കൊച്ചി: രാജ്യത്ത് നിലവില്‍ ലൈഫ്‌ടൈം പ്രീപെയ്ഡ് പ്ലാനുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഡിസംബര്‍ ഒന്ന് മുതല്‍ ലൈഫ് ടൈം പ്ലാനുകള്‍ ലഭിക്കില്ലെന്ന് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍). ഇതിന്റെ ഭാഗമായി രാജ്യത്താകമാനമുള്ള ലൈഫ് ടൈം പ്രീപെയ്ഡ് ഉപഭോക്താക്കളെയെല്ലാം 'പ്രീമിയം പെര്‍ മിനുട്ട് പ്ലാന്‍ പിവി-107' ലേക്ക് മാറ്റാന്‍ ബിഎസ്എന്‍എല്‍ തീരുമാനിച്ചിട്ടുണ്ട്. 

കുറഞ്ഞ താരിഫില്‍ നല്‍കിയിരുന്ന പ്രീപെയ്ഡ് പ്ലാനുകളാണ് ലൈഫ് ടൈം പ്രീപെയ്ഡ് പ്ലാനുകള്‍. ഇത് പിന്നീട് ബിഎസ്എന്‍എല്‍ പിന്‍വലിച്ചു. എങ്കിലും നിലവിലുള്ള ലൈഫ്‌ടൈം ഉപഭോക്താക്കളെല്ലാം ആ പ്ലാനുകളില്‍ തുടര്‍ന്നിരുന്നു. ഈ ഉപഭോക്താക്കളെയാണ് ഡിസംബര്‍ ഒന്ന് മുതല്‍ പ്രീമിയം പെര്‍ മിനുട്ട് പ്ലാനിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്. 

ഇത് സംബന്ധിച്ച് എല്ലാ ലൈഫ് ടൈം ഉപഭോക്താക്കള്‍ക്കും രണ്ട് എസ്എംഎസ് വീതം അയക്കാന്‍ എല്ലാ സര്‍ക്കിളുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. 

100 ദിവസം വാലിഡിറ്റിയുള്ള റീച്ചാര്‍ജ് പ്ലാന്‍ ആണ് 107 രൂപയുടെ പ്രീമിയം പെര്‍ മിനുട്ട് പ്ലാന്‍. സാധാരണഗതിയില്‍ ഇതില്‍ 100 മിനിറ്റ് ഓണ്‍ നെറ്റ് കോളുകളും, 100 മിനിറ്റ് ഓഫ് നെറ്റ് കോളുകളും ലഭിക്കും. മൂന്ന് ജിബി ഡാറ്റ എന്നിവ ലഭിക്കുന്നുണ്ട്. എന്നാല്‍ ലൈഫ് ടൈം പ്ലാനില്‍ നിന്നും 107 രൂപയുടെ പ്ലാന്‍ വൗച്ചറിലേക്ക് മാറ്റുന്നവര്‍ക്ക് ഈ സൗജന്യങ്ങള്‍ ഉണ്ടാവില്ല. 

Content Highlights: BSNL prepaid plan, Life Time Prepaid Plan, Mobile Tariff