തകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സിന്റെ ഉപഗ്രഹ വിവരവിനിമയ സ്ഥാപനമായ സ്റ്റാര്‍ലിങ്ക് നവംബര്‍ ഒന്നിനാണ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളിലും ഉള്‍നാടുകളിലും ഇന്റര്‍നെറ്റ് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റാര്‍ ലിങ്ക് ഇന്ത്യയിലെത്തിയിരിക്കുന്നത്. 

സേവനം വ്യാപിപ്പിക്കുന്നതിന് വേണ്ടി ഇന്ത്യയില്‍ പ്രചാരത്തിലുള്ള ബ്രോഡ്ബാന്‍ഡ് സേവനദാതാക്കളുമായി പങ്കാളിത്തം സ്ഥാപിക്കാനുള്ള ചര്‍ച്ചകളിലാണ് ഇപ്പോള്‍ സ്റ്റാര്‍ലിങ്ക്. ജിയോ, വോഡഫോണ്‍ ഐഡിയ ഉള്‍പ്പടെയുള്ള കമ്പനികളുമായാണ് ചര്‍ച്ച നടക്കുന്നത് എന്നാണ് വിവരം.

എയര്‍ടെലിന്റെ മാതൃസ്ഥാപനമായ ഭാരതി എന്റര്‍പ്രൈസസിന് പങ്കാളിത്തമുള്ള വണ്‍ വെബ് ഉപഗ്രഹ വിവര വിനിമയ രംഗത്ത് അന്തര്‍ദേശീയ തലത്തില്‍ സ്റ്റാര്‍ലിങ്കിന്റെ എതിരാളിയാണ്. എന്നാല്‍ വണ്‍ വെബിന് നിലവില്‍ ഇന്ത്യയില്‍ സേവനാനുമതിയില്ല. എങ്കിലും ഇന്ത്യയില്‍ സ്റ്റാര്‍ലിങ്കും എയര്‍ടെലുമായുള്ള പങ്കാളിത്തത്തിന് സാധ്യതയില്ല.

നിതി ആയോഗ് കണ്ടെത്തിയ സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കം നില്‍ക്കുന്ന ജില്ലകളില്‍ 12 എണ്ണത്തിലാണ് ബ്രോഡ്ബാന്‍ഡ് സേവനദാതാക്കളുമായി സഹകരിച്ച് സേവനം ആരംഭിക്കുകയെന്ന് ഇന്ത്യയിലെ സ്റ്റാര്‍ലിങ്ക് കണ്‍ട്രി ഡയറക്ടറായ സഞ്ജയ് ഭാര്‍ഗവ പിടിഐയോട് പറഞ്ഞു.  

ഇന്ത്യയില്‍ നിന്ന് 5000 മുന്‍കൂര്‍ ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സ്റ്റാര്‍ലിങ്ക് പറയുന്നത്. 7350 രൂപയാണ് ഇതിന് നിക്ഷേപ തുകയായി ഈടാക്കുന്നത്. 50 മുതല്‍ 150 എംബിപിഎസ് വരെ വേഗതയും സ്റ്റാര്‍ലിങ്ക് വാഗ്ദാനം ചെയ്യുന്നു. 

എല്ലാവരുമായും സഹകരിക്കാനും തങ്ങളെ കൂടാതെ മറ്റുള്ളവര്‍ക്ക് സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് നല്‍കുന്നതിന് ലൈസന്‍സ് നല്‍കാനും തങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് ഭാര്‍ഗവ പറഞ്ഞു. ഉപഗ്രഹം വഴിയും ഭൂമിയിലൂടെയുമുള്ള കണക്റ്റിവിറ്റിയിലൂടെ 100 ശതമാനം ബ്രോഡ്ബാന്‍ഡ് നല്‍കാന്‍ കഴിയും, പ്രത്യേകിച്ച് ഗ്രാമീണ ജില്ലകളില്‍. അദ്ദേഹം പറഞ്ഞു.

അതേസമയം ടെര്‍മിനലുകള്‍ എന്ന് വിളിക്കപ്പെടുന്ന ആന്റിനകള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത സ്റ്റാര്‍ലിങ്ക് തള്ളി. 

ഡല്‍ഹിയിലും പരിസരജില്ലകളിലുമായി നൂറ് ടെര്‍മിനലുകള്‍ സൗജന്യമായി നല്‍കാന്‍ സ്റ്റാര്‍ലിങ്കിന് പദ്ധതിയുണ്ട്. 2022 ഓടെ രണ്ട് ലക്ഷം സ്റ്റാര്‍ലിങ്ക് ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കാനും കമ്പനി ഉദ്ദേശിക്കുന്നു. 

നിലവില്‍ ഭൂമിയിലൂടെയുള്ള ഫൈബര്‍ ബ്രോഡ്ബാന്‍ഡ് ശൃംഖലയ്ക്ക് എത്തിച്ചേരാന്‍ കഴിയാത്തയിടങ്ങളില്‍ പോലും സ്റ്റാര്‍ലിങ്ക് കണക്റ്റിവിറ്റി ഉറപ്പുവരുത്തുമെന്നും ഭാര്‍ഗവ പറഞ്ഞു. 

Content Highlights: SpaceX talks with Indian telecom companies for starlink