കൊച്ചി: റീച്ചാര്‍ജ് പ്ലാനുകളില്‍ ഒട്ടനവധി മാറ്റങ്ങളാണ് ഇത്തവണത്തെ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ജിയോ അവതരിപ്പിച്ചത്. ഡാറ്റ വര്‍ധിപ്പിച്ചു വില കുറച്ചും കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് ജിയോ. 

ജിയോയുടെ പുതിയ റിപ്പബ്ലിക്ക് ഡേ ഓഫറുകള്‍  കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും മൈജിയോ ആപ്പിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പ്രൈം അംഗങ്ങള്‍ക്കാണ് പ്ലാനുകള്‍ ലഭ്യമാവുക. ഓഫറുകളെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ അറിയാം-

ജിയോ സാഷെ പായ്ക്കുകള്‍

19 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ ഒരു ദിവസത്തേക്ക് 150 എംബി  ലഭിക്കും. 52 രൂപയുടെ ഓഫര്‍ ചെയ്താല്‍ ഏഴ് ദിവസത്തേക്ക് 1.05 ജിബി ഡാറ്റയും ലഭിക്കും.

രണ്ട് ജിബി റീച്ചാര്‍ജ് ഓഫര്‍: 98 പ്ലാനില്‍ 28 ദിവസത്തേക്ക് രണ്ട് ജിബി ഡാറ്റ ലഭിക്കും. അതായത് ഈ പ്ലാനില്‍ ആകെ രണ്ട് ജിബി ഡാറ്റ മാത്രമാണ് ലഭിക്കുക

1.5 ജിബി ഡെയ്‌ലി ഡാറ്റ ഓഫറുകള്‍

ദിവസേന 1.5 ജിബി ഡാറ്റ ലഭിക്കുന്ന നാല് പ്ലാനുകളാണ് ജിയോയ്ക്കുള്ളത്. 149 രൂപയുടെതാണ് ഇതില്‍ ഏറ്റവും കുറഞ്ഞ വിലയിലുള്ളത്. 28 ദിവസത്തേക്കുള്ള ഈ പ്ലാനില്‍ ആകെ 42 ജിബി ഡാറ്റ ലഭിക്കും. 

349 രൂപയുടെ മറ്റൊരു പ്ലാനില്‍ 70 ദിവസത്തെ വാലിഡിറ്റിയില്‍ ആകെ 105 ജിബി ഡാറ്റ ലഭിക്കും. 

399 രൂപയുടെ പ്ലാനില്‍ 84 ദിവസത്തേക്ക് 126 ജിബി ഡാറ്റ ലഭിക്കും

449 രൂപയുടെ പ്ലാനില്‍ 91 ദിവസത്തേക്ക് 136 ജിബി ഡാറ്റയും ലഭിക്കും.

രണ്ട് ജിബി ഡെയ്‌ലി ഡാറ്റ

198 രൂപയുടേയും 398 രൂപയുടേയും റീച്ചാര്‍ജ് ഓഫറുകള്‍ക്കൊപ്പം യഥാക്രമം 56 ജിബി, 140 ജിബി എന്നിങ്ങനെ ഡാറ്റ ലഭിക്കും. 28 ദിവസമാണ് 198 രൂപയുടെ പ്ലാനിന് വാലിഡിറ്റി. 398 രൂപയുടെ പ്ലാനിന് 70 ദിവസമാണ് വാലിഡിറ്റി. 

448 രൂപയുടെ പ്ലാനില്‍ 84 ദിവസത്തേക്ക് 168 ജിബി ഡാറ്റ ലഭിക്കും. 498 രൂപയുടെ മറ്റൊരു പ്ലാനില്‍ 91 ദിവസത്തേക്ക് ആകെ 182 ജിബി ഡാറ്റ ലഭിക്കും. 
ഈ പ്ലാനുകള്‍ക്കെല്ലാം പ്രതിദിനം 2ജിബി ഡാറ്റയാണ് ലഭിക്കുക. 

3ജിബി, 4ജിബി,5ജിബി ഡെയ്‌ലി ഡാറ്റാ റീച്ചാര്‍ജ് ഓഫറുകള്‍

299 രൂപയുടെ റീച്ചാര്‍ജില്‍ 28 ദിവസത്തേക്ക് പ്രതിദിനം മൂന്ന് ജിബി ഡാറ്റ വീതി 84 ജിബി ഡാറ്റ ലഭിക്കും. 

പ്രതിദിനം 4 ജിബി ഡാറ്റ ലഭിക്കാന്‍ 509 രൂപയുടെ റീച്ചാര്‍ജ് ചെയ്താല്‍ മതി. ആകെ 112 ജിബി ഡാറ്റ ലഭിക്കുന്ന ഈ പ്ലാനിന് 28 ദിവസമാണ് വാലിഡിറ്റി. 

അഞ്ച് ജിബി ദിവസേന ലഭിക്കുന്നതിന് 799 രൂപയുടെ പ്ലാനാണ് ജിയോയ്ക്കുള്ളത്. 28 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനില്‍ ആകെ 140 ജിബി ലഭിക്കും.

റിലയന്‍സ് ജിയോ ദീര്‍ഘനാള്‍ ഓഫറുകള്‍

90 ദിവസം മുതല്‍ 360 ദിവസം വരെ വാലിഡിറ്റിയുള്ള ദീര്‍ഘനാള്‍ ഓഫറുകളാണ് ജിയോയ്ക്കുള്ളത്. ഈ പ്ലാനുകളില്‍ പ്രതിദിനം ഉപയോഗ പരിധിയുണ്ടാവില്ല. 

999 രൂപയുടെ പായ്ക്കില്‍ 90 ദിവസത്തേക്ക് 60 ജിബി ഡാറ്റ ലഭിക്കും. 1,999 രൂപയുടെ റീച്ചാര്‍ജില്‍ 125 ജിബി ഡാറ്റ 180 ദിവസത്തേക്ക് ലഭിക്കും. 4,999 രൂപയുടെ പ്ലാനില്‍ 360 ദിവസത്തേക്ക് 350 ജിബി ഡാറ്റയും 9999 രൂപയുടെ പ്ലാനില്‍ ഒരു വര്‍ഷത്തേക്ക് 750 ജിബി ഡാറ്റയും ഉപയോഗിക്കാം.

റിലയന്‍സ് ജിയോ ഫോണ്‍ ഓഫറുകള്‍

ജിയോഫോണ്‍ ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ച ഏറ്റവും പുതിയ ഓഫറാണ് 49 രൂപയുടേത്. സൗജന്യ കോളുകളും, ആകെ ഒരു ജിബി ഡാറ്റയും 28 ദിവസത്തേക്ക് ലഭിക്കും. നിലവില്‍ 153 രൂപയുടെ ഒരു പ്ലാന്‍ ജിയോഫോണ്‍ ഉപയോക്താക്കള്‍ക്ക് വേണ്ടിയുണ്ട്. ഈ പ്ലാനില്‍ ലഭിച്ചിരുന്ന ഡാറ്റ നേരത്തെ പ്രതിദിനം ഒരു ജിബിയായി വര്‍ധിപ്പിച്ചിരുന്നു. അതായത് 153 രൂപയുടെ റീച്ചാര്‍ജില്‍ 28 ദിവസത്തേക്ക് ഉപയോക്താക്കള്‍ക്ക്  ആകെ 28 ജിബി ഡാറ്റ ലഭിക്കും.