ന്യൂഡല്‍ഹി: ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ നെറ്റ് വര്‍ക്കുകളിലേക്ക്  ഫോണ്‍ വിളിക്കുന്നതിന് ഉപയോക്താക്കളില്‍ നിന്നും അമിത തുക ഈടാക്കിയതിന് രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളിലൊന്നായ ഐഡിയ സെല്ലുലാറിന് ട്രായ് 2.97 കോടി രൂപ പിഴ ചുമത്തി. ഉപയോക്താക്കളില്‍ നിന്നും ഈടാക്കിയ കൂടുതല്‍ തുകയാണ് പിഴയായി നല്‍കാന്‍ ട്രായ് ആവശ്യപ്പെട്ടത്.

ഈ തുക ടെലികോം കണ്‍സ്യൂമേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് പ്രൊടക്ഷന്‍ ഫണ്ടില്‍ (ടിസിഇപിഎഫ്)നിക്ഷേപിക്കണം. അമിത പണം ഈടാക്കിയ ഫോണ്‍ വിളികളുടെ വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ പണം നഷ്ടമായ ഉപയോക്താക്കള്‍ പണം തിരികെ നല്‍കാന്‍ സാധിക്കില്ലെന്ന് ഐഡിയ സെല്ലുലാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പണം ടിസിഇപിഎഫില്‍ നിക്ഷേപിക്കാന്‍ ട്രായ് നിര്‍ദ്ദേശിച്ചത്. 

2005ല്‍ മഹാരാഷ്ട്ര, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ നാല് സംസ്ഥാനങ്ങളില്‍ ഇന്റര്‍ സെര്‍വീസ് ഏരിയാ കണക്റ്റിവിറ്റി പെര്‍മിറ്റ് അനുവദിക്കുന്നതില്‍ ടെലികോം വകുപ്പ് ഭേദഗതി കൊണ്ടുവന്ന സമയത്താണ് ഈ നടപടിക്കാധാരമായ സംഭവം ഉണ്ടായത്. ഭേഗദതി പ്രകാരം ഈ നാല് സംസ്ഥാനങ്ങള്‍ക്കുള്ളിലെ ഫോണ്‍ കോളുകള്‍ ലോക്കല്‍ കോളുകളായി കണക്കാക്കണം.

എന്നാല്‍ ഈ ഭേദഗതിയ്ക്ക് വിരുദ്ധമായി ചില ജിഎസ്എം ഓപറേറ്റര്‍മാര്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ നെറ്റ് വര്‍ക്കുകളിലേക്കുള്ള ഫോണ്‍ വിളികള്‍ക്ക് സ്വകാര്യ നെറ്റ്‌വര്‍ക്കുകളില്‍ നിന്നും ഈടാക്കിയതിനെ അപേക്ഷിച്ച് അമിത ചാര്‍ജ് ഈടാക്കി. അത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് 2005 മേയ് മുതല്‍ 2007 ജനുവരി വരെയുള്ള കാലയളവില്‍ ഉപയോക്താക്കളില്‍ നിന്നും ഈടാക്കിയ അമിത തുകയായ 2,97,90,173 രൂപ തിരിച്ചുനല്‍കാന്‍ ട്രായ് ഉത്തരവിടുകയും ചെയ്തു.

ഈ ഉത്തരവിനെ സെല്ലുലാര്‍ ഓപറേറ്റേഴ്‌സ് അസോസിയേഷനും മറ്റ് ടെലികോം ഓപറേറ്റര്‍മാരും വെല്ലുവിൡക്കുകയും അമിത ചാര്‍ജ് ഈടാക്കുന്നത് തുടരുകയുമായിരുന്നു. ട്രായ് ഉത്തരവിനെതിരെ അസോസിയേഷന്‍ സുപ്രീംകോടതില്‍ ഹര്‍ജി നല്‍കിയെങ്കിലും 2015ല്‍ അപെക്‌സ് കോടതി ഹര്‍ജി തള്ളുകയും ചെയ്തു.