ന്ത്യയിലെ 5ജി നെറ്റ്‌വര്‍ക്ക് സൗകര്യം വികസിപ്പിക്കുന്നതിനും വിന്യസിക്കുന്നതിനുമായി റിലയന്‍സ് ജിയോയും ക്വാല്‍കോം ടെക്‌നോളജീസും കൈകോര്‍ക്കുന്നു. മൊബൈല്‍ നെറ്റ് വര്‍ക്കുകളെ പിന്തുണയ്ക്കുന്നതിനായി പ്രത്യേകം തയ്യാറാക്കിയ വിര്‍ച്വലൈസ്ഡ് റേഡിയോ ആക്റ്റീവ് നെറ്റ് വര്‍ക്ക് (vRAN) സ്ഥാപിക്കുകയാണ് ഇരുകമ്പനികളുടെയും ലക്ഷ്യം. 

ഇതുവഴി ഉയര്‍ന്ന ഡാറ്റ ഉപയോഗിക്കാനും കുറഞ്ഞ ലേറ്റന്‍സിയില്‍ ആശയവിനിമയം നടത്താനും ഇന്റര്‍നെറ്റ് ബന്ധിത ഉപകരണങ്ങളിലൂടെ മെച്ചപ്പെട്ട  ഡിജിറ്റല്‍ അനുഭവം ഉണ്ടാക്കാനും ഉപയോക്താക്കള്‍ക്ക് സാധിക്കും. 5ജി പിന്തുണയ്ക്കുന്ന സ്്മാര്‍ട്‌ഫോണുകള്‍ മുതല്‍ ലാപ്‌ടോപ്പുകള്‍, വിആര്‍/എആര്‍ ഉല്‍പന്നങ്ങള്‍ എന്നിവയെല്ലാം അതില്‍ ഉള്‍പ്പെടും. 

റിലയന്‍സ് പ്ലാറ്റ്‌ഫോമുകളുടെ വ്യാപ്തി പ്രയോജനപ്പെടുത്തിക്കൊണ്ട് ക്വാല്‍കോമിനൊപ്പം സുരക്ഷിതമായ റാന്‍ സൊലൂഷന്‍സ് വികസിപ്പിക്കാന്‍ ആവുമെന്ന് റിലയന്‍സ് ജിയോ ഇന്‍ഫോ കോം പ്രസിഡന്റ് മാത്യു ഉമ്മന്‍ പറഞ്ഞു. 

അടുത്തിടെ റിലയന്‍സ് ജിയോ 5ജി എന്‍ആര്‍ ഉല്‍പന്നത്തില്‍ സെക്കന്റില്‍ ഒരു ജിബി വേഗത കൈവരിക്കാന്‍  ക്വാല്‍കോം ടെക്‌നോളജീസിന് സാധിച്ചുവെന്ന് കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റും ജനറല്‍ മാനേജറുമായ ദുര്‍ഗ മല്ലാഡി പറഞ്ഞു. ഇത്തരത്തിലുള്ള സഹകരണണങ്ങള്‍ ഓപ്പറേറ്റര്‍മാര്‍ക്കും മറ്റ് വ്യവസായ മേഖലകള്‍ക്കും എളുപ്പത്തില്‍ 5ജി നെറ്റ് വര്‍ക്ക് കവറേജിലേക്ക് മാറാന്‍ സുപ്രധാന പങ്കുവഹിക്കുമെന്നും അവര്‍പറഞ്ഞു. 

വഴക്കമുള്ളതും, വലിപ്പം വര്‍ധിപ്പിക്കാവുന്നതും, പരസ്പര പ്രവര്‍ത്തന ശേഷിയുള്ളതുമായ സെല്ലുലാര്‍ നെറ്റ് വര്‍ക്ക് സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് 5ജി റാന്‍ പ്ലാറ്റ്‌ഫോം ക്വാല്‍കോം രൂപകല്‍പന ചെയ്തിരിക്കുന്നത്.

Content Highlights: Qualcomm Jio join hands for 5G RAN solutions in india