖ്യാപിച്ചു.

ഇതുവഴി സ്വകാര്യ ആവശ്യങ്ങള്‍ക്കായി പ്രത്യേക 5ജി നെറ്റ് വര്‍ക്ക് തങ്ങളുടെ സ്ഥാപനപരിസരങ്ങളില്‍ വിന്യസിക്കാന്‍ വ്യവസായ സ്ഥാപനങ്ങള്‍ക്ക് സാധിക്കും. 

പബ്ലിക് നെറ്റ് വര്‍ക്കിന്റെ സഹായമില്ലാതെ സ്വന്തം സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ഓണ്‍-സൈറ്റ് നെറ്റ് വര്‍ക്കുകളുടെ സഹായത്തോടെ അതിവേഗ വിവര കൈമാറ്റം സാധ്യമാക്കാന്‍ നിര്‍മാണ, വിതരണ, ചരക്കുനീക്ക വ്യവസായ സ്ഥാപനങ്ങള്‍ക്ക് സാധിക്കും. 

മൈക്രോ ടവറുകളും ചെറിയ ബാറ്ററികളും ഉള്‍പ്പെടുന്ന ഉപകരണങ്ങളാണ് വ്യവസായ സ്ഥാപനങ്ങളുടെ പരിസരങ്ങളില്‍ ഇതിനായി സ്ഥാപിക്കുക. ഇത് കമ്പനികളുടെ ലോക്കല്‍ ഏരിയാ നെറ്റ് വര്‍ക്കുമായി ബന്ധിപ്പിക്കും.

നോക്കിയയുടെ ഡിജിറ്റല്‍ ഓട്ടോമേഷന്‍ ക്ലൗഡ് ഇത് പ്രയോജനപ്പെടുത്തും. എന്റര്‍പ്രൈസ് ആപ്ലിക്കേഷനുകള്‍ക്കായി ഈ വെബ് ബേസ്ഡ് ഇന്റര്‍ഫെയ്‌സ് പ്രയോജനപ്പെടുത്താം. 

വിവിധ മുന്‍നിര കമ്പനികളുമായി ഇതിനോടകം പങ്കാളിത്തമുറപ്പിച്ചിട്ടുള്ള വൈറൈസണ്‍ ആഗോള തലത്തില്‍ 5ജി വിന്യാസത്തിന് മുന്‍നിരയിലുള്ള ടെലികോം സേവനദാതാവാണ്.

Content Highlights: Verizon partners with Nokia to launch private 5G platform