ചാനല്‍ പ്രക്ഷേപണ രംഗത്ത് ട്രായ് അവതരിപ്പിച്ച പുതിയ ചട്ടങ്ങള്‍ ഫെബ്രുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരികയാണ്. പുതിയ ചാനല്‍ നിരക്കുകളെ കുറിച്ച് ഉപയോക്താക്കള്കിടയില് ആശയക്കുഴപ്പം നിലനില്‍ക്കെ ഒരു 'ചാനല്‍ സെലക്ടര്‍ ആപ്ലിക്കേഷന്‍' അവതരിപ്പിച്ചിരിക്കുകയാണ് ട്രായ്. ഇതുവഴി ഉപയോക്താക്കള്‍ക്ക് അവര്‍ക്കിഷ്ടമുള്ള ചാനലുകള്‍ തിരഞ്ഞെടുത്ത് അതിനു വരുന്ന മാസവരിസംഖ്യ എത്രയാണെന്ന് കണക്കാക്കാം.
ട്രായിയുടെ പുതിയ ചട്ടമനുസരിച്ച് ഉപയോക്താക്കള്‍ക്ക് അവര്‍ക്ക് വേണ്ട ചാനലുകള്‍ തിരഞ്ഞെടുക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. അനാവശ്യമായ ചാനലുകള്‍ കുത്തിനിറയ്ക്കുന്ന ഡിടിഎച്ച്, കേബിള്‍ പാക്കേജുകള്‍ ഒഴിവാക്കുന്നതിനായാണ് ഈ നീക്കം. ചാനലുകളുടെ കൃത്യമായ വില വിവരങ്ങള്‍ സേവന ദാതാക്കള്‍ ഉപയോക്താക്കളെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.
ട്രായിയുടെ ചാനല്‍ സെലക്ടര്‍ ഉപയോഗിച്ച് പേ ചാനലുകളും സൗജന്യ ചാനലുകളും ചാനല്‍ ബൊക്കേകളും ഏതെല്ലാം എന്ന് മനസിലാക്കാനും ആവശ്യമുള്ളവ തിരഞ്ഞെടുത്ത് അവയുടെ മാസവരിസംഖ്യ പരിശോധിക്കുകയും ചെയ്യാം.
ആവശ്യമുള്ള ചാനലുകള്‍ കണ്ടെത്തിയ ശേഷം നിങ്ങളുടെ ഡിടിഎച്ച്, കേബിള്‍ സേവനദാതാവിന്റെ വെബ്സൈറ്റ് വഴിയോ നേരിട്ടോ ഏതെല്ലാം ചാനലുകളാണ് വേണ്ടതെന്ന് അവരെ അറിയിക്കാം.
ട്രായിയുടെ https://channel.trai.gov.in എന്ന വെബ്സൈറ്റ് ലിങ്കില്‍ കയറിയാല്‍ ചാനല്‍ സെലക്ടര്‍ ആപ്ലിക്കേഷനിലെത്താം. Get started എന്ന് നല്കിയാല് നിങ്ങളുടെ പേര്, സംസ്ഥാനം, ഭാഷകള്‍, ഏത് തരം ചാനലുകള്‍ വേണം എന്നീ വിവരങ്ങള്‍ ചോദിക്കും. ശേഷം ആ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന ചാനല്‍ പട്ടികകള്‍ നിങ്ങള്‍ക്ക് കാണാം.
130 രൂപയുടെ അടിസ്ഥാന പാക്കേജില്‍ നിങ്ങള്‍ക്ക് 100 എസ്ഡി (സ്റ്റാന്റേര്‍ഡ് ഡെഫനീഷന്‍) ചാനലുകള്‍ തിരഞ്ഞെടുക്കാം. ഇതില്‍ 25 എണ്ണം സര്‍ക്കാരിന്റെ നിര്‍ബന്ധിത ചാനലുകളാണ്. ബാക്കിയുള്ള 75 സൗജന്യ ചാനലുകള്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. പുതിയ രീതി അനുസരിച്ച് ഒരു എച്ച്ഡി ചാനല്‍ രണ്ട് എസ്ഡി ചാനലിന് തുല്യമാണ്. അതായത് 100 എസ്ഡി ചാനലുകള്‍ക്ക് തുല്യമാണ് 50 എച്ച്ഡി ചാനലുകള്‍. നൂറ് ചാനലുകളില്‍ കൂടുതല്‍ സൗജന്യ ചാനല്‍ തിരഞ്ഞെടുത്താല്‍ അധികം വരുന്ന 25 ചാനലുകള്‍ക്ക് 25 രൂപ നിരക്കില്‍ ഈടാക്കും.
ശേഷം പേ ചാനലുകള്‍ ഒരോന്നായി തിരഞ്ഞെടുക്കാം. വെബ്സൈറ്റിന്റെ ടോപ്പ് ബാറില്‍ ചാനലിന്റെ തുക രേഖപ്പെടുത്തിയിട്ടുണ്ടാവും. പേ ചാനലുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ആ ചാനലുകളുടെ തുകയും മാസ വരിസംഖ്യയ്ക്ക് വരുന്ന നികുതി നിരക്കും ചേര്‍ത്തുള്ള വിലയാണ് കാണുക.
നിങ്ങള്‍ക്ക് സ്വീകാര്യമായ നിരക്കിനുള്ളില്‍ ആവശ്യമായ ചാനലുകള്‍ തിരഞ്ഞെടുത്തുകഴിഞ്ഞാല്‍ ആ ചാനലുകളുടെ പട്ടികയും നിരക്കും പ്രിന്റ് ചെയ്തെടുക്കാനും ഡൗണ്‍ലോഡ് ചെയ്യാനുമുള്ള സൗകര്യവും ആപ്ലിക്കേഷനില്‍ നല്‍കിയിട്ടുണ്ട്. ഡിടിഎച്ച് കേബിള്‍ ഓപ്പറേറ്റര്‍മാരുമായി ബന്ധപ്പെടുമ്പോള്‍ ഈ പട്ടിക പ്രയോജനപ്പെടുത്താവുന്നതാണ്.
പുതിയ ബില്‍ എങ്ങനെ?
ട്രായ് നിര്‍ദേശമനുസരിച്ച് ഇനിമുതല്‍ കേബിള്‍/ഡിടിഎച്ച് പ്രതിമാസ ബില്ലില്‍ രണ്ട് കാര്യങ്ങളാണുണ്ടാവുക. നെറ്റ് വര്‍ക്ക് കപ്പാസിറ്റി ഫീ അഥവാ എന്‍സിഎഫ് ആണ് ആദ്യത്തേത്. ഇതാണ് 130 രൂപയായി നിജപ്പെടുത്തിയിരിക്കുന്നത്.
പേ ചാനലുകള്‍ക്കും ചാനല്‍ ബോക്കേയ്ക്കും നല്കുന്ന തുകയാണ് പിന്നീടുള്ളത്. 18 ശതമാനം ജിഎസ്ടിയും ഒപ്പമുണ്ടാവും.
ഇങ്ങനെ 130 രൂപ + പേചാനല്‍/ബൊക്കെ വില+ ജിഎസ്ടി എന്നിവ ചേര്‍ന്നതായിരിക്കും നിങ്ങളുടെ പ്രതിമാസ ബില്ല്. ആപ്ലിക്കേഷന്‍ സന്ദര്‍ശിച്ചാല്‍ അത് എളുപ്പം കണക്കാക്കാം.
Content Highlights: TRAI’s Channel Selector Application