മൊബൈല്‍ ടവര്‍ സിഗ്നലുകളില്‍ നിന്ന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നില്ലെന്ന് ടെലികോം വകുപ്പ്. ലോകാരോഗ്യ സംഘടനയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിഷയത്തില്‍ സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്. 

കുറഞ്ഞതോതിലുള്ള ഇലക്‌ട്രോമാഗ്നറ്റിക്ക് ഫീല്‍ഡ് ഏല്‍ക്കുന്നതുമൂലം എന്തെങ്കിലും ആരോഗ്യപ്രത്യാഘാതം ഉണ്ടാകുമെന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ബെയ്‌സ് സ്റ്റേഷനുകളില്‍ (BTS) നിന്നും വയര്‍ലസ് നെറ്റ്‌വര്‍ക്കുകളില്‍ നിന്നുമുള്ള ദുര്‍ബ്ബലമായ റേഡിയോ ഫ്രീക്വന്‍സി സിഗ്നലുകള്‍ ആരോഗ്യത്തിന് പ്രത്യാഘാതം ഉണ്ടാക്കുന്നു എന്നതിന് വ്യക്തമായ ശാസ്ത്രീയ തെളിവുകള്‍ ഇല്ല. ഇതുവരെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബേസ് സ്റ്റേഷനുകളില്‍  നിന്ന് ഉണ്ടാകുന്ന സിഗ്നലുകളില്‍  നിന്ന് ഹ്രസ്വകാലമോ ദീര്‍ഘകാലമോ ആയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി കാണുന്നില്ല. ടെലികോം വകുപ്പ് പുറത്തുവിട്ട പത്രകുറിപ്പില്‍ പറയുന്നു. 

മൊബൈല്‍  ടവറുകളില്‍  നിന്നുള്ള ഇലക്‌ട്രോമാഗ്നറ്റിക്ക് ഫീല്‍ഡ് (EMF) നിര്‍ഗമനം ആരോഗ്യത്തിന്  പ്രത്യാഘാതം ഉണ്ടാക്കുമോ എന്നത് സംബന്ധിച്ച്, ലോകമെമ്പാടും കഴിഞ്ഞ 30 വര്‍ഷങ്ങളില്‍  പ്രസിദ്ധീകരിക്കപ്പെട്ട ഏകദേശം 25000 ലേഖനങ്ങള്‍ ലോകാരോഗ്യ സംഘടന പരിശോധിക്കുകയും ശാസ്ത്രീയ ലേഖനങ്ങള്‍ സമഗ്രമായി വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രസ്താവന. 

ഇലക്ട്രോ മാഗ്നറ്റിക് ഫീല്‍ഡ് സിഗ്നലുകളുകള്‍ സംബന്ധിച്ച നിയന്ത്രണങ്ങള്‍

2008ല്‍ മൊബൈല്‍ ടവറുകളില്‍ നിന്നുള്ള ഇലക്ട്രോ മാഗ്നറ്റിക് റേഡിയേഷന്റെ അളവ് കുറയ്ക്കുന്നതിനുള്ള നോണ്‍- അയണൈസിംഗ് റേഡിയേഷന്‍ സംരക്ഷണത്തിനുള്ള അന്താരാഷ്ട്ര കമ്മീഷന്‍  (ICNIRP) ശുപാര്‍ശകള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അംഗീകരിച്ചു. കൂടാതെ 2012ല്‍ മന്ത്രിതല സമിതി നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പല വികസിത രാജ്യങ്ങളേക്കാളും പത്തിരട്ടി കര്‍ശനമായി ഈ നിര്‍ദേശങ്ങള്‍ പാലിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. അതായത് ജനവാസ കേന്ദ്രങ്ങള്‍ക്ക് ഇതേകുറിച്ച് പ്രത്യേകം മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കേണ്ടതിന്റെ ആവശ്യം വരുന്നില്ല.

2014 ല്‍ മൊബൈല്‍ ടവറുകളില്‍ നിന്നുള്ള ലോ ഇലക്ട്രോ മാഗ്നറ്റിക് ഫ്രീക്വന്‍സിയില്‍ നിന്നുള്ള അപകടകരമായ റേഡിയേഷനെ കുറിച്ചുള്ള ആശങ്കകള്‍ ചര്‍ച്ച ചെയ്യുന്നതിനായി അലഹബാദ് ഹൈക്കോടതി ഒരു വിദഗ്ദസമിതിയെ ചുമതലപ്പെടുത്തി. കരഗ്പൂര്‍, കാണ്‍പൂര്‍, ഡല്‍ഹി, റൂര്‍കി, ബോംബെ എന്നിവിടങ്ങളില്‍ നിന്നുള്ളവരും, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, ലക്‌നൗവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി റിസര്‍ച്ച്, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളും അടങ്ങുന്ന സമിതി ചട്ടങ്ങള്‍ പാലിച്ചുകൊണ്ടുള്ള  സിഗ്നല്‍ നിരക്ക് പര്യാപ്തമാണെന്ന് കണ്ടെത്തി. 

ലഭ്യമായ ശാസ്ത്രീയ തെളിവുകളുടെയും പഠനങ്ങളുടെയും റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍ അടിസ്ഥാനത്തില്‍ മൊബൈല്‍ ടവറുകളില്‍ നിന്നുള്ള സിഗ്നല്‍ റേഡിയേഷന്‍ മനുഷ്യന്റെയോ മൃഗങ്ങളുടേയോ ആരോഗ്യത്തിന് ദോഷകരമാണെന്നതിന് തെളിവുകളില്ല. 

ലോകാരോഗ്യ സംഘടനയുടേയും ഐസിഎന്‍ഐആര്‍പിയുടേയും നിര്‍ദേശങ്ങള്‍ രാജ്യത്തെ ടെലികോം വകുപ്പ് കര്‍ശനമായി നടപ്പിലാക്കുന്നുണ്ട്. ടെലികോം സേവനദാതാക്കള്‍ ഈമാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ഉചിതമായ നടപടികള്‍ എടുത്തിട്ടുമുണ്ട്.
 
കേരളത്തി  95,000 മൊബൈല്‍ ഫോണ്‍ ബെയ്‌സ് സ്റ്റേഷനുകള്‍ ഉണ്ട് ഇവയില്‍ 35,000 ടവറുകളുടെ റേഡിയേഷന്‍ ടെസ്റ്റ് കഴിഞ്ഞിട്ടുണ്ട്. സര്‍ക്കാരിന്റെയും ടെലികോം വകുപ്പിന്റെയും  നിബന്ധനകള്‍ക്കനുസരിച്ചാണ്. ഇവയെല്ലാം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

Content Highlights: Telecommunication technology is not hazardous to health telecom department