ലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ബ്രോഡ്ബാന്റ് സേവനം താമസിയാതെ ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ട്. 2022 ഓടെ ഇന്ത്യയില്‍ സേവനം ആരംഭിക്കാനാണ് പദ്ധതിയെന്ന് സ്റ്റാര്‍ലിങ്ക് വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.

സ്റ്റാര്‍ലിങ്ക് സേവനം ഉപയോഗിക്കാന്‍ താല്‍പര്യമുള്ള ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ അതിനായി റിസര്‍വ് ചെയ്യാം. 99 ഡോളറാണ് റിസര്‍വേഷന്‍ നിരക്ക്. ഇത് ഇന്ത്യയിൽ ഏകദേശം 7240 രൂപ വരും. സ്റ്റാര്‍ലിങ്ക് സേവനം നല്‍കുന്ന ഉപകരണത്തിനുള്ള തുകയാണ് 99 ഡോളര്‍. നികുതികൾ ഒഴികെയുള്ള തുകയാണിത്. 

ഡിടിഎച്ച് സേവനത്തിന് സമാനമായ ഒരു ഡിഷ് ആന്റിനയും അനുബന്ധ ഉപകരണങ്ങളുമാണ് സ്റ്റാര്‍ലിങ്ക് ഉപയോക്താക്കള്‍ക്ക് ഇതിനായി ആവശ്യമായി വരിക. തുടക്കത്തില്‍ വളരെ നിയന്ത്രിതമായാണ് സേവനം ലഭ്യമാക്കുക. ഇപ്പോള്‍ റിസര്‍വ് ചെയ്യുന്നവരില്‍ ആദ്യമെത്തുന്നവരുടെ ക്രമത്തിലാണ് കണക്ഷന്‍ നല്‍കുക. റിസര്‍വേഷന്‍ പിന്‍വലിക്കാനും നല്‍കിയ മുഴുവന്‍ തുകയും റീഫണ്ട് ചെയ്യാനും സാധിക്കും.

www.starlink.com എന്ന വെബ്സൈറ്റിലൂടെയാണ് ഓർഡർ ചെയ്യാനാവുക.

ഉപഗ്രഹങ്ങളില്‍ നിന്ന് നേരിട്ട് ഇന്റര്‍നെറ്റ് എത്തിക്കുന്ന പദ്ധതിയാണ് സ്റ്റാര്‍ലിങ്ക്. ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്റ്റിവിറ്റി എത്തിച്ചേരാത്ത ഉള്‍നാടുകളില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി എത്തിക്കുന്നതിന് അനുയോജ്യമാണ് ഈ സംവിധാനം. 

നിലവില്‍ ബീറ്റാ പരീക്ഷണ ഘട്ടത്തിലാണ് സ്റ്റാര്‍ലിങ്ക്. നിലവില്‍ സെക്കന്റില്‍ 50 എംബി മുതല്‍ 150 എംബി വരെയാണ് സ്റ്റാര്‍ലിങ്ക് വേഗത വാഗ്ദാനം ചെയ്യുന്നത്. ഇത് 300 എംബിപിഎസിലേക്ക് ഉയര്‍ത്താനാകുമെന്ന് അടുത്തിടെ ഇലോണ്‍ മസ്‌ക് അവകാശപ്പെട്ടിരുന്നു. 20 മില്ലിസെക്കന്റ് മുതല്‍ 40 മില്ലി സെക്കന്റ് വരെയാണ് ലേറ്റന്‍സി വാഗ്ദാനം ചെയ്യുന്നത്. 

പതിനായിരക്കണക്കിന് ചെറു ഉപഗ്രങ്ങള്‍ ഇതിനായി വിക്ഷേപിക്കാനാണ് സ്‌പേസ് എക്‌സിന്റെ പദ്ധതി. ഉപഗ്രങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് നല്‍കുന്ന കണക്ഷനുകളുടെ എണ്ണവും സേവനത്തിന്റെ വേഗതയും ലേറ്റന്‍സിയുമെല്ലാ മെച്ചപ്പെടും. 

Content Highlights: Starlink broadband is coming to India next year order now