റിലയന്‍സ് ജിയോ ഉപയോക്താക്കള്‍ക്ക് പ്രീപെയ്ഡ് പ്ലാന്‍ വാലിഡിറ്റി തീര്‍ന്നാല്‍ 24 മണിക്കൂര്‍ നേരത്തേക്ക് ഗ്രേസ് പിരീയഡ് അനുവദിക്കുന്നു. ഈ സമയത്ത് ഉപയോക്താക്കള്‍ക്ക് ജിയോ നമ്പറുകളിലേക്ക് പരിധിയില്ലാതെ വിളിക്കാനാവും. ലോക്ക്ഡൗണിനെ തുടര്‍ന്ന് റീച്ചാര്‍ജ് ചെയ്യാന്‍ സാധിക്കാതെ വരുന്ന ചില ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ജിയോ ഇങ്ങനെ ഒരു ആനുകൂല്യം ഒരുക്കിയിരിക്കുന്നത്. അതേസമയം ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ നിരവധി റീച്ചാര്‍ജ് ഷോപ്പുകള്‍ തുറന്നിട്ടുണ്ട്.
ഓണ്‍ലി ടെക് വെബ്‌സൈറ്റ് ആണ് ജിയോയുടെ ഗ്രേസ് പ്ലാന്‍ പദ്ധതി പുറത്തുവിട്ടത്. ഗ്രേസ് പ്ലാന്‍ കഴിഞ്ഞാല്‍ ഉപയോക്താവ് റീച്ചാര്‍ജ് ചെയ്യേണ്ടി വരും. ഗ്രേസ് പ്ലാനില്‍ ഫോണ്‍ വിളിക്കാനാവുമെങ്കിലും ജിയോ നമ്പറുകളിലേക്ക് മാത്രമേ വിളിക്കാനാവൂ. നേരത്തെ മൂന്നാം ലോക്ക്ഡൗണില്‍ ചില പ്രദേശങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പ്ലാന്‍ വാലിഡിറ്റി നീട്ടി നല്‍കിയിരുന്നത് തുടരില്ലെന്ന് എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, ജിയോ തുടങ്ങിയവര്‍ പ്രഖ്യാപിച്ചിരുന്നു.
അടുത്തിടെയാണ് ജിയോ 2399 രൂപയുടെ വാര്‍ഷിക പ്ലാന്‍ അവതരിപ്പിച്ചത്. ഈ പ്ലാനില്‍ പ്രതിദിനം രണ്ട് ജിബി ഡാറ്റ ലഭിക്കും. 365 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാനില്‍ ആകെ 730 ജിബി ഡാറ്റ ഉപയോഗിക്കാനാവും. പരിധിയില്ലാതെ ജിയോ കോളുകളും, മറ്റ് നെറ്റ് വര്‍ക്കുകളിലേക്ക് 12000 മിനിട്ടുകളും ലഭിക്കും. ഇത് കൂടാതെ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്കായി 151 രൂപ, 201 രൂപ, 251 രൂപ ആഡ് ഓണ്‍ പ്ലാനുകളും ജിയോയ്ക്കുണ്ട്.
Content Highlights: reliance jio announced grace period after their prepaid pack expires