ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധ ഏറ്റവും അധികം ബാധിച്ച വ്യവസായ രംഗമാണ് ടെലികോം. ഇക്കാരണത്താല്‍ തന്നെ പുതിയ ഉപയോക്താക്കളുടെ കടന്നുവരവില്‍ കാര്യമായ ഇടിവ് രാജ്യത്തെ ടെലികോം കമ്പനികള്‍ക്ക് നേരിടേണ്ടിവരും. 

സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഞായറാഴ്ച ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇത് കൂടാതെ ആളുകള്‍ ഒത്തുകൂടുന്ന ആഘോഷങ്ങളും, ഉത്സവങ്ങളും ഒഴിവാക്കണമെന്നും മാളുകള്‍, തീയറ്ററുകള്‍, സ്‌കൂളുകള്‍ എന്നിവ അടയ്ക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. 

ആളുകള്‍ പുറത്തിറങ്ങാത്ത സാഹചര്യത്തില്‍ നഗരങ്ങളിലെ മിക്ക കടകളും കാലിയാണ്. സാധന സാമഗ്രികള്‍ വാങ്ങാനെത്തുന്നവരുടെ എണ്ണത്തില്‍ വലിയ ഇടിവാണുണ്ടായത്. ടെലികോം കമ്പനികളുടെ റീടെയില്‍ സ്റ്റോറുകളിലും ആളുകള്‍ എത്തുന്നില്ല. 

മാര്‍ച്ച് മാസം രാജ്യത്തെ ടെലികോം കമ്പനികള്‍ക്കാകെ 20 ലക്ഷം പുതിയ ഉപയോക്താക്കളുടെ കുറവുണ്ടാവുമെന്നാണ് കണക്കാക്കപ്പെടുന്നത്. കൊറോണ വെല്ലുവിളി രൂക്ഷമാവുന്ന സാഹചര്യത്തില്‍ സമ്പര്‍ക്ക വിലക്ക് കുറച്ചുനാള്‍ കൂടി ദീര്‍ഘിപ്പിക്കേണ്ട സാഹചര്യം വന്നാല്‍ പുതിയ ഉപയോക്താക്കളുടെ വരവില്‍ കാര്യമായ കുറവുണ്ടാവും. 

ഡിസംബറില്‍ പുതിയ ഉപയോക്താക്കളുടെ ലഭ്യതയില്‍ ജിയോയ്ക്ക് വലിയ ഇടിവാണുണ്ടായത്. എന്നാല്‍ ബിഎസ്എന്‍എല്‍ ഉള്‍പ്പടെയുള്ള മറ്റ് കമ്പനികളും ഈ സാഹചര്യത്തില്‍ ഈ വെല്ലുവിളി നേരിടേണ്ടി വരും. 

Content Highlights: telecom companies Might Face Slowdown in Adding New Subscribers