റിലയന്‍സ് ജിയോ കേരളത്തില്‍ 4ജി നെറ്റ്വര്‍ക്ക് 15 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നു. നഗരങ്ങളിലും ഗ്രാമങ്ങളിലും 4ജി ടവറുകളുടെ ആവശ്യം വര്‍ധിച്ച സാഹചര്യത്തിലാണ് ഈ നീക്കം. 

നിലവില്‍ ജിയോയ്ക്ക് കേരളത്തില്‍ 12,000-ലധികം ട്രൂ4ജി നെറ്റ്വര്‍ക്ക് സൈറ്റുകള്‍ ഉണ്ട്. സംസ്ഥാനത്തെ ഏറ്റവും വിപുലമായ 4ജി നെറ്റ്വര്‍ക്കാണിത്. പുതിയ വിപുലകീരണം കൂടിയാവുന്നതോടെ കേരള ടെലികോം രംഗത്തെ ജിയോയുടെ ഈ ആധിപത്യം വര്‍ധിക്കും. 

റിലയന്‍സ് ജിയോ 4ജി നെറ്റ്വര്‍ക്കിലെ വേഗത പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഉയര്‍ന്ന നിലവാരത്തില്‍ 4ജി കണക്റ്റിവിറ്റി ആസ്വദിക്കാന്‍ ഇത് ഉപയോക്താക്കളെ സഹായിക്കും. ജിയോയ്ക്ക് നിലവില്‍ കേരളത്തില്‍ ഒരു കോടിയില്‍ അധികം ഉപഭോക്താക്കള്‍ ഉണ്ട്.

കോവിഡ് വ്യാപനവും അതിനോടനുബന്ധിച്ച് വീട്ടിലുന്നുള്ള ജോലിയും ഓണ്‍ലൈന്‍ പഠനവുമെല്ലാം വര്‍ധിച്ചതും ടവറുകളുടെ ആവശ്യകത വര്‍ധിപ്പിച്ചതായി ജിയോ പറയുന്നു. ഏപ്രില്‍ മുതല്‍ ഡാറ്റാ ഉപഭോഗത്തില്‍ 35 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. 

ലോക്ക്ഡൗണ്‍ സമയത്ത്, കേരളത്തിലെ ജിയോ ടീം പൊതുജനങ്ങളുടെ നിര്‍ദേശപ്രകാരം വിവിധ സ്ഥലങ്ങളിലേക്ക് കണക്റ്റിവിറ്റി എത്തിക്കുകയും താല്‍കാലിക ടവറുകള്‍ സ്ഥാപിക്കുകയും കണക്റ്റിവിറ്റിയ്ക്കായി ടവറുകള്‍ വേഗത്തില്‍ സ്ഥാപിക്കുകയും ചെയ്തിരുന്നുവെന്ന് ജിയോ പറഞ്ഞു. പൊതുജനങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ച്‌ 2020 ഏപ്രില്‍ മുതല്‍ കമ്പനി 30-ലധികം ടവറുകള്‍ കേരളത്തില്‍ സ്ഥാപിച്ചു.

Content Highlights: Reliance Jio to strengthen its 4G network by 15 percent